ട്രോളര്‍മാര്‍ പുതിയ കുഞ്ചന്‍നമ്പ്യാര്‍മാരോ? സാഡിസ്റ്റുകളോ

Thumb Image
SHARE

രാഷ്ട്രീയ എതിരാളികളെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ശാരീരികമായി ആക്രമിക്കേണ്ടതില്ല-അതിലും ഭീകരമായ ആക്രമണ മാര്‍ഗ്ഗം ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

ഒന്നാലോചിച്ചുനോക്കൂ...

രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം അര്‍ഹിക്കുന്ന ആദരവ് കിട്ടിയിട്ടുണ്ടോ? - ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹം പറഞ്ഞതിലും പറയാത്തതിലും ഒക്കെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്യും. ഈ ട്രോളുകള്‍ അദ്ദേഹത്തിന് നിറയെ ഇരട്ടപ്പേരുകളും ഇട്ടുകൊടുത്തിട്ടുണ്ട്. പപ്പുമോന്‍, അമൂല്‍ ബേബി, രാഹുല്‍ ബാബ- ഇവയൊക്കെ അവയില്‍ ചിലതുമാത്രം. 

രാഹുലിനെതിരെയുള്ള ഒരു ട്രോള്‍ നോക്കുക, അതിലെ ചിത്രത്തില്‍? നരേന്ദ്ര മോദിയും അമിത് ഷായുമാണ്. രാഹുല്‍ ഗാന്ധി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചു വരികയാണെന്ന് അമിത് ഷാ പറയുന്നു. ഉടന്‍ മോദിയുടെ പ്രതികരണം -  അടുത്ത കോമഡി ഷോ എപ്പോഴാ?

സത്യത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള എല്ലാ ട്രോളുകളുടെയും ലക്ഷ്യം ഇതായിരുന്നു. അദ്ദേഹം മണ്ടനാണെന്നും കഴമ്പില്ലാത്തവനാണെന്നും സ്ഥാപിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം അനായാസമാക്കാന്‍ ഇതു സഹായിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ നാക്കു പിഴച്ചതിന് ഇപ്പോഴും വില കൊടുക്കേണ്ടിവരികയാണ്. തിരുവഞ്ചൂര്‍ ഈയിടെ 'ഉദാഹരണം സുജാത' എന്ന സിനിമയെക്കുറിച്ച് ഉദാഹരണം ഉജാല എന്ന് പറഞ്ഞതായി ട്രോളുണ്ടായി. 

ഇ.പി.ജയരാജന്‍ ട്രോളര്‍മാരുടെ സദ്യയായ കാലമുണ്ടായിരുന്നു. ലോക ബോക്സിങ് ചാംപ്യന്‍ മുഹമ്മദലിയെ അദ്ദേഹം നടത്തിയ അനുസ്മരിച്ചതിനെ കുറിച്ചുവന്ന ഒരു ട്രോള്‍ ഇങ്ങനെയാണ്. ''ആ ന്യൂസ് റീഡര്‍ ഇടയ്ക്ക് ഇടപെട്ടില്ലായിരുന്നെങ്കില്‍ മുഹമ്മദിലിയുടെ ഭൗതികശരീരം സഖാവ് ഇവിടെ കൊണ്ടുവന്ന് സംസ്കരിച്ച് ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും കൊടുത്തേനെ – ഒരു നല്ലകാര്യം ചെയ്യാന്‍ പോയതിനാണ് സഖാവിനെ എല്ലാരുംകൂടി .....'' 

മെട്രോ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ഒപ്പം യാത്ര ചെയ്ത കുമ്മനം രാജശേഖരനെ മുന്‍നിര്‍ത്തി 'കുമ്മനടിക്കുക' എന്ന പുതിയ പദം ട്രോളന്‍മാര്‍ ഭാഷയ്ക്ക് സംഭാവന ചെയ്തല്ലോ?

കെ.സുരേന്ദ്രന്‍ താന്‍ ബീഫല്ല, ഉള്ളിക്കറിയാണ് കഴിച്ചതെന്ന് തന്‍റെ ഒരു ചിത്രം വിവാദമായപ്പോള്‍ പ്രസ്താവിച്ചതിന് എതിരെവന്ന ട്രോളുകളിലൊന്നില്‍ - ഒരു പശുവിനടുത്ത് അദ്ദേഹം നില്‍ക്കുന്ന ചിത്രമുണ്ട്. പക്ഷേ അടിക്കുറിപ്പ് ഇങ്ങനെയാണ് - എ സെല്‍ഫി വിത്ത് ഉള്ളിച്ചെടി.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണാന്തനത്തിന്റെ ഭാര്യയാണ് ഈ പട്ടികയിലെ അവസാനത്തെ ഇര.

