കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തില്‍ കോട്ടയം ആര്‍ക്കൊപ്പം?; മനോരമന്യൂസ് സർവേ ഫലം

francis-george-12
SHARE

മുന്നണിമാറ്റം കേരള കോണ്‍ഗ്രസ് എമ്മിന്റെ ലോക്സഭാസീറ്റ് നഷ്ടപ്പെടുത്തുമെന്ന് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. യുഡിഎഫിന് വോട്ട് കുറയും, എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും വോട്ട് കൂടും. പക്ഷേ കോട്ടയം യുഡിഎഫിനൊപ്പം തുടരുമെന്നാണ് പ്രവചനം. യുഡിഎഫ് വോട്ട് 46.25 ശതമാനത്തില്‍ നിന്ന് 41.26 ശതമാനമായി കുറയും. 2019ല്‍ 34.58 ശതമാനമായിരുന്ന എല്‍ഡിഎഫ് വിഹിതം 35.82 ആയി ഉയരും. എന്‍ഡിഎ വോട്ട് 17.04 ശതമാനത്തില്‍ നിന്ന് 19.1 ശതമാനമായും വര്‍ധിക്കും.

kottayam-vote-01

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക ലോക്സഭാസീറ്റായ കോട്ടയത്ത് കഴിഞ്ഞതവണ യുഡിഎഫ് ടിക്കറ്റില്‍ വിജയിച്ച തോമസ് ചാഴികാടനാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിലെ കേരള കോണ്‍ഗ്രസ്, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജിനെയും കളത്തിലിറക്കി. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയതോടെ കോട്ടയം ഹൈ പ്രൊഫൈല്‍ മണ്ഡലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ.മാണിക്കും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിനും ഈ പോരാട്ടം അഭിമാനപ്രശ്നമാണ്.

എറണാകുളം ജില്ലയിലെ പിറവം, കോട്ടയം ജില്ലയിലെ കടുത്തുരുത്തി, വൈക്കം, കോട്ടയം, ഏറ്റുമാനൂര്‍, പാലാ, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കോട്ടയം ലോക്സഭാ സീറ്റ്. ഇതില്‍ മിക്കതും യുഡിഎഫ് മണ്ഡലങ്ങളാണ്.  നാലുവട്ടം നിയമസഭയിലേക്ക് ജയിച്ചശേഷമാണ് തോമസ് ചാഴികാടന്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് എംപിയായത്. ഇപ്പോഴത്തെ മന്ത്രി വി.എന്‍.വാസവനായിരുന്നു 2019ല്‍ എതിരാളി. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിന് വാസവനെ തോല്‍പ്പിച്ച് ചാഴികാടന്‍ ലോക്സഭയില്‍ അരങ്ങേറ്റം കുറിച്ചു. ചാഴികാടന്റെ പാര്‍ട്ടി പിന്നീട് വാസവന്റെ മുന്നണിയില്‍ ചേര്‍ന്നു എന്നത് മറ്റൊരു കൗതുകം. 2019ല്‍ ഒന്നരലക്ഷം വോട്ട് നേടിയ പി.സി.തോമസ് എന്‍ഡിഎയില്‍ നിന്ന് യുഡിഎഫിലേക്ക് ചേക്കേറി കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

UDF to retain Kottayam Loksabha constituency in 2024 election, says Manorama News-VMR Pre-poll Survey.

MORE IN BREAKING NEWS
SHOW MORE