ആലോചനകളേതുമില്ലാത്തൊരു അന്തിപ്രസംഗം

demonetisation-india
SHARE

പാലാക്കാരൻ സന്തോഷ് മാത്രമല്ല. രാജ്യമൊട്ടാകെ നവംബർ എട്ടിന് രാത്രി ഞെട്ടിത്തെറിച്ചു. കള്ളപ്പണക്കാർ, കള്ളനോട്ടുകാർ, തീവ്രവാദികൾ എന്നിവരായിരുന്നു നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ഇരകൾ.  ആ രാത്രി വളരെ ദുരൂഹമായിരുന്നു. അഭ്യൂഹങ്ങളും കിംവദന്തികളും അന്തരീക്ഷത്തിൽ പാറിനടന്നു. സമൂഹമാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞവർ പലരും ആരോ ട്രോളിയതാണെന്ന് കരുതി അവഗണിച്ചു.  പലയിടത്തും ജ്വല്ലറികൾ രാത്രിവൈകി ജീവനക്കാരെ തിരിച്ചുവിളിച്ചെന്നും കള്ളപ്പണം സ്വീകരിച്ച് സ്വർണം വിറ്റെന്നും സ്വകാര്യമായ വെളിപ്പെടുത്തലുകൾ. 

കണക്കിൽ പെടാത്തപണം പൂഴ്ത്തിവച്ചിരുന്നവർ ജൻധൻ അക്കൗണ്ടുടമകളായ ദരിദ്രനാരായണൻമാരെ തേടി പരക്കം പാഞ്ഞു. രണ്ടോമൂന്നോ അസാധുനോട്ടുകൾ മാത്രം കൈവശമിരുന്നവർ രാത്രിക്കുരാത്രി തന്നെ പെട്രോൾ പമ്പിലും ഹോട്ടലിലുമൊക്കെ കൊടുത്ത് തടിതപ്പി. പലയിടത്തും അസാധുനോട്ട്  എടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം. നേരം പുലർന്നു. ബാങ്കില്ല, എ.ടി.എം പ്രവർത്തിക്കില്ല. രാജ്യം സ്തംഭിച്ചു. കയ്യിലുള്ള അസാധുനോട്ടുകൾ മാറാവുന്നതോ.. സർക്കാർ ആശുപത്രിയിലും ഫാർമസിയിലും പമ്പിലും പാൽ ബൂത്തിലും യാത്രാടിക്കറ്റുകൾക്കും ശ്മശാനത്തിലും. ജനം വലഞ്ഞു. രണ്ടാംദിനം ബാങ്കുകൾ തുറന്നു. പിന്നെ കണ്ടത് സമാനതയില്ലാത്ത കാഴ്ചകൾ.

പല ബാങ്കുകളിലും സംഘർഷ സ്ഥിതി. ജോലിക്കു പോകാനാവാതെ നോട്ടുമാറാൻ ബാങ്കിലെത്തി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്ന ജനം പലയിടത്തും അസ്വസ്ഥരായി. എന്നിട്ടും വെനിസ്വലയിലും മറ്റു പലരാജ്യങ്ങളിലും ഉണ്ടായതുപോലെ അവർ തെരുവിലിറങ്ങി പ്രതിഷേധിച്ചില്ല. അസാധുനോട്ടുകൾ ഡിസംബർ 30 വരെ ബാങ്കിലോ പോസ്റ്റ് ഓഫിസിലോ നിക്ഷേപിക്കാമെന്നും അതുകഴിഞ്ഞാൽ മാർച്ച് 31വരെ റിസർവ് ബാങ്കിന്റെ പ്രാദേശിക ഓഫിസുകളിൽ കാരണം കാണിച്ച് നിക്ഷേപിക്കാമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ നിബന്ധനകൾ പലതവണ മാറിമറിഞ്ഞു. ആർ.ബി.ഐയുടെ വിരലിലെണ്ണാവുന്ന ഓഫിസുകളിലേക്ക് നോട്ടുമാറ്റം പരിമിതപ്പെടുത്തി. അതും എൻ.ആർ.ഐകൾക്കുമാത്രം.

