കാസര്‍കോട് യുഡിഎഫിന് സേഫ്; മനോരമന്യൂസ്–വിഎംആര്‍ സര്‍വേ ഫലം

kasargod-rajmohan-1
SHARE

2019ല്‍ നഷ്ടപ്പെട്ട കാസര്‍കോട് ലോക്സഭാമണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് ഇക്കുറിയും പാടുപെടുമെന്ന് മനോരമന്യൂസ്–വി.എം.ആര്‍ പ്രീ–പോള്‍ സര്‍വേ. എല്‍ഡിഎഫ് വോട്ട് ഗണ്യമായി കുറയുകയും അതേനിരക്കില്‍ എന്‍ഡിഎയ്ക്ക് വോട്ട് കൂടുകയും ചെയ്യുന്ന സാഹചര്യമാണ് കാസര്‍കോട്. യുഡിഎഫ് വോട്ടില്‍ കാര്യമായ ചാഞ്ചാട്ടവുമില്ല. ഈ നിലയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 10 ശതമാനത്തിലധികം വോട്ടിന്റെ വ്യത്യാസത്തില്‍ എല്‍ഡിഎഫിലെ എം.വി.ബാലകൃഷ്ണനെ മറികടക്കുമെന്നാണ് പ്രവചനം.

kasargod-vote-01

ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 43.09 ശതമാനം വോട്ട് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 2019ല്‍ 43.17 ശതമാനം വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. 2019ല്‍ 39.5 ശതമാനം വോട്ട് നേടിയ എല്‍ഡിഎഫിന്റെ വിഹിതം ഇത്തവണ 33.03 ശതമാനമായി കുറയും. എന്‍ഡിഎയ്ക്ക് ഇക്കുറി 22.2 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. 2019ല്‍ അവര്‍ക്ക് ലഭിച്ചത് 16.13 ശതമാനം വോട്ടായിരുന്നു. പ്രീ–പോള്‍ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 6.2 ശതമാനം വോട്ട് കൂടുമ്പോള്‍ എല്‍ഡിഎഫിന് 6.47 ശതമാനം വോട്ട് കുറയും. സിപിഎമ്മിന് നഷ്ടപ്പെടുന്ന വോട്ടുകള്‍ നേരെ ബിജെപിയിലേക്ക് പോകുന്നുവെന്ന് ചുരുക്കം.

ദീര്‍ഘകാലം സിപിഎമ്മിന്റെ കയ്യിലായിരുന്ന കാസര്‍കോട് ലോക്സഭാ സീറ്റ് 2019ലാണ് രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് പിടിച്ചത്. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉണ്ണിത്താന്‍ സിപിഎമ്മിലെ കെ.പി.സതീശ് ചന്ദ്രനെ തോല്‍പ്പിച്ചു. ബിജെപിയിലെ രവീശ തന്ത്രി കുന്താര്‍ മൂന്നാംസ്ഥാനത്തെത്തി. രാജ്മോഹന്‍ 4,74,961, സതീശ് ചന്ദ്രന്‍ 4,34,523, രവീശതന്ത്രി 1,76,049 എന്നിങ്ങനെയായിരുന്നു വോട്ട് നില.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’.

UDF to retain Kasaragod Loksabha constituency, says Manorama News-VMR Pre-Poll Survey

MORE IN BREAKING NEWS
SHOW MORE