യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് രണ്ട് ക്യാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും കേന്ദ്രത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, അവരൊന്നും ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരില്‍ ജസ്റ്റ് പോയിക്കേറിയ സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണന്താനത്തെപ്പറ്റി ശരിക്കറിയാമല്ലോ അല്ലേ?
ഈ സാര്‍ പുതുതായി ഒരു സിദ്ധാന്തം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ധന വില വര്‍ധന ന്യായീകരണ സിദ്ധാന്തം. പെട്രോള്‍ ഡീസല്‍ വില ഇങ്ങനെ അന്തമില്ലാതെ കൂടുന്നതിനെ ന്യായീകരിക്കാന്‍ സംഘികള്‍ പഠിച്ച പണി പതിനെട്ടും നോക്കി തോറ്റ് കുത്തിയിരിക്കുമ്പഴായിരുന്നു കണ്ണന്താനം സിദ്ധാന്തവുമായി വന്നത്. കണ്ണന്താനത്തിന്റെ തിയറിക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് പെട്രോളും ഡീസലും അടിക്കുന്നവരൊക്കെ ഭയങ്കര സമ്പന്നരാണ്.
ഇനി ആര്‍ക്കെങ്കിലും സമ്പന്നരെക്കാണാന്‍ തോന്നിയാല്‍ അടുത്ത പമ്പിലേക്ക് പോയാല്‍ മതി. വിലപിടിപ്പുള്ള വസ്ത്രങ്ങളും ധരിച്ച് ഇരുചക്രങ്ങളും കാറുകളും തള്ളി അവരിങ്ങനെ ക്യൂ നില്‍ക്കുന്ന കാണാം. ഒരുപാടു പൈസയുണ്ടെങ്കിലും ആത് പുറത്തറിയാതിരിക്കാന്‍ അവരില്‍ പലരും 50 രൂപക്കും 100 രൂപക്കുമൊക്കെ മാത്രമേ എണ്ണയടിക്കാറുള്ളു.
ചിലരൊക്കെ ഓട്ടോറിക്ഷ എന്ന ആഡംബര വാഹനം ഓടിച്ച് കോടികള്‍ സമ്പാദിക്കുന്നവരാണ്. മീന്‍, ലോട്ടറി തുടങ്ങിയവയുടെ വില്‍പ്പനക്കായി വാഹന സഹായം തേടുന്ന സമ്പന്നരുമുണ്ട്. ലക്ഷങ്ങളായിരിക്കും വരുമാനം
കണ്ണന്താനത്തിന്റെ തിയറിയുടെ രണ്ടാം ഭാഗം എന്താണെന്ന് വച്ചാല്‍ , ഈ പെട്രോള്‍ വില ഇങ്ങനെ കൂട്ടുന്നതിന് ഒരു ന്യായീകരണമുണ്ട് എന്നതാണ്. നരേന്ദ്ര മോദി കണ്ട ഒരു സ്വപ്നം പൂര്‍ത്തിയാക്കാനാണത്. എല്ലാവരും കക്കൂസില്‍ അപ്പിയിടുന്ന ഇന്ത്യയാണ് ആ മഹാത്മാവ് കണ്ട സ്വപ്നം. അതിനുള്ള പണം കണ്ടെത്തേണ്ടത് ഈ പെട്രോളടിച്ച് പണക്കാര്‍ പാഴാക്കുന്ന പണമെടുത്തിട്ടാണ്.
എല്ലാവര്‍ക്കും കക്കൂസൊക്കെ നല്ല കാര്യം തന്നെ . പക്ഷേ ഒരു സംശയം. അതിനുള്ള പണം അന്യായമായി എണ്ണ വില കൂട്ടിക്കൊണ്ട് തന്നെ ഉണ്ടാക്കണോ? വിജയ് മല്യയുള്‍പ്പെടെയുള്ള ചേട്ടന്‍മാര്‍ ബാങ്കുകള്‍ക്ക് തിരിച്ചടക്കാത്ത പണം ഒന്നരയോ രണ്ടരയോ ലക്ഷം കോടിയുണ്ടെന്നാണ് കേള്‍ക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൊടുത്തിട്ടുള്ള നികുതിയിളവെല്ലാം കൂടി കണക്കെടുത്താല്‍ പിന്നെയും വലിയ ലക്ഷം കോടിയുടെ കണക്ക് കേള്‍ക്കാം. ആ പണമെടുത്ത് കക്കൂസുണ്ടാക്കിയാല്‍ അത് കക്കൂസാകില്ലേ. അതോ അങ്ങനെയുണ്ടാക്കുന്ന കക്കൂസുകളില്‍ പോയാല്‍ കാര്യം സാധിക്കാന്‍ പറ്റില്ലേ?
നമുക്കെല്ലാം അഭിമാനിക്കാനുള്ള വകയാണ് അല്‍ഫോണ്‍സ് ഉണ്ടാക്കിത്തന്നിരിക്കുന്നത്. പെട്രോള്‍ പമ്പിലേക്ക് പോകുമ്പോള്‍ ഇനി മുതല്‍ നമ്മളൊരു സമ്പന്നനാണ് എന്നഭിമാനിക്കാം. പിന്നെ പട്ടിണി കിടന്ന് മിച്ചം പിടിച്ച പൈസ കൊണ്ട് എണ്ണയടിക്കുമ്പോള്‍ പോലും രാജ്യം കക്കൂസുകളാല്‍ സമ്പന്നമാകുന്നത് നമ്മള്‍ എണ്ണയടിച്ച കാശുകൊണ്ടായിരുന്നല്ലോ എന്നാലോചിച്ച് അഭിമാനിക്കാം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വില കുറഞ്ഞപ്പോള്‍ സ്കൂട്ടറുമുന്തി സമരം നടത്തിയ ബിജെപി നേതാക്കളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ധന വില വര്‍ധന സഹിക്കാതെ വന്നപ്പോള്‍ കാറുപേക്ഷിച്ച് കുടുംബത്തോടെ സൈക്കിള്‍ വാങ്ങാന്‍ നടന്ന ഒരു സിപിഎം സ്വതന്ത്ര എംഎല്‍എ ഉണ്ടായിരുന്നത് അറിയാമോ? പേര് അല്‍ഫോണ്‍സ് കണ്ണന്താനം
എന്റെ പൊന്ന് അല്‍ഫോണ്‍സ് സാറേ പെട്രോള്‍ സിദ്ധാന്തം പോലത്തെ ഊളത്തരങ്ങള്‍ പറയാന്‍ വേണ്ടി മാത്രമാണെങ്കില്‍ ഇങ്ങനെ കേരളത്തിലേക്ക് ഇടക്കിടക്ക് വരണമെന്നില്ല. മണ്ടത്തരം പറയാന്‍ ഇവിടെ ആവശ്യത്തിന് ബിജെപിക്കാരുണ്ട്. അവരാകെ ശ്രദ്ധിക്കപ്പെടുന്നത് വിഡ്ഢിത്തം പറഞ്ഞ് ട്രോളു ചെയ്യപ്പെടുമ്പോഴാണ്. അവരുടെ ആ അവസരങ്ങള്‍ ഇങ്ങനെ കളയല്ലേ.