കേരളത്തിലുള്ളവർക്ക് ആർ.ബി.ഐയുടെ ചെന്നൈ ഓഫിസിൽ പോകേണ്ടി വന്നു. എന്തായാലും നവംബർ മാസം മിക്ക ബാങ്കുശാഖകളിലും നടന്ന പ്രധാന ഇടപാട് നോട്ടുമാറി നൽകലും അസാധുനോട്ടുകളുടെ നിക്ഷേപം സ്വീകരിക്കലും മാത്രമായിരുന്നു. എ.ടി.എമ്മുകൾ തുറന്നപ്പോൾ അതിനുമുന്നിലും രൂപപ്പെട്ടു നീണ്ട ക്യൂ. പുതിയ 2000 രൂപ നോട്ടുകൾക്കായി എടിഎം മെഷീൻ സജ്ജമാകാത്തതിനാൽ പലയിടത്തും അവ പ്രവർത്തിച്ചില്ല. എടിഎം മെഷീൻ കൈമലർത്തി കാണിച്ചതോടെ ക്യൂനിന്നവർ നിരാശരായി മടങ്ങി. വിദൂര പ്രദേശങ്ങളിലുള്ള എടിഎമ്മുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങാൻ ആഴ്ചകളെടുത്തു. എടിഎമ്മുകളിൽ നിറച്ച പണമൊക്കെ നിമിഷങ്ങൾ കൊണ്ട് തീരുകയും ചെയ്തതോടെ സ്ഥിതി ഗുരുതരമായി. 

ബാങ്കുകൾക്കും എടിഎമ്മുകൾക്കും പുറത്ത് ഇതിലും ഗുരുതരമായ പ്രശ്നങ്ങൾ നടന്നു. നോട്ടുപിൻവലിക്കലിന്റെ ആദ്യദിവസങ്ങൾക്കുശേഷം സഹകരണബാങ്കുകളിൽ അസാധുനോട്ടുകളിൽ നിക്ഷേപം സ്വീകരിക്കുന്നത് വിലക്കി. കെവൈസി മാനദണ്ഡങ്ങൾ നിർബന്ധമല്ലാത്ത പ്രാഥമികസഹകരണ സംഘങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളായി മാറിയെന്ന സംശയമായിരുന്നു ഇതിന് കാരണം. കേരളവും ഗുജറാത്തും പോലെയുള്ള സംസ്ഥാനങ്ങളിലെ സഹകരണബാങ്കുകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നിരുന്ന ഗ്രാമീണമേഖലകൾ നിശ്ചലമായി.

എന്തായാലും സഹകരണബാങ്കുകളിൽ റിസർവ് ബാങ്ക് നിർദേശിച്ച മാനദണ്ഡങ്ങൾ കേരളം അതിവേഗം പ്രാവർത്തികമാക്കി. സംസ്ഥാനസർക്കാരിന്റെ പ്രവർത്തനത്തേയും നോട്ടുപിൻവലിക്കൽ ബാധിച്ചു. ഡിസംബർ ഒന്നിന് ശമ്പളവും പെൻഷനും നൽകാൻ ട്രഷറികൾ ബുദ്ധിമുട്ടി. സർ്്കാർ പോലും നോട്ടുക്ഷാമം മൂലം വലഞ്ഞെങ്കിൽ പൊതുജനത്തിന്റെ കാര്യം പറയേണ്ടല്ലോ. 

ഗ്രാമീണ ഇന്ത്യയുടെ നട്ടെല്ലായ കാർഷിക മേഖലയെ നോട്ടുക്ഷാമം ഗുരുതരമായി ബാധിച്ചു. ആദ്യ ദിവസങ്ങളിൽ എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധിതുക 2000 രൂപയും ബാങ്ക് ശാഖവഴിയുള്ളത് ആഴ്ചയിൽ 20000 രൂപയുമായി പരിമിതപ്പെടുത്തിയത് പണിക്കാർക്ക് കൂലി കൊടുക്കാനാവാത്ത സ്ഥിതിയുണ്ടാക്കി. ക്ഷീരകർഷകർക്ക് വാങ്ങിയ പാലിന്റെ വിലനൽകാനാവാതെ ക്ഷീരസഹകരണസംഘങ്ങൾ ബുദ്ധിമുട്ടി. പണം കിട്ടാതെ വന്നതോടെ പശുവിന് തീറ്റവാങ്ങി നൽകുന്നതിനുപോലും കർഷകർ വിഷമിച്ചു. അന്നുതുടങ്ങിയ പ്രശ്നങ്ങൾ ഇനിയും തീർന്നിട്ടില്ലെന്നാണ് അനുഭവസാക്ഷ്യം.

