കണ്ണൂരിലെ ആ ഉമ്മയെ ലോകം കേള്‍ക്കേണ്ട കാലം..!

is-woman
SHARE

നാസി ജർമനി. 23 കാരിയായ എർനാ പെട്രി എന്ന വീട്ടമ്മ ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. പെട്ടന്നാണ് എർന അവരെ കണ്ടത്. ആറ് ബാലൻമാർ. നഗ്നരായ അവർ വിറയ്ക്കുന്നുണ്ടായിരുന്നു. റോഡിൽ പതുങ്ങിക്കിടക്കുന്നു. എർനക്ക് കാര്യം മനസിലായി.  കോൺസൻട്രേഷൻ ക്യാംപിലേക്ക് കൊണ്ടു പോവുംവഴി രക്ഷപ്പെട്ടോടിയ ജൂത കുട്ടികളാണ്. രണ്ട് കുട്ടികളുടെ അമ്മയായ എർന അവരുടെ കൈ പിടിച്ചു. വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും വസ്ത്രവും നൽകി. പിന്നെ, നേരെ നിൽക്കാറായ കുട്ടികളെ അടുത്തുള്ള മരക്കൂട്ടത്തിനടുത്തേക്ക് കൊണ്ടുപോയി, നിരത്തി നിർത്തി വെടിവച്ചു കൊന്നു. ഒരേസമയം സ്നേഹമയിയായ അമ്മയും വംശവെറി തലയക്ക് പിടിച്ച പിശാചും, അതാണ് സ്ത്രീ. 

(വെൻഡി ലോവറിന്റെ ' ഹിറ്റ്ലേഴ്സ് ഫ്യൂറി' എന്ന പുസ്തകത്തിൽ നിന്ന് )

തീവ്രവാദം, അത് ആശയപരമായാലും മതപരമായാലും സ്ത്രീ എന്നും ഇരയായാണ് ചിത്രീകരിക്കപ്പെടാറ്. തീവ്ര ആശയങ്ങളോടുള്ള അഭിനിവേശം മൂലം കൊടുംക്രൂരതകൾ ചെയ്യാൻ മടിയില്ലാത്ത പെൺമുഖം ആരും കാണാറില്ല. ആധുനിക തീവ്രവാദത്തിന് കരുത്താകുന്ന ഒന്നാണ് മറഞ്ഞിരിക്കുന്ന ഈ മുഖം. നാസി ജർമനിയിൽ ജൂത കൂട്ടക്കൊലയ്ക്ക് പുരുഷൻമാർക്കൊപ്പം നിന്ന സ്ത്രീകൾ നിരവധിയാണ്. കോൺസൻട്രേഷൻ ക്യാംപുകളിൽ ഗാർഡുമാരായും വൃദ്ധരെ കൊന്നൊടുക്കുന്ന നഴ്സുമാരായും രക്തശുദ്ധി ഉറപ്പാക്കുന്ന അമ്മമാരായും ഹിറ്റ്ലറുടെ ഭ്രാന്തൻ ആശയങ്ങൾക്ക് അവർ കൂട്ടുനിന്നു.

പുതുതലമുറതീവ്രവാദത്തിലും പെൺസാന്നിധ്യം ഒട്ടും കുറവല്ല. ജനാധിപത്യ രാജ്യങ്ങളുപേക്ഷിച്ച് ഖലിഫേറ്റ് തേടിപ്പോവുന്നവരെ നോക്കുക. ആധുനിക ലോകക്രമത്തിന് ഉൾക്കൊള്ളാനാവാത്ത തീവ്ര ആശയങ്ങളെ പുൽകുന്നവർ. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ എതിർക്കുന്ന സ്വദേശികളെ വരുതിയിലാക്കാൻ ഇങ്ങനെ നാടുവിട്ടു വരുന്ന വിദേശി സ്ത്രീകളെ ഐഎസ് ഉപയോഗിക്കുന്നതായി സിംഗപ്പൂർ സർവകലാശാലയിലെ ഡോ. ഹമൂൺ ഖെൽഗട്ട് ചൂണ്ടിക്കാട്ടുന്നു. സർവ സ്വാതന്ത്ര്യവുമുള്ള ജനാധിപത്യ രാജ്യങ്ങളിൽ നിന്ന് സ്ത്രീകൾ വരണമെങ്കിൽ ഇതല്ലേ ശരി എന്ന ഐഎസ് ചോദ്യത്തിന് തീവ്രവാദ കോട്ടകളിൽ അകപ്പെട്ട, താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകൾക്ക് ഉത്തരം മുട്ടുന്നു. 

