പലതരം അക്രമങ്ങള്‍ കണ്ടിട്ടുണ്ട് കൊച്ചിക്കാര്‍. അധോലോക സംഘങ്ങളുടെ കിടുകിടാ വിറപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍ പലതും. പക്ഷേ കോളജ് വിദ്യാര്‍ഥികള്‍ക്കു നേരേ കത്തിവീശുന്ന ക്ലീനറും ബസ് കണ്ടക്ടറും ഡ്രൈവറുമൊക്കെ കൊച്ചിയുടെ ഏത് കറുത്ത കാഴ്ചയ്ക്കും അപരിചിതമായിരുന്നു. ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ കുത്തിപ്പരുക്കേല്‍പിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം അരങ്ങേറിയത് ഇന്ന് വൈകിട്ട് കൊച്ചി നെട്ടൂരിലാണ്. ഏഴ് വിദ്യാര്‍ഥികളാണ് നെഞ്ചിനും കൈക്കുമൊക്കെ പരുക്കേറ്റ് ആശുപത്രിയിലായത്. ക്രിമിനലുകള്‍ ബസ് ജീവനക്കാരായി റോഡ് വാഴുന്ന കാഴ്ചയുടെ പരുക്ക് അപകടങ്ങളുടെ പെരുത്ത കണക്കുകളിലൂടെ നമുക്കറിയാം. ഹൈക്കോടതിക്കു മുന്നില്‍ പൊലീസും അമിക്കസ് ക്യൂറിയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ അതിന് സ്ഥിരീകരണമായുണ്ട്. കാലത്തുമുതല്‍ മദ്യപിച്ച് വളയം പിടിക്കുന്ന ഡ്രൈവന്‍മാരെ പൊലീസ് ഊതിച്ച് പൊക്കിയതിന്റെ കണക്കും കയ്യിലുണ്ട്. അതുകൊണ്ട്, ജീവിക്കാന്‍ പാടുപെടുന്നതിന്റെ ദീനവിലാപങ്ങള്‍ കയ്യില്‍ വച്ചേക്ക്. അധോലോക ഗുണ്ടകള്‍ ബസില്‍ നിന്നിറങ്ങൂ.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. കുറഞ്ഞത് കൊച്ചിയിലെങ്കിലും സ്വകാര്യ ബസ് ജീവനക്കാര്‍ അക്രമികളാണ് എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അവര്‍ കത്തിവീശുന്നത് ഈ സമൂഹത്തിന്റെ സമാധാനത്തിനു നേര്‍ക്കും. അല്ലെന്ന് തെളിയിക്കൂ. പ്രവൃത്തിയിലൂടെ.