ടുജി കേസ്; പിന്നിട്ട നാൾവഴികളിലൂടെ

Thumb Image
SHARE

ടുജി സ്പെക്ട്രം കേസ് ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്ന് ടൈം മാഗസിന്‍  ചൂണ്ടിക്കാട്ടിയ കേസ്. ഒരുകോടി എഴുപത്തിയാറ് ലക്ഷം കോടി രൂപയുടെ ക്രമക്കേടെന്ന സിഎജി കണ്ടെത്തല്‍. ഇതെല്ലാം കൊണ്ടാണ് കോടതിവിധി രാജ്യാന്തര ശ്രദ്ധയിലേക്ക് വരുന്നത്.

യു.പി.എ മന്ത്രിസഭയെ രാഷ്ട്രീയമായും നിയമപരമായും പിടിച്ചുലച്ചു ടുജി സ്പെക്രട്രം വിതരണത്തിലെ ഭീമന്‍ അഴിമതി. മുന്‍കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജ, ‍ഡി.എം.കെ. നേതാവ് എം. കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴി തുടങ്ങി ഉന്നതശ്രേണിയില്‍പ്പെട്ട  പ്രതികള്‍ ഉള്‍പ്പെട്ട കേസ്‍. ഒരു രാജ്യത്തിന്‍റെ ഭരണസംവിധാനം മുഴുവന്‍ സര്‍വശക്തിയുമുപയോഗിച്ച് പ്രതിരോധിച്ച ചരിത്രം. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനങ്ങള്‍ക്കും കനത്തനടപടികള്‍ക്കും വിധേയമാകേണ്ടി വന്ന അത്യപൂര്‍വസാഹചര്യം. ടുജി കേസിനെ വേറിട്ടുനിര്‍ത്തുന്നതിന് കാരണങ്ങള്‍ പലതാണ്. 2007 മെയില്‍ ഡി.എം.കെ നേതാവ് എ.രാജ കേന്ദ്രവാര്‍ത്താവിതരണമന്ത്രിയായി ചുമതലയേറ്റതിന് ശേഷമാണ് അഴിമതിയുടെ തുടക്കം. 122  ടുജി ലൈസന്‍സുകള്‍ വിതരണം ചെയ്യാനുളള തീരുമാനം രാജ്യത്തിന്‍റെ ഭീമന്‍ അഴിമതിയായ ി വളര്‍ന്നതിന്‍റെ ലജ്ജിപ്പിക്കുന്ന ദിനങ്ങള്‍.

ടുജി സ്പെക്ട്രം വിതരണം രണ്ട് തരത്തില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. ലേലത്തില്‍ വിളിച്ച് കൂടുതല്‍ തുക ടെന്‍ഡര്‍ ചെയ്യുന്ന ടെലികോം സ്ഥാപനത്തിന് നല്‍കുകയാണ് ഒരു രീതി. എന്നാല്‍ അത് മൊബൈല്‍ ഫോണ്‍ നിരക്കുകളില്‍ കുത്തനെ വര്‍ധനയുണ്ടാക്കും. ജനങ്ങളുടെ പ്രതിഷേധം മുന്നില്‍കണ്ട് ആ രീതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. നിശ്ചിത വില നിശ്ചയിച്ച് യോഗ്യതയുളള ടെലികോം കന്പനികള്‍ക്ക് ടുജി സ്പെക്ട്രം വിതരണം ചെയ്യുകയെന്ന രണ്ടാമത്തെ രീതിയാണ് കേന്ദ്രം തിരഞ്ഞെടുത്തത്. കന്പനികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ നേരിട്ട് വാര്‍ത്താവിതരണമന്ത്രാലയത്തിന് മാര്‍ഗനിര്‍ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എ.രാജ നഗ്നമായി ലംഘിച്ചുവെന്നാണ് ആരോപണം.

