ഹാളണ്ട്, വയസ്സ് 22, അച്ഛന് വേണ്ടി ഒരു കണക്കു വീട്ടലിന്‍റെ കഥ..!

haaland-
SHARE

2001 ഏപ്രില്‍. ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും തമ്മിലുള്ള പോരാട്ടം. പ്രതിരോധ താരം ആല്‍ഫി ഹാളണ്ട് യുണൈറ്റഡ് താരം റോയ് കീന്റെ ഫൗളില്‍ കണ്ണീരോടെ പുറത്തു പോകുന്നു. കാലിനേറ്റ പരുക്ക് അദ്ദേഹത്തിന്റെ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ചു. സിറ്റി ജഴ്‌സി ചേര്‍ത്തുപിടിച്ച് 2003 ല്‍ വിടപറയുമ്പോള്‍ വലതുതെന്തോ അയാള്‍ കരുതിവച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ആല്‍ഫി കാത്തുവച്ച ആ വജ്രായുധം യൂറോപ്പിനെ അടക്കി ഭരിക്കുകയാണ്. ആല്‍ഫി ഹാളണ്ടിന്റെ ഇളയ മകന്‍ എര്‍ളിങ് ഹാളണ്ട്.

2016 ല്‍ നോര്‍വെയിലെ ബ്രയിൻ എഫ്‌കെ ക്ലബ്ബിൽ കരിയർ ആരംഭിച്ച ഹാളണ്ട്, 2019 ജനുവരിയിൽ ഓസ്ട്രിയയിലെ റെഡ് ബുൾ സാൽ‌സ്ബർഗിലും 2019 ഡിസംബർ 29 ന് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിലേക്കും ചേക്കേറി. 178 കോടി രൂപയ്ക്കാണ് ഹാളണ്ടിനെ ഡോർട്മുണ്ട് കൂടാരത്തിലെത്തിച്ചത്. ഈ നിക്ഷേപത്തിന്റെ മൂല്യമറിയാന്‍ ആരാധകര്‍ക്ക് 2020 ജനുവരി 18 വരെ കാത്തിരിക്കേണ്ടി വന്നു. ബൊറൂസിയയും ഓഗ്‌സ്ബെര്‍ഗും തമ്മില്‍ കൊണ്ടും കൊടുത്തുമുള്ള മത്സരം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഓഗ്സ്ബെര്‍ഗ് മുന്നില്‍. അന്‍പത്തഞ്ചാം മിനിറ്റില്‍ പകരക്കാരനായി ഹാളണ്ട് മൈതാനത്ത്. 20 മിനിറ്റില്‍ ഹാട്രിക് തികച്ച് ഇരുപത്തൊന്നുകാരന്‍ നിറഞ്ഞാടി. കളി കഴിഞ്ഞപ്പോള്‍ ബോറൂസിയയ്ക്ക് 5–3ന്റെ തകര്‍പ്പന്‍ ജയം. ബുന്ദസ്‌ലീഗ കണ്ട ഏറ്റവും വലിയ തിരിച്ചുവരവ്. അതിലും വലിയ അവതാരപ്പിറവി. എര്‍ളിങ് ഹാളണ്ട്.

2019-2020 ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജിക്കെതിരെ ഇരട്ട ഗോള്‍ നേ‌ടി ഹാളണ്ട് നടത്തിയ ആഘോഷം ഫുട്‌ബോള്‍ ലോകം മറന്നിട്ടുണ്ടാവില്ല. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേ‌ടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഹാളണ്ടിന്‍റെ പേരിലാണ്. 21–ാം വയസ്സില്‍ ചാമ്പ്യന്‍സ്‌ ലീഗ് ടോപ് സ്‌കോററായതും ചരിത്രം. അണ്ടര്‍ 20 വേള്‍ഡ് കപ്പില്‍ ഹോണ്ടുറാസിനെതിരെ നോര്‍വെയ്ക്കായി 9 ഗോള്‍ നേടിയപ്പോഴാണ് ലോകത്തിന് മുന്നില്‍ ഹാളണ്ട് തന്റെ പേര് കുറിച്ചിട്ടത്. ഡോർട്ട്മുണ്ടില്‍ കളിച്ച 89 മത്സരങ്ങളില്‍ നിന്ന് പയ്യന്റെ ബൂട്ടില്‍ നിന്ന് പിറന്നത് 86 ഗോളുകള്‍.