കടൽ കടന്നെത്തിയവരും അല്ലാത്തവരുമായ സ്ത്രീകൾ തീവ്ര ആശയങ്ങളുടെ പ്രചാരകരായി മാറുന്നതാണ് അടുത്ത ഘട്ടം. സ്വന്തം ആരോഗ്യം മാനിക്കാതെ പ്രസവിച്ച് കൂട്ടുന്നതും അന്യജാതിക്കാരിയെ ഭർത്താവ് ലൈംഗിക അടിമയാക്കുന്നതും പെൺമക്കൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും സ്വർഗത്തിലേക്കുള്ള വഴി തുറക്കുമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകൾ. എതിർക്കുന്നവരുടെ തലയറുക്കുന്നത് ഇസ്ലാമികമെന്ന് ആൺമക്കൾക്ക് പറഞ്ഞു കൊടുത്തു വളർത്തുന്ന അമ്മമാർ. ഐ ലൈക്ക് ജിഹാദ്, എനിക്ക് സിറിയയിൽ പോകണം തുടങ്ങി സമൂഹമാധ്യമ പ്രചാരണത്തിൽ പങ്കാളികളാകുന്ന വിദ്യാസമ്പന്നരായ പെൺകുട്ടികളും തീവ്രവാദത്തിന് വളമിടുന്നവർ തന്നെ. 

germany

ഐഎസ് കണ്ണിയാകുന്നവര്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐ.എസ് ഏജന്റുമാരായി പ്രവർത്തിക്കുന്ന സ്ത്രീകൾ നിരവധിയാണ്. പലപ്പോഴും പുരുഷൻമാരേക്കാൾ മികച്ച റിക്രൂട്ടിങ്ങ് ഏജന്റുമാരാണ് സ്ത്രീകളെന്ന് അന്വേഷണ ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു. 'മധുര മനോഹരമായ ഖലിഫേറ്റിനെക്കുറിച്ചുള്ള' കല്ലുവച്ച നുണകൾ വിശ്വസനീയമായി വിദേശികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഇവർക്കാവുന്നു. ഈ പ്രചാരണങ്ങളിൽ മയങ്ങി സ്വർഗരാജ്യം തേടിയെത്തിയ നിരവധി യുവതികൾ പിന്നീട് ചാവേറുകളായി പൊട്ടിച്ചിതറുന്നതും ലോകം കണ്ടു. സിറിയയിലും ഇറാഖിലുമായി രൂപീകരിച്ച ഖലിഫേറ്റിൽ സദാചാര പട്ടാളക്കാരുടെ വേഷത്തിലും സ്ത്രീകൾ പ്രത്യക്ഷപ്പെട്ടു. ബുർഖയും ഹിജാബും ധരിച്ച് അതിന് മുകളിൽ തോക്കുകൾ തൂക്കിയിട്ട് കറങ്ങി നടക്കുന്ന പെൺപോരാളികൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ കിരാത ഭരണത്തിന്‍റെ പേടിപ്പിക്കുന്ന മുഖമാണ്. തുണിക്കടയിൽ വാങ്ങിയ വസ്ത്രത്തിന്റെ നിറമൊന്ന് ഉറപ്പിക്കാൻ മുഖാവരണം അൽപമൊന്ന് മാറ്റിയ യുവതിക്ക് ഈ വനിതാ പോരാളികൾ വിധിച്ചത് 50 ചാട്ടവാറടികളാണ്.