അസംഘടിത-ചെറുകിട മേഖലയെയാണ് നോട്ടുപിൻവലിക്കൽ ഗുരുതരമായി ബാധിച്ചത്. പെരുമ്പാവൂരുള്ള പ്ലൈവുഡ് വ്യവസായമേഖല ഉദാഹരണമാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിരവധി സ്ഥാപനങ്ങൾ പൂട്ടി. പല സ്ഥാപനങ്ങളുടെയും പ്രവർത്തനം ആഴ്ചയിൽ ഒന്നോരണ്ടോ ദിവസമായി ചുരുങ്ങി. പിന്നാലെ ജി.എസ്.ടിയും നടപ്പിലായതോടെ അവശേഷിക്കുന്ന കമ്പനികളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇതരസംസ്ഥാനത്തൊഴിലാളികളുടെ ഗൾഫായിരുന്നു പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായമേഖല. തൊഴിൽ ഇല്ലാതായതോടെ നൂറുകണക്കിന് ഇതര സംസ്ഥാനക്കാർ ജൻമനാട്ടിലേക്ക് മടങ്ങി. അസംഘടിത മേഖലയിൽ ഏറ്റവും തൊഴിൽ നൽകുന്ന നിർമാണമേഖലയെയും നോട്ടുപിൻവലിക്കൽ ഗുരുതരമായി ബാധിച്ചു. 

narendra-modi-prime-minister

മഹാരാഷ്ട്രയിലും തമിഴ്‍നാട്ടിലുമൊക്കെ വസ്ത്രനിർമാണ-വ്യാപാരമേഖലകളിലായിരുന്നു തൊഴിൽ നഷ്‍ടം ഏറെയുണ്ടായത്. ഉൽപാദനം വലിയതോതിൽ കുറഞ്ഞു. ചെറുകിട യൂണിറ്റുകൾ പലതും പൂട്ടി. നോട്ട് പിൻവലിച്ച് ഒരാഴ്ചക്കാലം വ്യാപാരമേഖല നിശ്ചലമായിരുന്നു. അതും രൂക്ഷമായി ബാധിച്ചത് ചെറുകിടക്കാരെ തന്നെ. 

ചെറുകിടമേഖലകളെ ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പലതവണയായി ചില ആനുകൂല്യങ്ങളും വായ്പാപദ്ധതികളും പ്രഖ്യാപിച്ചെങ്കിലും പിന്നാലെ ചരക്കുസേവനനികുതി കൂടി നടപ്പാക്കിയതോടെ സ്ഥിതി ഗുരുതരമാകുകയാണ് ചെയ്തത്. പ്രത്യാഘാതങ്ങൾ എന്തൊക്കെയായാലും നോട്ടുനിരോധനം മോദി ആരാധകരെ ആവേശഭരിതരാക്കി

ജനത്തെ ഇത്രയേറെ ബുദ്ധിമുട്ടിച്ച ഈ സാമ്പത്തികനടപടിയുടെ ബാക്കിപത്രം നോക്കിയാൽ നിലവിലെ കണക്കുകൾ നിരാശാജനകമായ ചിത്രമാണ് നൽകുന്നത്. ഉൽപാദനമേഖലയിലും വ്യാപാരമേഖലയിലുമുണ്ടായ മാന്ദ്യം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 5.7 ശതമാനത്തിലേക്ക് താഴുന്നതിനിടയാക്കി. 

