ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട കൊച്ചു മിടുക്കന്മാരാണ് ദുബായ് KGSലെ ഫുട്ബോള്‍ ടീം. മാഞ്ചസ്റ്റര്‍ സിറ്റി എഫ്.സി.അബുദാബി കപ്പില്‍ കിരീടം നേടിയ ടീമിലെ എട്ടുപേരും മലയാളികളാണ്. അണ്ടര്‍ 10 വിഭാഗത്തിലായിരുന്നു KGS ടീമിന്റെ നേട്ടം.
ജിസിസി രാജ്യങ്ങളിലെ 24 പ്രൊഫഷണല്‍ ക്ലബുമായി ഏറ്റുമുട്ടിയാണ് കെജിഎസിലെ ഈ കുട്ടിപ്പട്ടാളങ്ങള്‍ കിരീടത്തില്‍ മുത്തമിട്ടത്. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ മാഞ്ചസ്റ്ററിന്റെ തന്നെ സിറ്റി ഫുട്ബോളിനെ സമനിലയില്‍ തളച്ച കെജിഎസ് ടീം പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ ലക്ഷ്യം വലയിലാക്കുകയായിരുന്നു.
പാരിതോഷികമായി ലഭിച്ചതാകട്ടെ സൌജന്യ വിദേശ പര്യടനവും പരിശീലനവും. കുഞ്ഞു പ്രായത്തില്‍ ഇംഗ്ലണ്ടില്‍ പോകാനും ലോകോത്തര ടീമിന്റെ കീഴില്‍ പരിശീലിക്കാനും ലഭിച്ച അവസരത്തിന്റെ ആവേശത്തിലാണ് കുട്ടികളും കോച്ചും.
എട്ടു മലയാളികളടങ്ങിയ പന്ത്രണ്ടംഗ ടീമാണ് സ്കൂളിനും രാജ്യത്തിനും അഭിമാനമായത്. വര്‍ഷങ്ങളായുള്ള ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് കുട്ടികളും വിലയിരുത്തി.
അണ്ടര്‍ 16 മുന്‍ കേരള സ്റ്റേറ്റ് ടീം പരിശീലകനായിരുന്ന എറണാംകുളം വരാപ്പുള സ്വദേശി അരുണ്‍ പ്രതാപിന്റെ ശിക്ഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത്. സ്കൂളിന്റെയും രക്ഷിതാക്കളുടെയും കലവറയില്ലാത്ത പിന്തുണയും നേട്ടത്തിന് കരുത്തായി. രാവിലെയും വൈകിട്ടും ഒരു മണിക്കൂര്‍ വീതം സൌജന്യ പരിശീലനം നല്‍കിയാണ് കുട്ടികളെ വാര്‍ത്തെടുക്കുന്നത്. ഭാവിയില്‍ കേരള, ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാവുന്ന മൂന്നു കുട്ടികളുണ്ടെന്നും കോച്ച് പറഞ്ഞു.
ഇന്റര്‍ സ്കൂള്‍ ഉള്‍പെടെ യുഎഇയിലെ വിവിധ ഫുട്ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത് നിരവധി ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. കുഞ്ഞുനാളില്‍തന്നെ കാല്പന്തുകളിയില് ഗള്‍ഫിലെ ചാമ്പ്യന്മാരായ ഈ കുരുന്നുകള്‍ വിദേശ പരിശീലനം കൂടി നേടുന്നതോടെ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദഗ്ധ പരിശീലനത്തിനായി സംഘം വൈകാതെ ഇംഗ്ലണ്ടിലേക്ക് തിരിക്കും.