ആറ്റിങ്ങല്‍ എളുപ്പമല്ല; അടൂര്‍ പ്രകാശ് വിയര്‍ക്കും; മനോരമന്യൂസ് സര്‍വേ ഫലം

attingal-10
SHARE

ആറ്റിങ്ങലില്‍ പൊടിപാറുന്ന പോരാട്ടം. കേന്ദ്രമന്ത്രി വി.മുരളീധരന്റെ സാന്നിധ്യം മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമാക്കിയെന്ന് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. യുഡിഎഫ്, എല്‍ഡിഎഫ് വോട്ടുകളിലെ നേരിയ കുറവും എന്‍ഡിഎയ്ക്ക് വോട്ട് കൂടുന്നതുമാണ് ഫലപ്രവചനം ബുദ്ധിമുട്ടേറിയതാക്കുന്നത്. പ്രീ–പോള്‍ സര്‍വേയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം. 35 ശതമാനം പേര്‍ വീതം യുഡിഎഫിനെയും എല്‍ഡിഎഫിനെയും പിന്തുണയ്ക്കുന്നു. എന്‍ഡിഎയ്ക്ക് 28 ശതമാനം പേര്‍ പിന്തുണ രേഖപ്പെടുത്തി.

attingal-vote-01

ബിജെപിക്ക് 3.34 ശതമാനം വോട്ട് വര്‍ധിക്കുമെന്നാണ് പ്രീ–പോള്‍ സര്‍വേയിലെ അനുമാനം. ബിജെപിക്ക് 2019ല്‍ ലഭിച്ചത് 2,48,081 വോട്ട്. പോള്‍ ചെയ്ത വോട്ടിന്റെ 24.69 ശതമാനം. ഇക്കുറി വോട്ട് വര്‍ധിച്ചാലും വിജയത്തോളമോ രണ്ടാംസ്ഥാനത്തോ എത്താന്‍ ബിജെപി ഇതുവരെ പയറ്റിയതിലും മികച്ച തന്ത്രങ്ങള്‍ പുറത്തിറക്കേണ്ടിവരും. മല്‍സരിക്കുന്നത് ജില്ലാസെക്രട്ടറി ആയതുകൊണ്ടും 2019ലെ തോല്‍വിയുടെ ആഘാതം കനത്തതായിരുന്നതുകൊണ്ടും ആറ്റിങ്ങലില്‍ സിപിഎം രണ്ടുംകല്‍പ്പിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. സിറ്റിങ് എംപി അടൂര്‍ പ്രകാശും ടോപ് ഗിയറിലാണ്. ഇതിനൊപ്പം നില്‍ക്കാന്‍ കേന്ദ്രമന്ത്രിമാരെയും ദേശീയനേതാക്കളെയും ഇറക്കിയാണ് ബിജെപി കളംകൊഴുപ്പിക്കുന്നത്.

മറ്റുകക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ടിലെ കുറവാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. 2019ല്‍ 3.42 ശതമാനമായിരുന്ന മറ്റുള്ളവരുടെ വോട്ട് 1.6 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ഈ വോട്ടുകള്‍ എങ്ങോട്ടുപോകും എന്നത് അന്തിമഫലത്തില്‍ നിര്‍ണായകമാകും. മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

അഞ്ചുതവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയും ആയി മികവ് തെളിയിച്ചശേഷമാണ് അടൂര്‍ പ്രകാശ് 2019ല്‍ എംപിയായത്. നിയമസഭയിലെ മികവ് ലോക്സഭയില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന ചോദ്യത്തിന് ആറ്റിങ്ങലിലെ വോട്ടര്‍മാര്‍ നല്‍കുന്ന മറുപടിയാകും അടുത്ത തിരഞ്ഞെടുപ്പിലെ ഫലം. കഴി​ഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍ എംപി എ.സമ്പത്തായിരുന്നു അടൂര്‍ പ്രകാശിന്റെ എതിരാളി. ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായെത്തിയതോടെ കനത്ത ത്രികോണ മല്‍സരമായി. അവിടെ 38,247 വോട്ടിന് അടൂര്‍ പ്രകാശ് ജയിച്ചുകയറി.

Tight Fight in Attingal Loksabha constituency, says Manorama News-VMR Pre-poll Survey.

MORE IN BREAKING NEWS
SHOW MORE