ടുജി സ്പെക്ട്രം വിതരണനടപടികള്‍ക്ക് 2007 ഓഗസ്റ്റിലാണ് വാര്‍ത്താവിതരണ മന്ത്രാലയം തുടക്കം കുറിച്ചത്. ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ലൈസന്‍സ് നല്‍കാനായിരുന്നു തീരുമാനം. ഒക്ടോബര്‍ ഒന്ന് അവസാനതീയതിയായി അറിയിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കി. പിന്നീട് നടപടികള്‍ വ്യാപകമായി അട്ടിമറിക്കപ്പെട്ടു. അവസാനതീയതി ഒക്ടോബര്‍ ഒന്ന് എന്നത് സെപ്റ്റംബര്‍ അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചിന് ശേഷമുളള അപേക്ഷകള്‍ നിരസിച്ചു. പിന്നീട്,  2008 ജനുവരി പത്തിന് സ്പെക്ട്രം വിതരൡണം ചെയ്ത നടപടികളിലും ദുരൂഹത തുടര്‍ന്നു. റിലയന്‍സിന്‍റെ സ്വാന്‍ ടെലികോം, യുണിടെക്, ടാറ്റാ ടെലിസര്‍വീസസ് കന്പനികള്‍ക്ക് കുറഞ്ഞതുകയ്ക്ക് ലൈസന്‍സ് നല്‍കുന്നതിന് വേണ്ടിയായിരുന്നു അടിമുടി അട്ടിമറി. ടെലികോം കമ്പനികൾ   വലിയതുകയ്ക്ക് എടിസാലറ്റ്, ടെലിനോര്‍ , ഡൊകോമോ എന്നിവര്‍ക്ക് സ്പെക്ട്രം മറിച്ചുവില്‍ക്കുകയും ചെയ്തു.

ക്രമക്കേടുകള്‍ അധികാരത്തിന്‍റെ ഇടനാഴികളില്‍ രഹസ്യമായും പരസ്യമായും  ചര്‍ച്ചയായെങ്കിലും തുറന്നുപറയാന്‍ ആരും ധൈര്യപ്പെട്ടില്ല. നടപടികളില്‍ ആശങ്കഅറിയിച്ച് ധനകാര്യമന്ത്രാലയം വാര്‍ത്താവിതരണമന്ത്രാലയത്തിന് 2007 നവംബറില്‍ രഹസ്യക്കത്ത് നല്‍കി. 2009ല്‍ അഴിമതി ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. കേസ് സിബിഐ അന്വേഷണത്തിന് വിടാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ ഇതേവര്‍ഷം തന്നെ തീരുമാനിച്ചു. അവസാനതീയതി വെട്ടിചുരുക്കിയത് നിയമവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തി. 2009 ഒക്ടോബര്‍  ഇരുപത്തിയൊന്നിന് സിബിഐ കേസെടുത്തതിന് പിന്നാലെ വ്യാപക റെയ്ഡുകള്‍. 2010 മാര്‍ച്ച് മുപ്പത്തിയൊന്നിന് ടുജി വിതരണത്തിലെ നടപടികളില്‍ ആദ്യന്തം സുതാര്യതയില്ലെന്ന് വിനോദ് റായ് അധ്യക്ഷനായ സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരുകോടി എഴുപത്തിയാറ് ലക്ഷം കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. ടെലികോം മന്ത്രിയായിരുന്ന എ.രാജ മൂവായിരം കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ശക്തമായി.എ.രാജയും ഇടനിലക്കാരി നീരാ റാഡിയയും തമ്മിലുളള ഫോണ്‍ സംഭാഷണം രാജ്യത്തെ ഞെട്ടിച്ചു . ‍രാജയുടെ പേരില്‍ യു.പി.എ സര്‍ക്കാര്‍ വന്‍പ്രതിസന്ധിയിലാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ രാജയുടെ രാജിയ്ക്കും അറസ്റ്റിനും പിന്നെയും വേണ്ടിവന്നു മാസങ്ങള്‍.

