ആസിഡ് ലോറിയിൽ ചോർച്ച; വൻദുരന്തം ഒഴിവായി

തൃശൂര്‍ അശ്വിനി ജംഗ്ഷനില്‍ ആസിഡ് ലോറിയില്‍ ചോര്‍ച്ച. ഫയര്‍ഫോഴ്സ് എത്തി ലോറി വിജനമായ പറമ്പിലേക്ക് ഉടന്‍ മാറ്റി. ആസിഡ് കൂടുതല്‍ ചോര്‍ന്ന് ഒഴുകും മുമ്പേ വെള്ളമൊഴിച്ചതിനാല്‍ അപകടം ഒഴിവായി. 

കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ലോറിയുടെ വാല്‍വിലായിരുന്നു തകരാര്‍. തൃശൂര്‍ നഗരത്തിലെ അശ്വനി ആശുപത്രി ജംഗ്ഷനില്‍ ആസിഡ് ചോര്‍ന്നു. 

അപായ സൂചന മനസിലാക്കി മറ്റു വാഹനങ്ങള്‍ അകലം പാലിച്ചു. ആസിഡ് ലോറിയിലെ ജീവനക്കാരും അപായ സൂചന നല്‍കി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് പാഞ്ഞെത്തി. ആസിഡ് ചോര്‍ന്നൊഴുകുന്ന ഭാഗത്തേയ്ക്കു ശക്തിയായി വെള്ളം പമ്പ് ചെയ്തു. ഏതുതരത്തിലുള്ള ആസിഡാണെന്ന് ആദ്യം വ്യക്തമായില്ല. പരിസരത്ത് നിന്ന് ആളുകളോട് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദഗ്ധര്‍ സ്ഥലത്ത് എത്തിയതോടെ അപകടമില്ലെന്ന് വ്യക്തമായി. 

ചോര്‍ച്ചയുള്ള ഭാഗത്ത് വെള്ളം പമ്പ് ചെയ്തുകൊണ്ടുതന്നെ ലോറി വിജനമായ പാടത്തേയ്ക്കു കൊണ്ടുപോയി. മറ്റൊരു ലോറിയിലേക്ക് ആസിഡ് മാറ്റുക മാത്രമാണ് പോംവഴി. വാല്‍വിലുണ്ടായ തകരാര്‍ പരിഹരിച്ചു. ആസിഡ് ചോര്‍ന്ന സ്ഥലത്ത് പെട്രോള്‍ പമ്പ് ഉണ്ടായിരുന്നതും ആശങ്ക സൃഷ്ടിച്ചിരുന്നു.