ചെറുക്കുന്ന പെണ്‍ഭാവം, പക്ഷേ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ഏറ്റവും ശക്തമായി ചെറുത്തത് ആ രാജ്യത്തെ സ്ത്രീകളാണ്. പക്ഷേ താലിബാനെ പിന്തുണച്ചവരിലും സഹായിച്ചവരിലും സ്ത്രീകളുണ്ടായിരുന്നു. ചെറു ശതമാനമെങ്കിലും താലിബാൻ ആശയങ്ങൾ ശരിവച്ച സ്ത്രീകൾ. ഇതേ ആശയങ്ങൾ ആയുധമെടുത്ത് പുറത്തിറങ്ങുന്നത് വിലക്കുന്നതിൽ ദു:ഖിക്കുന്ന അഫ്ഗാൻ സ്ത്രീകൾ. തീവ്രവാദികളായ ഭർത്താവും മകനും ദൈവത്തിന്റെ വക്താക്കളെന്ന് തറപ്പിച്ച് പറഞ്ഞവർ. ആൺമക്കളെ ജിഹാദിനയക്കുന്നത് കടമയായി കരുതിയ അമ്മമാരും തീവ്രവാദത്തിന് തണലേകി.

isis-girls

തീവ്രവാദത്തിന്റെ വേരറുക്കാൻ പല തലത്തിലുള്ള ഇടപെടൽ സ്ത്രീകൾക്ക് സാധ്യമാണ്. ശരി തെറ്റുകളെ യുക്തിപൂർവം വിവേചിച്ചറിയണം. സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കലാണ് അതിന് ആദ്യം വേണ്ടത്. അമ്മ, സഹോദരി, ഭാര്യ, മകൾ, അധ്യാപിക, നഴ്സ്... ഏതെല്ലാം ഭാവങ്ങളിൽ തീവ്രനിലപാടുകാരെ നേർവഴി നടത്താൻ സ്ത്രീക്കാവും. സ്വന്തം ജീവൻ പോലും അവഗണിച്ച് അത്തരം ഇടപെടലുകൾ നടത്തുന്ന നൂറുകണക്കിന് സ്ത്രീകളുണ്ട് ഈ ലോകത്ത്. പക്ഷേ ഒരു ചെറുവിഭാഗത്തിന്റെ കറുത്ത മനസ് അത്തരം പ്രയത്നങ്ങൾക്ക് വെല്ലുവിളിയാണ്. 

പത്മാവതി സിനിമക്കെതിരെ സ്ത്രീകളുടെ പ്രകടനം രാജ്യം കണ്ടു. കലാപത്തിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സ്ത്രീ സമൂഹം നാടിന് കരുത്തേക്കും. കേവല രാഷ്ട്രീയ താൽപര്യങ്ങൾ സൃഷ്ടിക്കുന്ന കലാപങ്ങളെ കണ്ണുംപൂട്ടി പിന്തുണക്കുന്ന സഹോദരിമാർ ഒന്നുകൂടി ചിന്തിച്ചാൽ വലിയ സാമൂഹ്യ മാറ്റങ്ങൾക്ക് കളമൊരുങ്ങും. 

തീവ്രവാദിയായ മകന്‍റെ മൃതദേഹം തനിക്ക് കാണേണ്ട എന്നുപറഞ്ഞ മലയാളിയായ ഉമ്മയെ ഓര്‍മയില്ലേ..? കണ്ണൂരില്‍ നിന്ന് ഉയര്‍ന്നുകേട്ട ധീരമായ ആ വിലാപം ലോകത്തിന്റെ കാതുകളിലും പാഠമാകേണ്ട കാലമാണിതെന്ന് ഉറപ്പ്. തീവ്രനിലപാടുകളിലേക്ക് അതിവേഗം നടക്കുന്ന കൂട്ടത്തിനെ പിന്തിരിപ്പിക്കാന്‍ അമ്മവിളിക്കപ്പുറം വേറെ ആര്‍ക്കാകും..?

MORE IN SPOTLIGHT
SHOW MORE