കണക്കുകൊണ്ട് കഥയും കവിതയും കടങ്കഥയുമൊരുക്കിയ പള്ളിയറമാഷിന് സപ്തതി നിറവ്

Sreedharan-1
SHARE

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രമുഖ ബാലസാഹിത്യകാരനുമായ പളളിയറ ശ്രീധരന് ഇന്ന് സപ്തതി നിറവ്. കഠിനമായ കണക്കിനെ ലളിതമായി  പരിചയപ്പെടുത്തിയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ,  ഈ ഗണിതാധ്യാപകന്‍ പ്രിയങ്കരനായത്. 

കണക്കുകൊണ്ട് കഥയും കവിതയും കടങ്കഥയുമൊരുക്കി കുട്ടികളുടെയും  ഒപ്പം മുതിര്‍ന്നവരുടേയും മനസില്‍ ഒരുപോലെ ഇടംപിടിച്ച പള്ളിയറമാഷിന് ഇന്ന് എഴുപതാം പിറന്നാള്‍...1949 മെയ് 3ന് കണ്ണൂർ ജില്ലയിലെ എടയന്നൂരില്‍ ആമേരി കോരന്റെയും പള്ളിയറ പാർവതിയമ്മയുടെയും മകനായാണ് ജനനം. അച്ഛന്‍ നടത്തിയിരുന്ന ഹോട്ടലിന്റെ കൗണ്ടറിലിരുന്ന് കണക്കു പറഞ്ഞ് കാശുവാങ്ങിയ കൊച്ചു ശ്രീധരന്‍ ഒന്നാം ക്ളാസില്‍ എത്തുംമുമ്പേ അക്കങ്ങളെ വരുതിയിലാക്കി.  ചെറുപ്പത്തിലെ കണക്കിനോടുണ്ടായ പ്രിയം ഗണിതാധ്യാപകനാക്കി.  പേടിപ്പിക്കുന്ന സൂത്രവാക്യങ്ങളില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാനായി തയാറാക്കിയ കുറിപ്പുകള്‍ ചേര്‍ത്തുവച്ച്  1977 ല്‍ ആദ്യ കൃതി പ്രകൃതിയിലെ ഗണിതം പുറത്തിറക്കി.   

തുടര്‍ന്നിങ്ങോട്ട് 140 രചനകള്‍...ജോലിയില്‍ നിന്ന് സ്വയം വിരമിച്ച ശേഷം മുഴുവന്‍ സമയ എഴുത്തുകാരനായി. കേരള സാഹിത്യ അക്കാദമി അവാർഡ്, ബാലസാഹിത്യ സമഗ്രസംഭാവയ്ക്കുള്ള സംസ്ഥാന സർക്കാര്‍ പുരസ്കാരം തുടങ്ങിയ നിരവധി അവാര്‍ഡുകളും തേടിയെത്തി. ബഹുമതികളുടെ നടുവിലും ഒരു പുസ്തകം പോലും സര്‍ക്കാര്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന പരിഭവമുണ്ട് മാഷിന്. 

സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെ, കണക്കാണു ഭൂഗോളത്തിന്റെ സ്പന്ദനം എന്നു പള്ളിയറയും വിശ്വസിക്കുന്നു. പക്ഷേ ചാക്കോ മാഷ് കണക്കു പഠിപ്പിക്കുന്ന രീതിയോടു യോജിക്കാത്ത പള്ളിയറ മാഷ് ഗണിത പഠനം എളുപ്പമാക്കുന്ന സൂത്ര വിദ്യകള്‍ തേടി യാത്ര തുടരുകയാണ്

MORE IN KERALA
SHOW MORE