യുഎഇയുടെ അപൂർവ നാണയങ്ങളുടെയും സ്റ്റാംപുകളുടെയും ശേഖരവുമായി ഹമീദ്

Thumb Image
SHARE

യുഎഇയുടെ ചരിത്രക്കാഴ്ചകളുടെ കാവൽക്കാരനാണ് കാസർകോടുകാരൻ ഹമീദ്. യുഎഇയുടെ അപൂർവ നാണയങ്ങളുടെയും സ്റ്റാംപുകളുടെയും എല്ലാം വിപുലമായ ശേഖരമാണ് ദുബായിൽ പ്രവാസിയായ ഹമീദിൻറെ പക്കലുള്ളത്. 

പോയ കാലം ബാക്കി വച്ച അടയാളങ്ങളുടെ സൂക്ഷിപ്പുകാരനാണ് ദുബായിൽ പ്രവാസിയായ കാസർകോട് സ്വദേശി ഹമീദ്. യുഎഇയുടെ സംസ്കാരവും പാരന്പര്യവുമെല്ലാം നിറയുന്ന ശേഷിപ്പുകളുടെ കാഴ്ചകളാണ് ഈ കൊച്ചു മുറി നിറയെ. ഒപ്പം പ്രവാസത്തിൻറെ ഓർമകളും കാഴ്ചകളുമുണ്ട്.

യുഎഇയുടെ ചരിത്രം പറയുന്ന നാണയങ്ങൾ, കറൻസികൾ, സ്റ്റാംപുകൾ എല്ലാമുണ്ട് ഹമീദിൻറെ ശേഖരത്തിൽ. യുഎഇ രൂപീകൃതമാകുന്നതിനു മുന്പ് ദുബായും ഖത്തറും സംയുക്തമായി ഉപയോഗിച്ചിരുന്ന അഞ്ച് ദിർഹം മുതൽ ഏറ്റവും പുതിയ കറൻസികൾ വരെ ഈ ശേഖരത്തെ സന്പന്നമാക്കുന്നു. യുഎഇ ആദ്യമായി പുറത്തിറക്കിയ ഒരു ദിർഹത്തിൻറെ കറൻസിയും ഹമീദിൻറെ പക്കലുണ്ട്. ഒപ്പം ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള വിവിധ തരത്തിലുള്ള ഒറ്റ ദിർഹം നാണയങ്ങളും.

അഫ്ഗാനിൽ നിന്നുള്ള കല്ലുകൊണ്ടുള്ള നാണയമാണ് ഈ ശേഖരത്തിലെ അമൂല്യകാഴ്ച.

പത്തു വർഷം മുന്പ് വരെ പ്രവാസികളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടന്നിരുന്ന ടെലിഫോൺ കാർഡുകളുടെ വിപുലമായ ശേഖരമാണ് മറ്റൊരു പ്രത്യേകത. മൊബൈൽ വിപ്ലവത്തിൽ ടെലിഫോൺ കാർഡുകൾ തിരശീലയ്ക്ക് പിറകിലേക്ക് പോയെങ്കിലും ഹമീദിൻറെ ശേഖരത്തിൽ ഇവ ഇന്നുമുണ്ട്. 

വ്യത്യസ്ത തരത്തിലുള്ള മൂവായിരത്തോളം ടെലിഫോൺ കാർഡുകളാണ് ഈ ശേഖരത്തിലുള്ളത്. വിവിധ ദേശീയ ദിനങ്ങളുടെ സ്മരണയ്ക്കായി ഇറക്കിയ കാർഡുകളും, ഭരണാധികാരികളുടെ പേരിലുള്ള കാർഡുകളുമെല്ലാം ഹമീദിൻറെ പക്കലുണ്ട്.

ചിത്രശലഭത്തിൻറെ ചിത്രങ്ങൾ ചേർത്തു വയ്ക്കുന്ന ജിഗ്സോ പസിൽ പോലുള്ള കാർഡാണ് മറ്റൊരു കൌതുകം. നാട്ടിൽ നിന്ന് ഗൾഫിലേക്ക് വന്ന കത്തുകളുടെ വലിയ ഒരു ശേഖരവുമുണ്ട് ഹമീദിന്. അഞ്ചു പൈസയുടെ സ്റ്റാന്പ് ഒട്ടിച്ച ഇൻലൻഡ് മുതലുണ്ട് ഇതിൽ

ഇരുപത് വർഷമായി ഹമീദ് സ്റ്റാംപുകളും നാണയങ്ങളും ശേഖരിച്ച് തുടങ്ങിയിട്ട്. പന്ത്രണ്ട് വർഷം മുന്പ് പ്രവാസിയായി ദുബായിലെത്തിയപ്പോഴും ഈ ശീലം ഒപ്പം വന്നു. ഓരോ മാസവും നല്ലൊരു തുക തൻറെ ശേഖരത്തിലേക്ക് പുതിയവ കൂട്ടിച്ചേർക്കുന്നതിന് ഹമീദ് നീക്കി വയ്ക്കുന്നു.

പോയ കാലത്തെ കുറിച്ച് വരും തലമുറയെ ഓർമിപ്പിക്കാനാണ് തൻറെ ഈ ശേഖരമെന്ന് ഹമീദ് പറയുന്നു. ഒരു രാജ്യത്തിൻറെ വളർച്ചയുടെ നേർക്കാഴ്ചയും ഒപ്പം വളർന്നു വന്ന പ്രവാസത്തിൻറെ ജീവിത കഥയുമാണ് ഈ ശേഖരത്തിലെ ഓരോ കാഴ്ചകളും.

MORE IN GULF THIS WEEK
SHOW MORE