ജനന റജിസ്ട്രേഷന് റിപ്പോർട്ട് തയാറാക്കാൻ കൈക്കൂലി; വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

കോട്ടയത്ത് ജനന റജിസ്ട്രേഷനായി  റിപ്പോർട്ട് തയാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ വിജിലൻസ് പിടി കൂടി. കടുത്തുരുത്തി വില്ലേജ് ഓഫീസർ ജോർജ്ജ് ജോണാണ് വിജിലൻസ് പിടിയിലായത്. വില്ലേജ് ഓഫീസിലെ കറണ്ട് ബില്ല് അടയ്ക്കാൻ എന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥൻ പണം വാങ്ങിയത് 

കുറവിലങ്ങാട് സ്വദേശിയായ യുവാവ് പഞ്ചായത്തിൽ ജനനം റജിസ്റ്റർ ചെയ്യുന്നതിന് പാലാ ആര്‍.ഡി.ഒ ഓഫീസിൽ  അപേക്ഷ നൽകിയിരുന്നു. ഇതിൽ പരിശോധന നടത്തി അന്വേഷണ റിപ്പോർട്ട് ആര്‍.ഡി.ഒ  ഓഫീസിൽ സമർപ്പിക്കുന്നതിന് 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ജോർജ് ജോൺ പിടിയിലായത്. വ്യാഴാഴ്ച  ഒരു മണിയോടെ പരാതിക്കാരൻ വില്ലേജ് ഓഫീസറുടെ മുറിയിൽ വച്ചാണ് പണം നൽകിയത്. വില്ലേജ് ഓഫീസിലെ കറണ്ട് ചാർജ്ജ് അടക്കാനെന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ വില്ലേജ് ഓഫീസർ  ആവശ്യപ്പെട്ടത്.പണം നൽകിയാൽ  ഉടനെ റിപ്പോർട്ട് ആര്‍.ഡി.ഒക്ക്അയക്കാം എന്നാണ് ഇയാൾ പരാതിക്കാരനോട് പറഞ്ഞത്.

തുടർന്നാണ്  കഴിഞ്ഞ ദിവസം കുറവിലങ്ങാട് സ്വദേശി കോട്ടയം  വിജിലൻസ് ഓഫീസിൽ എത്തി പരാതി നൽകിയത്. ഡി.വൈ.എസ്.പി രവികുമാറിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.