കഴിഞ്ഞ സാമ്പത്തികവർഷം 6.6 ശതമാനമായിരുന്നു വളർച്ച. എന്നാൽ ഈ കണക്കുപോലും യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലെയാണ്. ഡി.നാരായണ, ഡയറക്ടർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് (യഥാർഥ വളർച്ച ഇതിലും താഴെയാണ് എന്നു പറയുന്നത്) കള്ളപ്പണം നോട്ടുകളായി പെട്ടിയിലും രഹസ്യഅറകളിലും ഇരിക്കുന്നു എന്ന മിത്ത് തകർന്നുവീഴുന്നതിനും നോട്ടുനിരോധനം വഴിതെളിച്ചു എന്നതാണ് വസ്തുത. നോട്ടുനിരോധനത്തിന് മുമ്പ് 15.44 ലക്ഷം കോടിരൂപയുടെ നോട്ടുകൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. 

റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ഇതിൽ 15.28 കോടിരൂപയും നോട്ടുനിരോധനത്തിനുശേഷം ബാങ്ക് അക്കൗണ്ടുകളിൽ തിരികെയെത്തി. തീർന്നില്ല, ജില്ലാ സഹകരണബാങ്കുകളിൽ ശേഖരിച്ചിരിക്കുന്ന ആസാധുനോട്ടുകൾ ആർ.ബി.ഐ ഇനിയും ഏറ്റെടുത്തിട്ടില്ല. ഇന്ത്യൻ രൂപ ഏറെ പ്രചാരത്തിലുണ്ടായിരുന്ന നേപ്പാളിൽ നിന്നുള്ള നോട്ടുകളും കണക്കിൽ കൂട്ടിയിട്ടില്ല. അപ്പോൾ പിന്നെ കള്ളപ്പണം എവിടെ പോയി.

മറ്റൊരു ഉദാഹരണം കൂടി പറയാം. നമ്മൾ മുമ്പുകണ്ട കർഷകൻ ശശികുമാറിന് തന്റെ ഒരുവിളവെടുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ വരുമാനം കിട്ടിയെന്നിരിക്കട്ടെ. ആപണം ഉപയോഗിച്ച് അദ്ദേഹം സ്വർണാഭരണം വാങ്ങി. ജ്വല്ലറിയുടമ ബില്ല് നൽകിയില്ലെന്ന് കരുതുക. അപ്പോൾ ഒരു ലക്ഷം രൂപ ജ്വല്ലറിയുടമയുടെ കയ്യിലെ കള്ളപ്പണമായി. ആപണം ശമ്പളമായി ജ്വല്ലറി ജീവനക്കാർക്ക് കിട്ടിയപ്പോൾ വെളുത്തു. ജ്വല്ലറി ജീവനക്കാരൻ ഇതേ ശമ്പളത്തിൽ നിന്നെടുത്ത് എന്തെങ്കിലും കാര്യസാധ്യത്തിന് ഒരു സർക്കാർ ജീവനക്കാരന് കൈക്കൂലി കൊടുത്തു. വീണ്ടും അതേപണം കള്ളപ്പണമായി. പണം ഒന്നേയുള്ളു. അത് കള്ളപ്പണമാകുന്ന മാർഗങ്ങൾ തടയുകയാണ് വേണ്ടത്.

നോട്ടുനിരോധനത്തിനുപിന്നാലെ രാജ്യവ്യാപകമായി നടന്ന റെയ്ഡിൽ കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തത് നോട്ടുനിരോധനത്തിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. 13 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലെത്തിയ തുകയും അക്കൗണ്ടുടമയുടെ വരുമാനവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണം നടക്കുന്നെന്നും ആദായനികുതി വകുപ്പ്. കള്ളപ്പണം ബാങ്കിൽ തിരികെയെത്തില്ലെന്നും അങ്ങനെ കിട്ടുന്ന പണം സർക്കാർ ജനക്ഷേമത്തിനായി ഉപയോഗിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ റിസർവ് ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്രസർക്കാരിന് കൊടുത്ത ഡിവിഡന്റ് 65876 കോടിരൂപയിൽ നിന്ന് 30657 കോടിരൂപയായി കുറയുകയാണ് ചെയ്തത്. നോട്ടുപിൻവലിക്കൽ നടപടി റിസർവ് ബാങ്കിന് വരുത്തിവച്ച ഭീമമായ ചെലവാണ് ഇതിന് മുഖ്യകാരണം. നോട്ടുപിൻവലിക്കല്‍ മൂലം കള്ളപ്പണം തടയാനായില്ലെങ്കിലും തുടർന്ന് സ്വീകരിച്ച നടപടികൾ ഗുണംചെയ്യുമെന്ന് ചില സാമ്പത്തികവിദഗ്ധർ പറയുന്നു.

