നൃത്തവേദികളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു കലാകാരിയെ പരിചയപ്പെടുത്തുകയാണ് ഇനി. തൃശൂര്‍ സ്വദേശി ദില്‍ന ദിനേശ്. ദില്‍ന ഒരുക്കിയ സൂരസംഹാരം എന്ന നൃത്തശില്പം ഏറെ വ്യത്യസ്തമായ അനുഭവമാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്.
ഒരു നര്‍ത്തകിയുടെ നൃത്താന്വേഷണ പരീക്ഷണങ്ങളാണിത്. ഒപ്പം വേറിട്ട ശൈലികളും പരീക്ഷണങ്ങളുമായി പ്രവാസികളുടെ മനസ് കീഴടക്കിയ ദില്‍ന ദിനേശ് എന്ന നര്‍ത്തകിയുടെ വിജയകഥയും.
കഴിഞ്ഞ ദിവസം ദുബായില്‍ അവതരിപ്പിച്ച സൂരസംഹാരമാണ് ദില്‍നയുടെ ഏറ്റവും പുതിയ നൃത്തപരീക്ഷണം. നാല്‍പ്പത്തിയഞ്ചോളം കലാകാരന്മാരാണ് ഈ നൃത്തശില്പത്തില് വേദിയിലെത്തിയത്. ആഴ്ചകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് സൂരസംഹാരം യാഥാര്‍ഥ്യമായത്.
ഒട്ടേറെ വെല്ലുവിളികള്‍ മറികടന്നാണ് സൂരസംഹാരം വേദിയിലെത്തിയത്. നൃത്തശില്പത്തിനായി പ്രത്യേക വസ്ത്രാലങ്കാരവും സംഗീതസംവിധാനവും ഒരുക്കിയിരുന്നു. കൃഷ്ണവൈഭവം എന്ന നൃത്തശില്പവും ഇതിനു മുന്‍പ് ദില്‍ന ഒരുക്കിയിരുന്നു. മികച്ച ആസ്വാദക പ്രശംസയാണ് ഈ കലാരൂപങ്ങള്‍ക്ക് ലഭിച്ചത്. ഇതിനു പുറമേ ദില്‍നയുടെ കീഴില്‍ നൃത്തം അഭ്യസിച്ച തൊണ്ണൂറോളം പേര് ഒരു വേദിയില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
തൃശൂര്‍ സ്വദേശിയായ ദില്‍ന നാലാം വയസിലാണ് ചിലങ്കയണിയുന്നത്. മോഹിനിയാട്ടത്തില്‍ കലാമണ്ഡലത്തില്‍ നിന്ന് ഡിപ്ലോമ നേടിയ ദില്‍ന ഓട്ടന്തുള്ളലും കുച്ചിപ്പുടിയുമെല്ലാം അവതരിപ്പിക്കുന്നു.
നൃത്തത്തിലെ വിവിധ രീതികള്‍ മനസിലാക്കുന്നതിന് ഒട്ടേറെ പ്രശസ്ത കലാകാരന്മാര്ക്കൊപ്പം ദില്‍ന പരിശീലനം നേടിയിട്ടുണ്ട്. പുതിയ സാധ്യതകളിലേക്കുള്ള യാത്രയാണ് ഇപ്പോഴും ദില്‍നയ്ക്ക് നൃത്തം. കുച്ചിപ്പുടിയിലാണ് ഈ കലാകാരി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്.
വര്‍ണ നൃത്ത കലാക്ഷേത്ര എന്ന പേരില്‍ തൊണ്ണൂറോളം പേര്‍ക്ക് ഇപ്പോള്‍ നൃത്തപരിശീലനം നല്‍കുന്നുണ്ട് ഇവര്‍. പ്രവാസ ലോകത്ത് വ്യത്യസ്തമായ നൃത്ത പരീക്ഷണങ്ങളിലൂടെയും ഇടപെടലുകളിലൂടെയും വേറിട്ട പാത തുറന്ന് തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ഈ കലാകാരി.