ഉന്നത പഠനത്തിനായി കൈ കോർത്ത് ശ്രീരാമകൃഷ്ണ ആശ്രമവും പ്രതീക്ഷാ ട്രസ്റ്റും; മാതൃക

ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമവും ബെംഗളുരുവിലെ പ്രതീക്ഷാ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി ഉന്നതവിദ്യാഭ്യാസത്തിനുളള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. മെഡിക്കല്‍,എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് പഠനത്തിന് ധനസഹായം നല്‍കിയത്.

ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമവും ബെംഗളുരുവിലെ പ്രതീക്ഷാ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി പാലപ്പുറത്താണ് ചടങ്ങ് സംഘടിപ്പിച്ചത്. ഒരു ദശാബ്ദത്തിലധികമായി തുടരുന്നതാണ് ഉന്നതവിദ്യാഭ്യാസത്തിനുളള സ്കോളര്‍ഷിപ്പ് പദ്ധതി. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷത്തേക്ക് ഒരോവര്‍ഷവും അന്‍പത്തിനാലായിരം രൂപ വീതവും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രതിവര്‍ഷം അറുപതിനായിരം രൂപ വീതവുമാണ് നല്‍കുന്നത്. ചടങ്ങ് കവി വി.മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 

കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവു കൂടിയായ കവിെയ ചടങ്ങില്‍ ആദരിച്ചു. ഹൈക്കോടതി ജസ്റ്റിസ് എന്‍.നഗരേഷ് , ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി കൈവല്യാനന്ദ എന്നിവര്‍ പങ്കെടുത്തു.