രാഷ്ട്രീയസമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് 2010 നവംബര്‍ പതിനഞ്ചിന് എ.രാജ രാജിവച്ചു. 2011 ഫെബ്രുവരി പത്തിന് സിബിഐ രാജയെ അറസ്റ്റ് ചെയ്തു. നാലുദിവസം സിബിഐ കസ്റ്റഡിയ്ക്ക് ശേഷം തിഹാര്‍ ജയിലിലേക്ക്. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും മകള്‍ കനിമൊഴിയും അറസ്റ്റിലായി. രാജ അഞ്ചുമാസവും കനിമൊഴി 139 ദിവസവും അഴിക്കുളളില്‍ കിടന്നു. മൂന്ന് കുറ്റപത്രങ്ങള്‍ ‍‍ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഡിഎൡംകെയുടെ നിയന്ത്രണത്തിലുളള കലൈഞ്ജര്‍ ടിവിക്ക് ടെലികോം കന്പനികള്‍ ഇരുനൂറ് കോടി രൂപ നല്‍കിയെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസ്. ഇതേസമയം തന്നെ സുപ്രീംകോടതിയിലും ടുജി കേസ് കത്തിപടര്‍ന്നു.

സിഎജിയ്ക്ക് സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്ന നിലപാടാണ് വാര്‍ത്താവിതരണമന്ത്രാലയം സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. മൂവായിരം കോടിയുടെ ലാഭമുണ്ടായെന്ന് ട്രായ് വിശദീകരിച്ചു. 2012 ഫെബ്രുവരി രണ്ടിന് കേന്ദ്രസര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ച സുപ്രീംകോടതി, രാജയുടെ കാലയളവില്‍ അനുവദിച്ച നൂറ്റിയിരുപത്തിരണ്ട് ലൈസന്‍സുകള്‍ റദ്ദാക്കി. ധനമന്ത്രിയായിരുന്ന പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം തളളി. 2011 നവംബര്‍ പതിനൊന്നിന് ‍‍ഡല്‍ഹി പ്രത്യേക കോടതിയില്‍ തുടങ്ങിയ വിചാരണ കഴിഞ്ഞ ഏപ്രില്‍ പത്തൊന്‍പതിനാണ് അവസാനിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ അറിവോടെയാണ് ടുജി സ്പെക്ട്രം വിതരണം ചെയ്തതെന്നായിരുന്നു രാജയുടെ മൊഴി. 4400 പേജുകളിലെ സാക്ഷിമൊഴികളും, ആയിരത്തിലധികം രേഖകളും പരിശോധിച്ചതിന് ശേഷമാണ് കോടതിവിധി.

2004ല്‍ കേവലഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിന് ഡി.എം.കെയെ ഒപ്പം നിര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. രാജയ്ക്കും കനിമൊഴിക്കുമെതിരെ ആരോപണം ശക്തമായപ്പോഴും ഡിഎംകെയെ തളളിപറയാന്‍ യുപിഎ തയാറായില്ല. പക്ഷെ അതിന് വലിയവില തന്നെ കൊടുക്കേണ്ടി വന്നു.

ഇന്ത്യന്‍ രാഷ്ട്രീയം അനിശ്ചിതത്വങ്ങളുടെ ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ കാലം. കേന്ദ്രമന്ത്രിസഭ നിലനിര്‍ത്താന്‍ ഡി.എം.കെയുടെ പിന്തുണ യു.പി.എയ്ക്ക് അനിവാര്യമായിരുന്നു. സ്പെക്ട്രം വിതരൡണൡത്തിലെ, ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം എന്ന നയം എ.രാജയും റിലയന്‍സ് അടക്കം ഭീമന്‍ ടെലികോം കന്പനികളും അട്ടിമറിച്ചുവെന്ന് വ്യക്തമായിട്ടും അന്നത്തെ യുപിഎ അനങ്ങിയില്ല.  പ്രതിപക്ഷമായിരുന്ന എന്‍.ഡി.എ തുടര്‍ച്ചയായി പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചു. സിഎജി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയായിരുന്നു രാഷ്ട്രീയ ആരോപണങ്ങള്‍. പ്രതിപക്ഷആവശ്യം അംഗീരിച്ച സര്‍ക്കാര്‍ ജോയിന്‍റ് പാര്‍ലമെന്‍ററി സമിതി അന്വേഷണത്തിന് വഴങ്ങി. സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമാണോ എന്നതായിരുന്നു രണ്ടരവര്‍ഷം പ്രവര്‍ത്തിച്ച കമ്മിറ്റിയുടെ പരിഗണനാവിഷയം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും ധനമന്ത്രി പി.ചിദംബരത്തേയും വിളിച്ചുവരുത്തണമെന്ന് ബിജെ പി നേതാക്കള്‍ ജെപിസിയില്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍, ടുജിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ഫയലുകളും രേഖകളും മുന്നിലുളള സാഹചര്യത്തില്‍ മന്‍മോഹന്‍ സിങിനെ വിളിച്ചുവരുത്താന്‍ ജെപിസി അധ്യക്ഷന്‍ പി.സി.ചാക്കോ തയാറായില്ല.

