വൈറ്റിലയിലെ കുരുക്കഴിക്കാന്‍ പുതിയ നടപടികള്‍ക്കൊരുങ്ങി ജില്ലാ ഭരണകൂടം

മേല്‍പ്പാലം നിര്‍മാണം തുടങ്ങിയതോടെ ഗതാഗതകുരുക്കിലായ വൈറ്റിലയിലെ കുരുക്കഴിക്കാന്‍ പുതിയ നടപടികള്‍ക്കൊരുങ്ങി ജില്ലാ ഭരണകൂടം. വൈറ്റിലയ്ക്ക് ചുറ്റുമുളള റോഡുകളുടെ വീതികൂട്ടിയും അറ്റകുറ്റപ്പണി നടത്തിയും തല്‍ക്കാലത്തേക്ക് പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ജില്ലാ കലക്ടറും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനങ്ങള്‍.

ഫ്ളൈ ഓവര്‍ നിര്‍മാണം തുടങ്ങിയതിനു പിന്നാലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗത തിരക്കാണ് വൈറ്റില ജങ്ഷനില്‍ നാട്ടുകാര്‍ നേരിടുന്നത്. ഗതാഗതക്കുരുക്കിനെ പറ്റിയുളള പരാതികള്‍ വ്യാപകമായതോടെയാണ് പ്രശ്നപരിഹാരത്തിന് പുതിയ നടപടികളുമായി ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പുമെത്തിയത്. വൈറ്റിലയില്‍ ആലപ്പുഴ ഭാഗത്തുനിന്ന് എസ്എ  റോഡിലേക്ക് തിരിയാനുളള  സര്‍വീസ് റോഡ് ഉയര്‍ത്തി ടൈല്‍ പതിക്കും. ഈ സര്‍വീസ് റോഡും നിലവിലുള്ള മെയിന്‍ റോഡും ഒരേ ഉയരമാവുന്നതോടെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാനാവുമെന്നാണ് വിലയിരുത്തല്‍. വൈറ്റില അണ്ടര്‍പാസ് വഴി  ഹബിലേക്ക് പോകുന്നിടത്തെ സര്‍വീസ് റോഡ് വീതികൂട്ടും. കുണ്ടന്നൂരിലെ സര്‍വീസ് റോഡുകളിലും ടൈല്‍പതിച്ച് യാത്ര സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.വൈറ്റിലയിലെയും,കുണ്ടന്നൂര്‍ ജങ്ഷനിലെയും റോഡിലെ കുഴിയടയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജി.കമലവര്‍ധന റാവുവും, എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുളളയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.