ജനകീയാസൂത്രണത്തിന്‍റെ പൊന്‍തൂവല്‍; അഭിമാനമായി തട്ടാവേലി പാലം

ജനകീയാസൂത്രണ പദ്ധതി 25 വർഷം പിന്നിടുമ്പോൾ അഭിമാനസ്തംഭമാവുകയാണ് വൈക്കത്തെ തട്ടാവേലിപ്പാലം.  പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി നിർമിച്ച പാലമാണിത്. പൊതുമരാമത്ത് വകുപ്പ് ആറരകോടി രൂപ നിർമാണ ചെലവ് പറഞ്ഞ പാലം ഒരു കോടി ഏഴ് ലക്ഷം രൂപക്കാണ് ജനകീയാസൂത്രണത്തിലൂടെ പൂർത്തീകരിച്ചത്.  

മൂവാറ്റുപുഴയാറിന് കുറുകെ മറവൻതുരുത്ത് പഞ്ചായത്തിനേയും വെള്ളൂരിനെയും ബന്ധിപ്പിക്കുന്നതാണ് തട്ടാവേലിപ്പാലം. 142 മീറ്റർ നീളത്തിൽ എട്ടേകാൽ മീറ്റർ വീതിയിൽ നാടിന് അഭിമാനമായി നിൽക്കുന്ന ഈ പാലത്തിൻ്റെ നിർമ്മാണം 98ലാണ് ആരംഭിച്ചത്.  സി.പി.എം നേതാവ്  ടി. ഐ ചെല്ലപ്പൻ കൺവീനറായും കോൺഗ്രസ് നേതാവ് PA മജീദ് ചെയർമാനുമായ 17 അംഗ ജനകീയ കമ്മറ്റിയാണ്  പാലം നിർമ്മിച്ചത്. പുറം ലോകത്തെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്ന കരിപ്പാടം മേഖലയിലെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു പാലം.

തദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഫണ്ടിന് പുറമെ ജനങ്ങളുടെ സഹായവും കൂട്ടിച്ചേർത്ത് 2000 ൽ പാലം യാഥാർഥ്യമായി. എറണാകുളത്തെ സേഫ് ഫൗണ്ടേഷൻ്റെ സാങ്കേതിക സഹായവും നാട്ടുകാർക്ക് ലഭിച്ചു. പാലം മാസങ്ങൾക്കകം നിലംപൊത്തുമെന്ന് പരിഹസിച്ച ഉദ്യോഗസ്ഥർക്ക് മുന്നിലാണ് തട്ടാവേലിപ്പാലം  ജനകീയാസൂത്രണ പദ്ധതിക്ക് അഭിമാനമായി വൈക്കത്ത്  തല ഉയർത്തി നിൽക്കുന്നത്.