അനില്‍ ആന്റണിയുടെ സാന്നിധ്യം യുഡിഎഫിനെ തുണയ്ക്കും; സര്‍വേ ഫലം ഇങ്ങനെ

anto-antony-pta-11
SHARE

പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയാകുന്നത് എല്‍ഡിഎഫിനെന്ന് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. എല്‍ഡിഎഫ് വോട്ടില്‍ 4.77ശതമാനത്തിന്റെ കുറവാണ് സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫ് വോട്ടില്‍ ഇടിവില്ല. 0.6 % കൂടും. ബിജെപിക്ക് നേരിയതോതില്‍ വോട്ട് കുറയും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എം.തോമസ് ഐസക് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അദ്ഭുതപ്പെടാനില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. വോട്ട് വിഹിതം ഇങ്ങനെ. യുഡിഎഫ് – 37.6 ശതമാനം, എന്‍ഡിഎ – 28 ശതമാനം, എല്‍ഡിഎഫ് – 28 ശതമാനം. മറ്റുകക്ഷികളും സ്വതന്ത്രരും നേടുന്ന വോട്ട് അഞ്ചുശതമാനത്തിലധികം വരും.

pathanamthitta-vote-11

2019ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 37.11 ശതമാനവും എല്‍ഡിഎഫിന് 32.8 ശതമാനവും എന്‍ഡിഎയ്ക്ക് 28.97 ശതമാനവും വോട്ടാണ് ലഭിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പോരാട്ടത്തിനിറങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 2.98 ലക്ഷം വോട്ട് പിടിക്കുകയും ചെയ്തു. എന്നാല്‍ 2021 നിയമസഭാതിരഞ്ഞെടുപ്പില്‍ കോന്നിയിലൊഴികെ എവിടെയും ഇത് പ്രതിഫലിച്ചില്ല. കെ.സുരേന്ദ്രന് ലോക്സഭാതിരഞ്ഞെടുപ്പില്‍ നേടിയ വോട്ട് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും പോരാട്ടത്തില്‍ രണ്ടാമതെത്തുകയും ചെയ്താല്‍ അനില്‍ ആന്റണിക്ക് നേട്ടമാകും.

രൂപീകരിച്ചതുമുതൽ 'കൈ' വിടാത്ത മണ്ഡലമാണ് പത്തനംതിട്ട. ലോക്സഭയിൽ ഹാട്രിക് തികച്ചെങ്കിലും സിറ്റിങ് എംപി ആന്റോ ആന്റണിക്ക് പത്തനംതിട്ടയിൽ ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറയുന്നതാണ് ചരിത്രം. 2019ൽ ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായിരുന്നു എതിരാളികൾ. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആന്റോ ജയിച്ചുകയറി. 2009ൽ 1,11,206 വോട്ടിന് സിപിഎമ്മിലെ കെ.അനന്തഗോപനെ വീഴ്ത്തി ലോക്സഭയിൽ അരങ്ങേറ്റം കുറിച്ച ആന്റോ രണ്ടാമൂഴത്തിൽ എൽഡിഎഫ് സ്വതന്ത്രൻ പീലിപ്പോസ് തോമസിനെ തോല്‍പ്പിച്ചത് 56,191 വോട്ടിന്.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

Anil Antony's presence to hurt LDF in Pathanamthitta Loksabha, says Manorama News-VMR Pre-poll Survey.

MORE IN BREAKING NEWS
SHOW MORE