തിരുവനന്തപുരത്ത് ബിജെപിയുടെ ജയസാധ്യത എന്ത് ? മനോരമന്യൂസ്–വി.എം.ആര്‍ സര്‍വേ ഫലം

tharoor-tvm-11
SHARE
thiruvanthapuram-vote-01

തിരുവനന്തപുരത്ത് ശശി തരൂരിനെ വീഴ്ത്താന്‍ ബിജെപിക്കും എല്‍ഡിഎഫിനും തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കേണ്ടിവരും. തരൂര്‍ മികച്ച മാര്‍ജിനില്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് മനോരമന്യൂസ്–വി.എം.ആര്‍ പ്രീ–പോള്‍ സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് വോട്ട് കൂടും. ബിജെപി വോട്ടില്‍ 1.38 ശതമാനം ഇടിവുണ്ടാകുമെന്നാണ് സര്‍വേ ഫലം. കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തെത്തിയ ബിജെപിക്ക് റണ്ണറപ്പായി തുടരാന്‍ പൊരിഞ്ഞ പോരാട്ടം നടത്തേണ്ടിവരും. എന്‍ഡിഎയ്ക്കുവേണ്ടി രാജീവ് ചന്ദ്രശേഖറും എല്‍ഡിഎഫിനുവേണ്ടി മുന്‍ എംപി പന്ന്യന്‍ രവീന്ദ്രനുമാണ് കളത്തില്‍.

എല്‍ഡിഎഫ് വോട്ടില്‍ 2.81 ശതമാനം വര്‍ധന പ്രതീക്ഷിക്കുമ്പോള്‍ യുഡിഎഫ് വോട്ട് 1.07 ശതമാനം കുറയുമെന്നാണ് പ്രവചനം. വോട്ട് വിഹിതമെടുത്താല്‍ 40.07 പേര്‍ യുഡ‍ിഎഫിനൊപ്പമാണ്. എന്‍ഡിഎയ്ക്ക് 29.88 ശതമാനം. എല്‍ഡിഎഫിന് 28.37 ശതമാനം. എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 1.51 ശതമാനം. പ്രീപോള്‍ സര്‍വേയുടെ ഡിസംബറില്‍ നടന്ന ഒന്നാംഘട്ടത്തില്‍ ഇത് 0.86 ശതമാനമായിരുന്നു. എല്‍ഡിഎഫ് പ്രചാരണത്തിലെ പാളിച്ചകള്‍ കൂടി തുറന്നുകാട്ടുന്നതാണ് സര്‍വേ ഫലം.

കോണ്‍ഗ്രസും സിപിഐയും തമ്മില്‍ കാലങ്ങളായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്ന തിരുവനന്തപുരം മണ്ഡലം 2009 മുതല്‍ ശശി തരൂരിന്റെ കോട്ടയാണ്. കന്നിയങ്കത്തില്‍ 99,998 വോട്ടിന് ജയിച്ച തരൂര്‍ 2014ലെ കടുത്ത ത്രികോണമല്‍സരത്തില്‍ വിറച്ചെങ്കിലും 15,470 വോട്ടിന് മണ്ഡലം നിലനിര്‍ത്തി. 2019ല്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തിന് തിരുവനന്തപുരത്തുകാര്‍ തരൂരിനെ ലോക്സഭയിലേക്കയച്ചു. 99,989 വോട്ടിന് ബിജെപിയിലെ കുമ്മനം രാജശേഖരനെയാണ് തരൂര്‍ തോല്‍പിച്ചത്. സിപിഐയിലെ സി.ദിവാകരന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 മുതല്‍ തിരുവനന്തപുരത്ത് ബിജെപിയാണ് രണ്ടാംസ്ഥാനത്ത്.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’.

Shashi Tharoor to retain Thiruvananthapuram, says Manorama News-VMR Pre-Poll Survey. LDF's vote share to go up. BJP struggles in it's stronghold.

MORE IN BREAKING NEWS
SHOW MORE