ലേലം വേണ്ടെന്നും ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് എന്നതായിരുന്നു സര്‍ക്കാര്‍ നയം.ടെലികോം മന്ത്രി രാജയും ടെലികോം കന്പനികളും കേന്ദ്രസര്‍ക്കാര്‍ നയം അട്ടിമറിച്ച് തെറ്റായ നടപടിക്രമം സ്വീകരിച്ചുവെന്ന് ജെപിസി കണ്ടെത്തി. കൂടുതല്‍ അന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്തു. രാജയെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  ശ്രമിച്ചില്ല. നടപടി ക്രമം വളച്ചൊടിച്ച് ഇഷ്ടക്കാര്‍ക്ക് ലാഭമുണ്ടാക്കാന്‍ രാജ വഴിയൊരുക്കി. സര്‍ക്കാര്‍ നയം നടപ്പാക്കുമെന്ന്  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെഴുതിയ കത്തില്‍ രാജ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇതിലൂടെ രാജ ചെയ്തതെന്നും ജെപിസി റിപ്പോര്‍ട്ടില്‍ പറയുന്നു.  ലേലത്തില്‍ വില്‍ക്കാത്തതിനാല്‍ ഒരു കോടി എഴുപത്തിനാല് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ കണക്ക് സാങ്കല്‍പികമാണെന്ന് ജെപിസി അന്തിമവിധിയെഴുതി. കേന്ദ്രത്തിന് തെറ്റുപറ്റിയിട്ടില്ല. സ്പെക്ട്രം നയം കാരണം കോടികണക്കിന് ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരക്കില്‍ ലാഭമുണ്ടായി. സാമൂഹിക ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്പെക്ട്രം ലേലം ചെയ്യാതിരുന്നതെന്നും പരമാവധി പണം ലഭിക്കുകയെന്നതല്ല, കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കുകയെന്നതായിരുന്നു സര്‍ക്കാര്‍ നയമെന്നും ജെപിസി വ്യക്തമാക്കി.

എന്നാല്‍, പി.സി ചാക്കോ അധ്യക്ഷനായ പാര്‍ലമെന്‍റ് സമിതി സുതാര്യതയില്ലാത്തതായിരുന്നുവെന്നും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ക്ളീന്‍ ചിറ്റ് നല്‍കി കോണ്‍ഗ്രസ് മുഖം രക്ഷിക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നു. ബൊഫേഴ്സ് കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പാര്‍ലമെന്‍റ് കമ്മിറ്റിക്കു ശേഷം ഇത്രത്തോളം തെറ്റായി പ്രവര്‍ത്തിച്ച പാര്‍ലമെന്‍റ് സമിതി വേറെയില്ലെന്നും ബിജെപി ആരോപിച്ചു. 

രാജയെ മാത്രം ലക്ഷ്യമിട്ട റിപ്പോര്‍ട്ട് ഡിഎൡംകെയെ കോണ്‍ഗ്രസില്‍ നിന്ന് മാനസികമായി അകറ്റി. രാജ എടുത്ത എല്ലാ തീരുമാനവും പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും അറിവോടെയെടുത്ത തീരുമാനങ്ങളാണെന്നും അതിനാല്‍ രാജയെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നുമായിരുന്നു ഡിഎംകെയുടെ ആരോപണം. ടി.ആര്‍ ബാലു അടക്കമുള്ള നേതാക്കള്‍ ഈ വികാരം ജെപിസിയില്‍ ഉന്നയിച്ചു. പ്രധാനമന്ത്രിയോ ധനമന്ത്രിയോ ഇത്തരം തീരുമാനങ്ങളില്‍ ഒപ്പിട്ടതായി രേഖകളില്ലെന്നായിരുന്നു ജെപിസിയുടെ കണ്ടെത്തല്‍. 

