ഗൃഹാതുരതയില്‍ വര്‍ണം ചാലിച്ച് വിദ്യാര്‍ഥികളുടെ ചിത്രപ്രദർശനം

Thumb Image
SHARE

ചെറിയ മനസുകളിലെ വലിയ കാഴ്ചകളായിരുന്നു ദുബായ് അൽ നഹ്ദയിൽ നടന്ന ചിത്രപ്രദർശനം. കാടും മേടും നാടും കടലുമെല്ലാം കുട്ടികളുടെ ഭാവനയിൽ നിന്ന് കാൻവാസിലെത്തി. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ചിത്രപ്രദർശനമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. 

പ്രവാസ ലോകത്തിരുന്ന് കേട്ടറിഞ്ഞ നാട്ടോര്‍മയിലേക്ക് കുരുന്നു പ്രതിഭകള്‍ ചായം തേച്ചപ്പോള്‍ ക്യാന്‍വാസില്‍ തെളിഞ്ഞത് വലിയ കാഴ്ചകള്‍. നാട്ടു കാഴ്ചകളുടെ സൌന്ദര്യത്തിലേക്കാണ് വിദ്യാര്‍ഥികള്‍  സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോയത്. പ്രകൃതി ദൃശ്യങ്ങള്‍ പ്രവാസി കുട്ടികളില്‍ വരുത്തിയ സ്വാധീനം ചിത്രങ്ങളില്‍ പ്രകടം. 

ആനയും മയിലും കാടും മേടുമെല്ലാം മനസില്‍നിന്നിറങ്ങി ക്യാന്‍വാസില്‍ തിളങ്ങുന്നു. കടലും കപ്പലും സൂര്യോദയവും അസ്തമനവുമെല്ലാം വീണ്ടും കാണാനാഗ്രഹിക്കുന്ന കാഴ്ചകളാണ്. ഗൃഹാതുരതയില്‍ വര്‍ണം ചാലിക്കുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ അനിവാര്യതയിലേക്ക് സന്ദര്‍ശകരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.

പോറ്റുനാടിന്‍റെ പൈതൃകവും ദൃശ്യസമ്പന്നതയും ചിലര്‍ക്ക് വിഷയമായി. മരുഭൂമിയും ഒട്ടകവും കുതിരയുമാണ് കൂടുതലായും ഇടംപിടിച്ചത്. പ്രൊഫഷണല്‍ ചിത്രകാരെ വെല്ലുന്ന പ്രകടനമാണ് ചിലര്‍ വരയില്‍ കാഴ്ചവച്ചത്. വലിയൊരു ചിത്രപ്രദര്‍ശനത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിലെ സന്തോഷവും പങ്കുവച്ചു.

നവാഗതര്‍ മുതല്‍ ഏഴു വര്‍ഷം വരെ പഠിച്ച ചിത്രകലാ വിദ്യാര്‍ഥികളുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ചിത്രകലയിലെ വിദ്യാര്‍ഥികളുടെ പരീക്ഷണങ്ങള്‍. പ്ലസ് ടു വരെയുള്ള 120 കുട്ടികളുടെ 650 കലാസൃഷ്ടികള്‍ പ്രദർശനത്തെ സമ്പന്നമാക്കി. ഒപ്പം  യുഎഇലെ ഏതാനും മുതിര്‍ന്ന കലാകാരന്‍മാരും ഇതിൻറെ ഭാഗമായി.  

ഖിസൈസ് അല്‍ നഹ്ദയിലെ ആർട്ട് കലയാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. ചിത്രകലയിൽ അഭിരുചിയും താൽപര്യവുമുള്ള കുട്ടികൾക്ക് ഒരു വേദിയൊരുക്കുക കൂടിയാണ് ഈ പ്രദർശനം. മൂവായിരത്തോളം ചിത്രകലാ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റെക്കോർഡ് പ്രദർശനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഇവർ ഇപ്പോൾ

MORE IN GULF THIS WEEK
SHOW MORE