പ്രവാസത്തിന്റെ കഥ; പ്രവാസിയുടെയും

Thumb Image
SHARE

ഡോ സി.പി.അലിബാവ ഹാജിയുടെ ദേശം ദേശാടനം എന്ന പുസ്തകം പ്രവാസത്തിന്റെ കഥയാണിത്. വെല്ലുവിളികൾ നിറഞ്ഞ പ്രവാസ ജീവിതത്തിന്റെയും നിശ്ചയ ദാർഡ്യം നേടിക്കൊടുത്ത വിജയങ്ങളുടെയും കഥ. 

48 വര്‍ഷം മുന്‍പ് ലോഞ്ചില്‍ വന്നിറങ്ങിയ തീരം തേടിയൊരു യാത്ര. റാസല്‍ഖൈമയിലെ ഷാമിലേക്കൊരു തിരിച്ചുപോക്ക്. കരയും കടലും ഏതെന്നറിയാത്തൊരു രാത്രിയില്‍ കഴുത്തറ്റം വെള്ളത്തില്‍നിന്ന് നീന്തിക്കയറിയ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍  ഡോ. സി.പി അലി ബാവ ഹാജിയുടെ ഓര്‍മകളില്‍ ആ പഴയ കടലിരമ്പം. കൗമാര പ്രായത്തിലെ കുന്നോളം സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയുടെ കര സമ്മാനിച്ച തീരം. നീന്തിക്കയറിയ സ്വപ്നതീരത്തെക്കുറിച്ച് ദേശം ദേശാടനത്തില്‍ പറയുന്നതിങ്ങനെ.

 (മരണക്കെണിയില്‍നിന്ന്... പലര്‍ക്കും അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്.

23 ദിവസത്തെ ദുരിത യാത്രയില്‍ ക്ഷീണിച്ചെത്തിയ മലയാളികളെ മണവാളനെ പോലെ സ്വീകരിച്ച തീരത്തെയും ദേശത്തെയും മറക്കാനാവില്ല ഈ വ്യവസായിക്ക്. ബേപ്പൂര്‍ കടപ്പുറത്തുനിന്ന് റാസല്‍ഖൈമ തീരത്തെത്തും വരെ പഠിച്ച പാഠങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു പുസ്തകത്തില്‍. നിസാര പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോഴേക്കും ജീവിതം നഷ്ടപ്പെട്ടെന്ന് കരുതുന്നവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളാണ് ഈ അനുഭവം സമ്മാനിക്കുന്നത്. വെള്ളത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പ്രാധാന്യമറിഞ്ഞ നിമിഷവും മിതവ്യയത്തിന്‍റെ ആദ്യപാഠവും കപ്പലില്‍നിന്ന്.

കപ്പലിറങ്ങിയ ദിവസം റാസല്‍ഖൈമ നഖീലിലെ ഹാജിക്കയുടെ കടയില്‍നിന്ന് ലഭിച്ച പൊറാട്ടയുടെയും ചായയുടെയും സ്വാദ് ഇപ്പോഴുമുണ്ട് മനസില്‍. തട്ടാന്‍ ബാവക്കയെ കാണാന്‍ ദുബായിലെത്തിയതും ഗോള്‍ഡ് ഷോപ്പില്‍ ജോലി തരപ്പെടുത്തിയതും ജീവിതത്തിലെ സുവര്‍ണ അധ്യായം. ദുബായിലെ ആദ്യ ജോലിയില്‍ നഷ്ടത്തിന്‍റെ കണക്കുപുസ്തകം അടച്ചുവച്ച് വീണ്ടും റാസല്‍ഖൈമയിലേക്ക്. ഹോട്ടല്‍ ജോലിയില്‍നിന്ന് കിട്ടുന്ന തുകകൊണ്ട് ലോഞ്ചിലെത്തുന്നവര്‍ക്ക് അന്നവും അഭയവും നല്‍കലായിരുന്നു അന്നത്തെ ലക്ഷ്യം. അതിലേക്ക് നയിച്ച സംഭവം സി.പി തന്നെ പറയും.