ഇങ്ങനെ നോക്കുമ്പോള്‍ പുതിയ കാലത്തിന്‍റെ കുഞ്ചന്‍ നമ്പ്യാര്‍മാരാണെന്ന് ട്രോളര്‍മാര്‍ എന്ന് തോന്നാം. സമൂഹത്തെ കണക്കിന് പരിഹസിക്കുന്ന നമ്പ്യാരുടെ തുള്ളല്‍പ്പാട്ടാണ് ട്രോളുകള്‍ എന്ന് വ്യാഖ്യാനിക്കാം.

എന്നാല്‍ സത്യം അതാണോ? 

ട്രോളുകളെക്കുറിച്ച് സമീപകാലത്തുവന്ന മനഃശാസ്ത്ര പഠനങ്ങള്‍ കഥ ഇതല്ലെന്നാണ് വിശദമാക്കുന്നത്.

മറ്റൊരാളെ കുത്തിനോവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകളാണ് മിക്കട്രോളന്‍മാരും എന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മറഞ്ഞിരുന്നാണ് ട്രോളന്‍മാര്‍ അസ്ത്രമയയ്ക്കുന്നത്. അതില്‍ ആധികാരികത ഉണ്ടാകണമെന്നില്ല. പരിഹാസത്തിന്‍റെ നിലപാട് തറവിട്ട് ചോരതെറിപ്പിക്കുന്ന ആക്രമണമായി ട്രോള്‍ പലപ്പോഴും മാറുന്നു. 'ഇര' ചിത്രവധം ചെയ്യപ്പെടുന്നു. ഇതു കൊണ്ട് ട്രോളന് ലഭിക്കുന്ന നേട്ടം - താന്‍ ആളൊരു സംഭവമാണെന്ന ആത്മസംതൃപ്തിയാണ്. തന്‍റെ ട്രോളുകള്‍ക്ക് ലൈക്കുകളും ഷെയറും കിട്ടുന്നതോടെ ഈ ആത്മാരാധന വര്‍ധിക്കുന്നു.  ഒരു വാദപ്രതിവാദത്തില്‍ സാഡിസമില്ല. അതുകൊണ്ട് ട്രോളന്‍റെ ആക്രമണത്തിനിരയാകുന്ന ആള്‍ക്ക് പ്രതിവാദത്തിന് സ്പെയിസ് ഇല്ലല്ലോ? സഹിക്കുകയല്ലേ നിവര്‍ത്തിയുള്ളു.

എല്ലാവരുടെ ഉള്ളിലും ഒരു തെമ്മാടിയുണ്ട്. ചെറിയ ശത്രുത ഉള്ളവരെപ്പോലും തല്ലിച്ചതയ്ക്കണമെന്ന് നമ്മള്‍ സ്വപ്നം കാണാറില്ലേ? ഈ ഗുണ്ട അടങ്ങിയിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണ്. ട്രോളുമ്പോള്‍ ഒരു ഗുണ്ട മസിലും പെരുപ്പിച്ചു പുറത്തുവരുന്നു. ആക്രമിക്കുന്നു - പേടിയില്ലാതെ.

ഞാനും നിങ്ങളും ഇത്തരം ട്രോളുകള്‍ ലൈക്ക് ചെയ്യമ്പോഴും ഷെയറുചെയ്യുമ്പോഴും നമ്മുടെ ഉള്ളിലെ ഗുണ്ടയ്ക്ക് നാം തന്നെ പാല് കൊടുക്കുകയാണ്. 

ഇനി ഒരു കാര്യംകൂടി ശ്രദ്ധിച്ചോളൂ നമ്മള്‍ ആസ്വദിച്ച പല ട്രോളുകളും സൃഷ്ടിച്ചത് ഒരു വ്യക്തിയല്ല, ഒരു ഗ്രൂപ്പാണ്. മിക്കപ്പോഴും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സൈബര്‍ സെല്‍ അവിടുത്തെ പ്രെഫഷണല്‍ ട്രോളന്‍മാര്‍. അതായത് ക്വട്ടേഷന്‍ സംഘങ്ങളെന്ന് പച്ചമലയാളം. 

ചുരുക്കിപ്പറഞ്ഞാല്‍ ട്രോളുകളില്‍ നമ്മള്‍ ചിരിക്കുമ്പോള്‍ പോലും ആ ചിരി നിര്‍ദോഷമാകില്ലെന്നര്‍ഥം.

നമ്മളും ചില ക്വട്ടേഷന്‍ സംഘങ്ങളുടെ പിച്ചാത്തി ആകുകയാണ്.

സൈബര്‍ കാലം നമുക്ക് കരുതിവയ്ക്കുന്ന ചതിക്കുഴിയും ഇതാണ്. നമ്മളറിയാതെ നമ്മള്‍ എവിടെയൊക്കയോ ചെന്നെത്തുന്നു.

MORE IN KERALA
SHOW MORE