യെമന്‍ വിശന്നുകരയുന്നു, ലോകം കേള്‍ക്കുമോ..?

yemen-child-1
SHARE

ഒരു രാജ്യം കരയുകയാണ്, ഹൃദയം പൊട്ടുമാറുച്ചത്തില്‍. ഇളംകുരുന്നുകളുടെ കണ്ണീരു വറ്റിയ കവിള്‍ത്തടങ്ങളില്‍ ആ രാജ്യമൊന്നാകെ ഉലയുകയാണ്. പട്ടിണിയുടെ ആഴമെന്തെന്ന്, അതിന്റെ നോവും വേവുമെന്തെന്ന് അറിയാന്‍ യെമനിലേക്ക് നോക്കുക. ഹൃദയഭേദകമായ ആ കാഴ്ചകള്‍ ലോകത്തിന്റെ കണ്ണുകളില്‍ പതിയുന്നതേയില്ല. ലോകത്തിന്റെ കാതുകളിലേക്ക് ആ കരച്ചില്‍ ഇരച്ചുകയറുന്നുമില്ല. ലോകത്തിനുമേല്‍ പുതച്ച പട്ടിണിയുടെ പുതപ്പാകുന്നു യെമന്‍. എവിടെയും ദീനമായ നിലവിളികള്‍. മെലിഞ്ഞുണങ്ങിയ കുഞ്ഞുശരീരങ്ങള്‍ ജീവനായി പിടയുന്ന ഭീതിതമായ കാഴ്ചകള്‍. 

ചരിത്രത്തിന്റെയും സംസ്കാരത്തിന്റെ സമ്പന്നത പേറുന്ന ദേശമായിരുന്നു യെമന്‍. യുദ്ധം കീറിമുറിച്ച രാജ്യം ഇന്ന് പട്ടിണിയുടെ മഹാസമുദ്രത്തിലാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി ലോകത്തോട് യാചിക്കുകയാണ് ഒരു ജനത. ആഭ്യന്തരയുദ്ധത്തിന്റെ പുകപടലങ്ങളൊഴിയാത്ത രാജ്യത്തുന്നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് പേടിപ്പിക്കുന്ന കണക്കുകളാണ്. എഴുപതുലക്ഷം പേര്‍ കൊടും പട്ടിണിയിലാണെന്ന് യു.എന്‍ അവസാനം പുറത്തുവിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലക്ഷോപലക്ഷം ജനതയ്ക്ക് വിശപ്പകറ്റാന്‍ ഒരു വഴിയുമില്ല. എപ്പോള്‍ ഭക്ഷണം കിട്ടുമെന്ന് ഒരു തിട്ടവുമില്ല. രാജ്യം പട്ടിണിയുടെ പിടിയിലമര്‍ത്തിയ ആഭ്യന്തര കലാപം തുടങ്ങിയത് 2011 മുതലാണ്. 

പസോളിനിയുടെ സ്വര്‍ഗരാജ്യം

അതിനു മുന്‍പ് യെമന്‍ ലോകത്തിനു മുന്നില്‍ സ്വര്‍ഗരാജ്യമായിരുന്നു. സന്തുഷ്ടമായ അറേബ്യയായിരുന്നു ഒരു കാലത്ത് റോമാക്കാരുടെ കണ്ണില്‍ യെമന്‍. യുനസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച യെമന്റെ തലസ്ഥാന നഗരമായ സനയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയ ഇറ്റാലിയന്‍ കവിയും ചലച്ചിത്ര സംവിധായകനുമായ പസോളിനി യെമനെ വിശേഷിപ്പിച്ചിരുന്നത് ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യമെന്നാണ്. 2011 മുതലാണ് അബ്‌ദുല്ല സാലിഹ് സര്‍ക്കാരിനെതിരെ യെമനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. രാജ്യം നേരിടുന്ന കൊടും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണത്തിലെ അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിച്ചു. 

yemen-people

അബ്‌ദുല്ല സാലിഹ് ഭരണത്തില്‍ നിന്ന പുറത്തായി രാജ്യം നന്നാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും തികച്ചും വിപരീതമായിരുന്നു ഫലം. സ്വര്‍ഗരാജ്യമായ യെമനില്‍ കലാപം കൊടുകുത്തിവാണു. 2014ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂത്തികള്‍  സന നഗരം കീഴടക്കി. തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂത്തികളുടെ നിയന്ത്രണത്തിലായെന്ന് സ്വയം പ്രഖ്യാപിച്ചു.  ഇത് പുതിയൊരു യുദ്ധത്തിന് മരുന്നിട്ടു. സൗദി സഖ്യസേനയും യെമന്‍ സൈന്യവും ഹൂതികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.  ഇപ്പോഴും തുടരുന്ന  ഈ യുദ്ധമാണ് യെമനെ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിലേക്ക് തള്ളിവിട്ടത്.  

