‘എവിടെ നിന്നോ കിട്ടുന്ന ടെക്നോളജിയല്ല; നേട്ടങ്ങള്‍ക്ക് പിന്നില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍’

s-somanath-2
SHARE

ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നൊരു ക്രാഫ്റ്റ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന വസ്തുത ആളുകളെ ബോധ്യപ്പെടുത്തുന്നത് പ്രയാസകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. മറ്റെവിടെ നിന്നോ കിട്ടുന്ന സാങ്കേതിക വിദ്യ കൊണ്ട് റോക്കറ്റടക്കമുള്ളവ നിര്‍മിക്കുന്നുവെന്നായിരുന്നു ആളുകള്‍ കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ല. ഇവിടെയുള്ള ലബോറട്ടറികളില്‍ നിന്നാണ്, നമ്മുടെ ശാസ്ത്രജ്ഞരില്‍ നിന്നാണ് ഈ കാണുന്ന സാങ്കേതിക വിദ്യകളുണ്ടാകുന്നത്. രാജ്യത്തെ നാന്നൂറോളം വ്യവസായങ്ങള്‍ ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രോണിക്കസ് ഇന്‍ഡസ്ട്രികളുണ്ട്. ഇവരെല്ലാം വലിയ ലാഭത്തിന് വേണ്ടിയല്ല ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. മറിച്ച് അഭിനിവേശം കൊണ്ടാണ്. അവരുടെ ഗുണമേന്‍മ മെച്ചപ്പെടുത്തുകയാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്ന ഇതൊരു പ്രൊഫിറ്റബിള്‍ ബിസിനസ് ആയി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ ഗഗന്‍യാനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റോക്കറ്റിന്‍റെ ഡിസൈന്‍ മുതല്‍ സഹകരിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കേഷന്‍ പ്രോസസ് ആദ്യമായി തുടങ്ങാനായെന്ന ചാരിതാര്‍ഥ്യമുണ്ടെന്നതും വ്യക്തിപരമായ സന്തോഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3 ല്‍ സോഫ്റ്റ് ലാന്‍ഡിങായിരുന്നു ആദ്യ ലക്ഷ്യം, അത് ലാന്‍ഡ് ചെയ്യിക്കാനായി. തിരിച്ചെത്തിക്കാന്‍ കഴിയുമോയെന്നും നോക്കിയിരുന്നു. പക്ഷേ ഉണര്‍ന്നില്ല. എന്നെങ്കിലും ഉണരുമായിരിക്കുമെന്നും ആ പ്രതീക്ഷയ്ക്ക് കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രയാന്‍ തികച്ചും ശാസ്ത്രീയമായ ദൗത്യമാണ്. ഡാറ്റ കലക്ഷനാണ് നിലവില്‍ നടത്തിയത്. അടുത്ത ഘട്ടമാണ് പര്യവേഷണം. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതെന്നും. ജലത്തിന്‍റെ സാന്നിധ്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ തന്നെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രദൗത്യങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വരുന്നത് ഗുണം ചെയ്യുമെന്ന് സോമനാഥ് പ്രതീക്ഷ പ്രകടിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സാറ്റ‌്‌ലൈറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ലഭിക്കുന്നത് പോലെയുള്ള ചിലവല്ല റോക്കറ്റ് നിര്‍മാണത്തില്‍ ഉണ്ടാകുന്നതെന്നും കൂടുതല്‍ നിക്ഷേപകരെത്തുന്നത് കൂടുതല്‍ മികച്ച പ്രവര്‍ത്തനത്തിന് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Manorama news conclave ISRO chairman S Somanath

MORE IN MANORAMA NEWS CONCLAVE 2023
SHOW MORE