അമിതാഭ് ബച്ചന് നൽകിയ പ്രശംസ തനിക്ക് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് നടൻ അനൂപ് മേനോൻ. അനൂപ്മേനോൻ കടന്നു വരുമ്പോൾ മോഹൻലാലാണോ മമ്മൂട്ടിയാണോ അതോ ഇവർ രണ്ടും ചേർന്നാണോ വരുന്നതെന്ന് താരങ്ങൾ തന്നെ ചോദിക്കാറുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അനൂപ് മേനോൻ. ഇത് അമിതാഭ് ബച്ചനെക്കുറിച്ച് ധർമേന്ദ്ര പറഞ്ഞതാണ്. ദിലീപ് കുമാർ, മോട്ടിലാൽ, കോൻ കോൻ ആ രഹാഹെ എന്ന് അമിതാഭ് ബച്ചൻ കടന്നു വരുമ്പോൾ ധർമേന്ദ്ര പറഞ്ഞ ഡയലോഗാണ്.
തനിക്ക് ഡാൻസ് അറിയില്ല, ഫൈറ്റ് അറിയില്ല. ഒരു നടനു വേണ്ട യാതൊന്നും അറിയില്ല. എന്നിട്ടും ഇത്തരത്തിൽ തന്നെക്കുറിച്ച് പറയുന്നതിൽ അഭിമാനമുണ്ട്. തന്നിൽ എല്ലാ നടന്മാരുടേയും അംശമുണ്ടാകും. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ അഭിനയം കണ്ടാണ് താൻ വളർന്നത്. ഒരു കുട്ടിയിൽ എങ്ങനെ അവന്റെ അധ്യാപകരുടെ അംശമുണ്ടാകുമോ അതുപോലെ തന്നെ തന്നിലും വലിയ നടന്മാരുടെ സാന്നിധ്യമുണ്ടാകുമെന്ന് അനൂപ് മേനോൻ മനോരമ ന്യൂസിന് നൽകിയ നേരെ ചൊവ്വേ അഭിമുഖത്തിൽ പറഞ്ഞു.