ആഭ്യന്തര ഭക്ഷണ ശൃംഖലയാകെ തകര്‍ന്നടിഞ്ഞു. രാജ്യത്തിനു പുറത്തുനിന്നുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ ഇറക്കുമതിയും പാടെ നിലച്ചു. ഇത് രാജ്യത്ത് 80% ത്തിനുമുകളില്‍ ജനങ്ങളെ നേരിട്ട് ബാധിച്ചു. ഭക്ഷണത്തിനൊപ്പം രാജ്യത്ത് കുടിവെള്ളവും കിട്ടാക്കനിയായി. ഭൂരിഭാഗം കുടിവെള്ള ശ്രോതസുകളും പൈപ്പ് ലൈനുകളും യുദ്ധത്തില്‍ തകര്‍ന്നു. വെള്ളത്തിനായി അലഞ്ഞ ജനത ഒരു വഴിയുമില്ലാതെ മലിനജലം കുടിച്ചു ദാഹമകറ്റി. എന്നാല്‍  ഇത് രാജ്യത്തെ തള്ളിവിട്ടത് മറ്റൊരു കൊടും ദുരന്തത്തിലേക്കായിരുന്നു.  

ഏറ്റവും മാരമായ കോളറ യെമനികളെ പിടികൂടി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം യെമനില്‍ രണ്ടുലക്ഷത്തിലധികമായിരുന്നു കോളറ ബാധിതര്‍. ഒരോ ദിവസവും 5000 പേര്‍ക്ക് വീതം രോഗം പിടിപെട്ടു. രോഗം പിടിപെട്ട് മരിച്ചവരില്‍ മുക്കാല്‍ ഭാഗവും കുഞ്ഞുങ്ങളായിരുന്നു. ഭക്ഷണ അടിയന്തരാവസ്ഥയാണ് ഇന്നത്തെ യെമനില്‍. 17 മില്യണ്‍ ജനങ്ങളാണ് ഒരുനേരത്തെയെങ്കിലും ആഹാരത്തിനായി വലയുന്നത്. ‍ഇത് രാജ്യത്തെ മൂന്നില്‍ രണ്ട് വിഭാഗം വരും എന്നത് ഞെട്ടലിന്റെ ശക്തി കൂട്ടുന്നു. മുപ്പത് ലക്ഷം വരുന്ന സ്ത്രീകളും കുട്ടികളും  പോഷകാഹാരം കിട്ടാതെ വലയുന്നു. യു.എന്‍ ഫുഡ‍് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധസംഘടനകള്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെങ്കിലും ഇത്രയധികം ജനങ്ങള്‍ക്ക് അത് പോരാതെ വരുന്നു. പകുതിയിലധികം കുടുംബങ്ങളും ഭക്ഷണസാധങ്ങള്‍ വാങ്ങുന്നത് കടംപറഞ്ഞാണ്. 2016നു ശേഷം സ്ഥിരവരുമാനക്കാരായ ജോലിക്കാരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചുവിട്ടു.

ആരുണ്ട്, ഈ ദുരിതം കാണാന്‍

കഴി‍ഞ്ഞ ദിവസമാണ് യെമനില്‍ നിന്ന് റിയാദിലേക്ക് ഹൂത്തികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. മിസൈല്‍ റിയാദിലെത്തും മുന്‍പ് സൗദി സൈന്യം തകര്‍ത്തു. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലം കടുത്തതായിരുന്നു. യെമനിലേക്കുള്ള ഭക്ഷണസാധനങ്ങളുടെയും മരുന്നിന്റെയും കയറ്റുമതി സൗദി അറേബ്യ നിര്‍ത്തലാക്കി. റിയാദില്‍ നിന്നെടുത്ത പുതിയ തീരുമാനം യെമനെ പൂര്‍ണമായും ഇരുട്ടിലാക്കി. ഭക്ഷണം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം ഭയനകമായ നിലയിലെത്തിയ അവസ്ഥ. 130 കുട്ടികളാണ് ഒരു ദിവസം മാത്രം വിശന്ന് മരിക്കുന്നത്. അടിയന്തിര വൈദ്യസഹായം വേണ്ടത് 2 കോടിയിലധികം പേ‍ര്‍ക്കാണ്. മറ്റ് രാജ്യങ്ങള്‍ കൈമറന്ന് സഹായിച്ചാല്‍ മാത്രമെ യെമന്റെ വിശപ്പടക്കാന്‍ സാധിക്കൂ. 1.2 ബില്യണ്‍ ഡോളറെങ്കിലും ലഭിച്ചാലേ യെമനെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സാധിക്കുകയുള്ളൂ. 

ലോകരാജ്യ സാമ്പത്തിക സഹായം ചോദിച്ച ഐക്യരാഷ്ട്രസഭയ്ക്ക് പ്രശ്നപരിഹാരത്തിന് വേണ്ടതിന്റെ 43% മാത്രം തുകയാണ് ലഭിച്ചത്. യൂണിസെഫും ലോകാരോഗ്യസംഘടനയും ഭക്ഷ·ണം എത്തിക്കാനും വൈദ്യസഹായത്തിനും ‌ആവുന്നത് ചെയ്യുന്നു, ഇതൊന്നും പൂര്‍ണമായും ആ രാജ്യത്തിന്റെ വിശപ്പടക്കുന്നില്ല.

yeman-kids

താല്‍ക്കാലികമായി ഭക്ഷണം എത്തിക്കുന്നതിനു പകരം കൃഷിചെയ്ത് ജീവിച്ചിരുന്ന ഒരു ജനതയെ തിരിച്ച് അതിലേക്ക് എത്തിക്കുകയും സ്ഥിരവരുമാനവും സ്ഥിരഭക്ഷണവും ഉറപ്പുവരുത്തുകയും എന്നത് ലോകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. ലോകം കാണട്ടെ യെമന്റെ ദുരിതം.

MORE IN WORLD
SHOW MORE