ആലപ്പുഴ യുഡിഎഫ് തിരിച്ചുപിടിക്കും; മനോരമന്യൂസ് സര്‍വേ ഫലം

kc-venugopal-alp
SHARE

പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെങ്കില്‍ ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെ ജയസാധ്യത അട്ടിമറിക്കുന്ന തരത്തിലേക്ക് ആലപ്പുഴയിലും ബിജെപിയുടെ പ്രകടനം മാറുമെന്ന് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ 1.69 ശതമാനവും യുഡിഎഫിന് രണ്ടര ശതമാനവും വോട്ട് വര്‍ധിക്കുമെന്നാണ് പ്രവചനം. ഇത്രതന്നെയോ അതിലേറെയോ വോട്ട് (3.23 ശതമാനം) എല്‍ഡിഎഫിന് നഷ്ടപ്പെടും. യുഡിഎഫിന്റെ ആകെ വോട്ട് 42.18 ശതമാനമായി ഉയരുമെന്നാണ് അനുമാനം. എല്‍ഡിഎഫിന്റേത് 37.68 ശതമാനമായി കുറയും. 18.91 ശതമാനമാണ് ബിജെപിക്ക് കണക്കാക്കുന്ന വോട്ട് വിഹിതം.

alappuzha-vote-11

കെ.സി.വേണുഗോപാലിന്റെയും ശോഭ സുരേന്ദ്രന്റെയും സ്ഥാനാര്‍ഥിത്വമാണ് ഇടതുമുന്നണിയുടെ ഏക സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ ചിത്രം മാറ്റിയത്. യുഡിഎഫിന് നഷ്ടമായ വോട്ടുകളില്‍ പലതും കെ.സി.വേണുഗോപാലിന്റെ വരവോടെ തിരിച്ചെത്തിയേക്കും. ശക്തരായ എതിരാളികളെ നേരിടാന്‍ സിറ്റിങ് എംപി എ.എം.ആരിഫും എല്‍ഡിഎഫും പ്രചാരണത്തിന്റെ ഗിയര്‍ മാറ്റിക്കഴിഞ്ഞു. അരൂരിൽ നിന്ന് തുടർച്ചയായി നിയമസഭയിലെത്തിയതിൻ്റെ ഗ്ലാമറുമായി 2019ല്‍ ലോക്സഭാ പോരാട്ടത്തിനിറങ്ങിയ എ.എം.ആരിഫിനെ ആലപ്പുഴ 10,474 വോട്ടിന് വിജയിപ്പിച്ചു. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനും ബിജെപിയിലെ ഡോ.കെ.എസ്.രാധാകൃഷ്ണനുമായിരുന്നു അന്നത്തെ എതിരാളികൾ.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

Manorama News-VMR Pre-poll Survey predicts UDF victory in Alappuzha

MORE IN Pre-poll Survey 2024
SHOW MORE