സ്വയം തൊഴില്‍ കണ്ടെത്തി വീണ്ടും ദുബായിലേക്ക്. ജീവിതത്തിന് ഗതിമാറിയത് അവിടെനിന്നാണ്. ജനറല്‍ ട്രേഡിങില്‍ തുടങ്ങിയ ഷോപ്പ് വൈകാതെ പടര്‍ന്നുപന്തലിച്ചു. വസ്ത്രവും ഷൂസുമൊക്കെയായിരുന്നു ആദ്യകാല ബിസിനസ്. ഉപ്പ് തൊട്ട് വെള്ളം വരെ ഇറക്കുമതി ചെയ്യുന്ന ഈ രാജ്യത്ത് അലി ബാവ ഹാജി സ്വന്തം ഇടം കണ്ടെത്തി. ഈ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം അലി ബാവ ഹാജിയും വളര്‍ന്നു. ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇത്രമേല്‍ വികസിച്ച മറ്റൊരു രാജ്യമില്ലെന്നാണ് സിപിയുടെ പക്ഷം.

വ്യാപാരം തഴച്ചുവളരുന്നതിനിടെ വന്ന കുവൈത്ത് യുദ്ധം ബിസിനസിനെ തകിടം മറിച്ചപ്പോള്‍ അലി ബാവ ഹാജി തട്ടകം ആഫ്രിക്കയിലേക്ക് മാറ്റി. അവിടന്ന് പണമുണ്ടാക്കി തിരിച്ചെത്തി ദുബായില്‍ തന്നെ പിടിമുറുക്കുകയായിരുന്നു ഈ രാജ്യസ്നേഹി. പ്രതിസന്ധി മുന്നില്‍കണ്ട് ബിസിനസ് വിത്യസ്ത മേഖലകളിലേക്ക് തിരിച്ചതാണ് വിജയ രഹസ്യമെന്ന് ഇദ്ദേഹം പറയുന്നു.

പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായ അലി ബാവ ഹാജിക്ക് ഇന്ന് കേരളത്തിലും ആഫ്രിക്കയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. വിദ്യാഭ്യാസത്തിന്‍റെ കുറവ് മൂലം തനിക്ക് നഷ്ട്പ്പെട്ടത് വരും തലമുറയ്ക്ക് സംഭവിക്കരുതെന്ന ലക്ഷ്യമാണ് ഇതിലെന്നും ഇദ്ദേഹം പറയുന്നു. വന്ന വഴി സമൂഹത്തിന് കാണിക്കാനാണ് പുസ്തകത്തിലൂടെ മനസ് തുറക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ജീവിതം കെട്ടിപ്പടുക്കാന്‍ അനുഭവിച്ചു തീര്‍ത്ത യാതനകളും വേദനകളും അനുഗ്രഹത്തിന്‍റെ ഉയരങ്ങളില്‍ നിന്നു നോക്കികാണുമ്പോള്‍ പലതും ഒളിച്ചുവെക്കാമായിരുന്നു ഇദ്ദേഹത്തിന്. പക്ഷെ, ബാവഹാജിയുടെ പേന ആ ജീവിതത്തില്‍ ഒരു എഡിറ്റിംഗും നടത്തിയില്ല എന്നത് തന്നെയാണ് ഈ പുസ്തകത്തിന്‍റെ വിജയം. ജീവിതത്തെ സത്യസന്ധമായി വരച്ചുകാട്ടിയ ദേശം ദോശാടനം ഓരോ വായനക്കാരനും വലിയ ജീവിത ഉണര്‍വ്വ് നല്‍കുമെന്നതില്‍ സംശയമില്ല. പ്രയാസപ്പെടാതെ ഒന്നും നേടാന്‍ സാധ്യമല്ലെന്ന സന്ദേശമാണ് എടപ്പാള്‍ മാണൂര്‍ സ്വദേശിയായ അലി ബാവ ഹാജി പുസ്തകത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. പ്രയാസത്തെ തരണം ചെയ്യാനുള്ള കഴിവ് സ്വയം ഉണ്ടാക്കണമെന്ന സന്ദേശവും.

MORE IN GULF THIS WEEK
SHOW MORE