മണ്ണിനടിയിൽ വൻ ആയുധശേഖരം; ചൈനയുടെ 'രഹസ്യ പട്ടാളം'; കൗതുകം

chinaarmy-06
ചിത്രം: കടപ്പാട് , യൂട്യൂബ്
SHARE

കൃഷിയിടം കുഴിക്കുന്നതിനിടെയാണ് ചൈനയിലെ കർഷകർ വെങ്കലത്തിലുള്ള വൻ ആയുധ ശേഖരം കണ്ടെത്തിയത്. അതും വെങ്കലത്തിൽ തീർത്തത്. ആയുധം മാത്രമായിരുന്നില്ല ടെറാകോട്ടയിൽ തീർത്ത പടയാളികളും കുതിരകളും മറ്റു മൃഗങ്ങളും പക്ഷികളും രഥങ്ങളും ഒക്കെയുണ്ടായിരുന്നു ശേഖരത്തിൽ. രണ്ടായിരത്തിലേറെ വർഷം പഴക്കമുണ്ടെന്നും പുരാവസ്തു ഗവേഷകർ കണ്ടെത്തി.

ചൈനയിലെ മ്യൂസിയത്തിലേക്ക് ഈ കൂറ്റൻ പട്ടാളത്തെ സർക്കാർ മാറ്റുകയും ചെയ്തു. ബിസി 210 മുതൽ 290 വരെ ചൈന ഭരിച്ച ക്വിൻ ഷി ഹുവാങ് രാജാവിന്റേതായിരുന്നു ആ സൈന്യമെന്നാണു കരുതുന്നത്. മരിച്ചു കഴിഞ്ഞാലും പരലോകത്തു രാജാവിനു സംരക്ഷണത്തിനും യാത്രയ്ക്കും വേണ്ടിയായിരുന്നത്രേ അത്രയും വലിയ സൈന്യം! പടയാളികളെ കളിമണ്ണു കൊണ്ടാണു നിർമിച്ചിരുന്നതെങ്കിലും അവരുടെ ആയുധങ്ങളെല്ലാം വെങ്കലത്തിൽ നിർമിച്ചതായിരുന്നു. വാളും കുന്തവും കൊളുത്തുകളും അസ്ത്രങ്ങളുമെല്ലാമായി ഈ ആയുധങ്ങൾ ഗവേഷകരെ കുഴക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 

വർഷങ്ങളോളം മണ്ണിനടിയിൽ കിടന്നിട്ടും ആയുധങ്ങൾ ദ്രവിക്കുകയോ ക്ലാവു പിടിക്കുകയോ ചെയ്യാതിരുന്നതാണ് ഈ അമ്പരപ്പിനു കാരണം. ഇതിനെപ്പറ്റി പഠനം നടത്തുകയായിരുന്ന ഗവേഷകർ അടുത്തിടെ അതിന്റെ ഏകദേശ കാരണവും കണ്ടെത്തി. വെങ്കലം ദ്രവിക്കാതെ സംരക്ഷിക്കാനായി അതിനു മുകളിൽ ഒരു ‘ആവരണം’ ഉണ്ടായിരുന്നുവെന്നാണ് സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്നത്തെ കാലത്ത് അത് ‘ക്രോമേറ്റ് കൺവേർഷൻ കോട്ടിങ്’ എന്നാണ് അറിപ്പെടുന്നത്. സ്റ്റീലും അലൂമിനിയവും ചെമ്പും വെള്ളിയുമൊക്കെ സംരക്ഷിക്കാൻ വേണ്ടി ഇരുപതാം നൂറ്റാണ്ടിൽ കണ്ടുപിടിച്ചതാണ് ഈ ‘കോട്ടിങ്’ രീതി. ചൈനീസ് പടയാളികളുടെ ആയുധങ്ങളിലും ക്രോമിയത്തിന്റെ അംശങ്ങൾ കണ്ടതോടെയാണ് ഗവേഷകരുടെ സംശയം ആ വഴിക്കു നീങ്ങിയത്.

 മരം കൊണ്ടും മുള കൊണ്ടുമെല്ലാം പിടി കെട്ടിയ ആയുധങ്ങളിലാണ് ഈ ക്രോമിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത്തരത്തിൽ അഴുകിപ്പോകുന്ന ‘ജൈവ’ വസ്തുക്കൾക്കൊപ്പമുള്ള ആയുധങ്ങളിൽ മാത്രമാണ് ഈ ‘കോട്ടിങ്’ നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി. അതായത് ജനലിനും വാതിലിനുമെല്ലാം വാർണിഷ് അടിക്കുന്നതു പോലൊരു ഭംഗിവരുത്തൽ ഈ ആയുധങ്ങളിൽ നടത്തിയിരുന്നു. ഈ അസാധാരണ വസ്തുവിൽ നിന്നായിരിക്കാം മണ്ണിലും ക്രോമിയം കലർന്നതെന്നും ഗവേഷകർ പറയുന്നു. 

മണ്ണിന്റെ ഗുണം പരിശോധിക്കാൻ ചൈനയിലെ ടെറാകോട്ട ആർമിയെ കണ്ടെത്തിയ സ്ഥലത്തു നിന്നെടുത്ത മണ്ണിൽ ഏതാനും വെങ്കല ആയുധങ്ങൾ കുഴിച്ചിട്ടു നോക്കിയിരുന്നു. അതേ മാതൃകയിലുള്ള ആയുധങ്ങൾ ബ്രിട്ടനിലെ മണ്ണിലും കുഴിച്ചിട്ടു. നാലു മാസം കഴിഞ്ഞു നോക്കിയപ്പോൾ ചൈനീസ് മണ്ണിലെ ആയുധങ്ങൾക്കൊന്നും ഒരു കുഴപ്പവുമില്ല. ബ്രിട്ടന്റെ മണ്ണിലെ ആയുധങ്ങളിലാകട്ടെ ക്ലാവും പിടിച്ചു! പുരാതന ചൈനയിലെ ജനങ്ങൾക്ക് ആയുധങ്ങൾ ദ്രവിക്കാതെയും ക്ലാവു പിടിക്കാതെയും സംരക്ഷിക്കാനുള്ള വഴി അറിയാമെന്നു തന്നെയാണ് ഈ സൂചനകൾ വിരൽ ചൂണ്ടുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...