കള്ളനോട്ടുകളുടെ കാര്യത്തിലും നോട്ടുനിരോധനം തെറ്റായിരുന്നു എന്ന് പറയാതെ വയ്യ. കാരണം റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടുപ്രകാരം അഞ്ഞൂറിന്റെ പത്തുലക്ഷം നോട്ടുകൾ എടുത്താൽ അതിൽ ഏഴെണ്ണം മാത്രമേ കള്ളനോട്ട് കണ്ടെത്താനായിട്ടുള്ളു. ആയിരത്തിന്റെ പത്തുലക്ഷം നോട്ടുകളിൽ പത്തൊമ്പതും. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനപ്രകാരം 400 കോടിരൂപയുടെ കള്ളനോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇത്രയും നോട്ടുകൾ പിടികൂടാൻ ആകെ കറൻസിയുടെ 86 ശതമാനം നോട്ടുകളും നിരോധിച്ചതിനു പിന്നിലെ യുക്തിരാഹിത്യവും ചോദ്യം ചെയ്യപ്പെടുന്നു. ഡിജിറ്റലൈസേഷന്റെ കാര്യത്തിലും നേരിയ മുന്നേറ്റമേ നേടാനായുള്ളു. വിപണിയിൽ നോട്ട് ലഭ്യമല്ലാതിരുന്ന സമയത്ത് പേടിഎം പോലെയുള്ള ബദൽ മാർഗങ്ങൾ തേടിപോയവർ പോലും നോട്ട് ക്ഷാമം അവസാനിച്ചതോടെ അതിൽ നിന്ന് പിൻമാറി. കഴിഞ്ഞ ഡിസംബറിൽ 149 ലക്ഷം കോടിരൂപയുടെ ഡിജിറ്റൽ ഇടപാടുകൾ നടന്നത് ജൂലൈയിൽ 107 ലക്ഷം കോടിരൂപയിലേക്ക് താഴ്ന്നത് ഇതിന് തെളിവാണ്. നോട്ടുപിൻവലിക്കൽ മൂലം നികുതിവരുമാനം കൂടിയെന്നും റിട്ടേണുകളുെട എണ്ണം വൻതോതിൽ ഉയർന്നെന്ന വാദവും തെറ്റാണ്. 

ബാങ്കുകളിൽ വൻതോതിൽ നിക്ഷേപം കുമിഞ്ഞു കൂടിയെങ്കിലും അതൊന്നും വായ്പയായി മാറിയില്ലെന്നതും ദോഷം ചെയ്തു. നോട്ടുപിൻവലിക്കലും ജി.എസ്.ടിയും ഒക്കെ ചേർന്ന് നിക്ഷേപാന്തരീക്ഷം മോശമായതോടെ കോർപറേറ്റുകളും വ്യക്തികളും വായ്പയെടുക്കാൻ മടിക്കുന്നതാണ് കാരണം. മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ വില നാൽപതുബാരലിലും താഴെയെത്തിയ അനുകൂല സാഹചര്യമുണ്ടായിരുന്നു. ആ അനുകൂല സാഹചര്യം ഇപ്പോഴില്ല. നിലവിലെ പ്രശ്നങ്ങൾ എന്നു മാറുമെന്നോ നോട്ടുപിൻവലിക്കൽ കൊണ്ടുവരുമെന്ന് കരുതിയ അച്ഛേ ദിൻ എന്ന് എത്തുമെന്നോ ആർക്കും ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് ചുരുക്കം.

MORE IN SPECIAL PROGRAMS
SHOW MORE