 പ്രധാനമന്ത്രിയെയും ധനമന്ത്രിയേയും രക്ഷിക്കാന്‍ രാജയെ ബലികൊടുത്തുവെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. നിരപരാധിയാണെന്ന് രാജ പലതവണ പറഞ്ഞു. രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് ആവര്‍ത്തിച്ചു.

മകള്‍ കനിമൊഴിയുടെ അറസ്റ്റും ഭാര്യ ദയാലുഅമ്മാളെ പ്രതിപട്ടികയില്‍ ചേര്‍ത്തതും കരുണാനിധിയുടെ മനസുമുറിച്ചു.  കരുണാനിധിയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കേന്ദ്രമന്ത്രിമാര്‍ പലതവണ ചെന്നൈയ്ക്ക് പറന്നു. പക്ഷെ ആ ബന്ധം കൂടുതല്‍ കാലം നീണ്ടുപോയില്ല. ശ്രീലങ്കന്‍ തമിഴരുടെ കൂട്ടക്കുരുതിയില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുന്നില്ല എന്നാരോപിച്ച് ഡിഎംകെ മുന്നണി വിട്ടു. ടുജി വിവാദം കത്തിനിന്ന സമയത്ത് ഡി.എം.കെയെ തലങ്ങും വിലങ്ങും പ്രഹരിച്ചെങ്കിലും ബിജെപിയ്ക്ക് ഇപ്പോള്‍ ആ നിലപാടില്ല.  വാജ്പേയ് സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന ഡി.എം.കെയെ മടക്കികൊണ്ടുവരികയെന്ന ചിന്ത ബിജെപി നേത‍ൃത്വത്തിനുണ്ട്. ‍പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനിധിയെ സന്ദര്‍ശിച്ചതിന്‍റെ രാഷ്ട്രീയം പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു.  2004ല്‍ വേര്‍പിരിഞ്ഞ പഴയ കൂട്ടുകെട്ടിലേക്ക്  മടക്കി കൊണ്ടുവരികയാണ് മോദിയുടെ സന്ദര്‍ശനലക്ഷ്യമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പ്രവചിക്കുന്നു. പക്ഷെ ടുജി കേസ് യുപിഎയ്ക്ക് ഉണ്ടാക്കിയ രാഷ്ട്രീയനഷ്ടം ചെറുതല്ല. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്.ഡി.എ മുന്നണി ഭരണത്തിലെത്തി. ലോക്സഭയില്‍ മുപ്പത് വര്‍ഷത്തിന് ശേഷം ഒരു കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷം ജനം നല്‍കിയെന്നത് ചരിത്രം. 

തിരഞ്ഞെടുപ്പിലെ തോല്‍വിക്കുമപ്പുറം കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യു.പി.എ സര്‍ക്കാരിനു മേല്‍ പതിച്ച മായാത്ത കളങ്കമായാണ് ടുജി സ്പെക്രം അഴിമതിയെ ലോകം കണ്ടത്. ടുജി സ്പെക്ട്രം വിതരണത്തില്‍ നടന്നത് പകല്‍കൊളളയാണെന്ന് വ്യക്തം. രാജ്യത്തിന്‍റെ വിഭവങ്ങള്‍ കൊളളയടിക്കാന്‍ സാഹചര്യമൊരുക്കുന്ന നയങ്ങള്‍ ഇപ്പോഴും അതേപടി നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. മുന്നണിയും ഭരണവും നിലനിര്‍ത്താന്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയാറാകുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ടുജി കേസ് നല്‍കുന്ന സന്ദേശം ലളിതമാണ്. ജനം നിങ്ങള്‍ക്ക് മറുപടി നല്‍കും. അഴിമതിക്കേസുകളില്‍ തെളിവുകളാണ് വിധി തീരുമാനിക്കുന്നത്.ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന അഴിമതികള്‍ക്ക് ടുജി വിധി  പാഠമാകുമോ? അഴിമതിക്ക് കുടപിടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താക്കീതാകുന്ന ഉത്തരവുകളാണ് ഇന്ത്യന്‍ ജനാധിപത്യം നിലവില്‍ ആവശ്യപ്പെടുന്നത്

MORE IN SPECIAL PROGRAMS
SHOW MORE