കാല്‍നടയാത്ര ഭാഗ്യപരീക്ഷണം; അപകടാവസ്ഥയിലും പുനര്‍നിര്‍മിക്കാതെ കരിയാംപാട്ട് പാലം

അപകടാവസ്ഥയിലായ കുമ്പിടി കുറ്റിപ്പുറം റോഡിലെ കരിയാംപാട്ട് പാലം പുനര്‍ നിര്‍മിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം. അന്‍പതിലേറെ വര്‍ഷത്തെ പഴക്കമുള്ള പാലത്തിന്‍റെ കോണ്‍ക്രീറ്റ് പലയിടത്തും ഇളകിമാറിയിട്ടുണ്ട്. പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിക്കുന്ന പാലത്തിലൂടെയുള്ള കാല്‍നടയാത്ര ഭാഗ്യപരീക്ഷണമാണ്. 

കരിയാംപാട്ട് പാലത്തിന്‍റെ കൈവരികളെല്ലാം വാഹനമിടിച്ച് തകർന്നു. പല ഭാഗങ്ങളിലും കോൺക്രീറ്റുകൾ അടർന്നു മാറി. ഓരോ ദിവസവും അപകടാവസ്ഥയേറുന്ന സ്ഥിതി. വീതി കുറഞ്ഞ പാലത്തിലൂടെ രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകുമ്പോഴുള്ള കാൽനട യാത്രയും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അടുത്തിടെ ടോറസ് വാഹനത്തിനായി സൈഡ് കൊടുക്കുന്നതിനിടെ ലോറി കൈവരിയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഡ്രൈവർ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇടവേളകളിലുണ്ടാവുന്ന അപകടം പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത സ്ഥിതിയാണ്. കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം പാലം അടിയന്തരമായി പുനര്‍ നിര്‍മിക്കണമെന്നും ആവശ്യം. ഓരോ അപകടങ്ങൾക്ക് ശേഷവും പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവും. പിന്നീട് ഗൗരവമായി പരിഗണിക്കാത്ത സാഹചര്യമെന്നാണ് ജനപ്രതിനിധികളും പറയുന്നത്.