ഈ നേട്ടങ്ങളെല്ലാം എര്‍ളിങ്ങിന് പരിശീലനം മാത്രമായിരുന്നിരിക്കാം. ലക്ഷ്യം മറ്റൊന്നാണല്ലോ. അച്ഛന്റെ ക്ലബിന്റെ നീലക്കുപ്പായം. 2022 മേയ് പത്തിന് 454 കോടി രൂപയ്ക്ക് എര്‍ളിങ് ഹാളണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി. അച്ഛന് നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ക്ക് പുതിയ ചിറക് നല്‍കാനായിരിക്കും വമ്പന്‍ ക്ലബുകളുടെ വമ്പന്‍ ഓഫറുകള്‍ മാറ്റിവച്ച് അയാള്‍ തട്ടകത്തിലേക്കെത്തിയത്. അച്ഛന്‍ കളി നിര്‍ത്താന്‍ കാരണക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് കണക്കുവീട്ടാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. 2022 ഒക്ടോബര്‍ മൂന്നിന് യുണൈറ്റഡിനെ കയ്യില്‍ക്കിട്ടിയപ്പോള്‍ ഹാട്രിക് നേടിയ ഹാളണ്ട് മറ്റ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 3–6 ന്റെ ദയനീയ തോല്‍വി. അതിന് സാക്ഷിയായി ആല്‍ഫി ഹാളണ്ട് ഉണ്ടായിരുന്നു ഗാലറിയില്‍.

സിറ്റിയില്‍ ഹാളണ്ടിന്റെ അശ്വമേധമാണ്. മാനേജര്‍ പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ കൂടി ചേരുമ്പോള്‍ എതിരാളികള്‍ വിയര്‍ക്കുകയാണ്. 26 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍. പ്രീമിയര്‍ ലീഗില്‍ മാത്രം 19 കളികളില്‍ 25 ഗോളുകള്‍. ലീഗിലെ ഗോള്‍വേ‌ട്ടക്കാരില്‍ മുന്‍പനും ഹാളണ്ട് തന്നെയാണ്. കഴിഞ്ഞ സീസണിലെ ടോപ് സ്കോറർമാരായിരുന്ന ലിവർപൂളിന്റെ മുഹമ്മദ് സലായും ടോട്ടനത്തിന്റെ സൺ ഹ്യൂങ് മിന്നും നേടിയത് 23 ഗോൾ വീതമായിരുന്നു. അത് ലീഗ് പകുതിയായപ്പോഴെ ഹാളണ്ട് മറികടന്നു. ഈ സീസണില്‍ ഗോള്‍ വേട്ടയില്‍ രണ്ടാമതുള്ള ടോട്ടന്‍ഹാം താരം ഹാരി കെയ്‌‌ന്‍റെ സമ്പാദ്യം 15 ഗോളാണ്. സീസണില്‍ 18 മത്സരങ്ങള്‍ കൂടി അവശേഷിക്കുന്ന ഹാളണ്ട് കുതിപ്പ് തുടര്‍ന്നാല്‍ ഇനിയും ഒട്ടേറെ റെക്കോര്‍ഡുകള്‍ കടപുഴകും. 

9 ഗോൾ കൂടി നേടിയാൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാകാം. 42 മത്സരങ്ങളുടെ പഴയ ഫോർമാറ്റിൽ 34 ഗോൾ വീതം നേടിയ ആൻഡി കോൾ, അലൻ ഷിയറർ എന്നിവരുടെ റെക്കോർഡ് തകരും. 38 മത്സരങ്ങളുടെ പുതിയ ഫോർമാറ്റിൽ 32 ഗോൾ നേടിയ മുഹമ്മദ് സലായു‌ടെ പേരിലാണ് നിലവിലെ റെക്കോർഡ്. മാഞ്ചസ്റ്റർ സിറ്റിക്കായി ഒരു സീസണിൽ കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡിന് ഒപ്പമെത്താൻ 13 ഗോൾ കൂടി മതി. ടോമി ജോൺസന്റെ പേരിലാണ് ഈ റെക്കോർഡ്.

പന്ത് ഹാളണ്ടിന്‍റെ കൈകളിലാണെങ്കില്‍ എതിരാളികള്‍ക്ക് ചങ്കിടിപ്പ് കൂടും. അസാമാന്യ വേഗതയും വെടിയുണ്ട കണക്കെ പന്ത് വലയിലെത്തിക്കാനുള്ള മികവും തന്നെയാണ് അതിന് കാരണം. ഫുട്‍ബോള്‍ ലോകത്ത് ഹാളണ്ട് യുഗം തുടങ്ങിയിട്ടേയുള്ളു. മെസ്സിയും റൊണാള്‍ഡോയും കളമൊഴിയുമ്പോള്‍ ഫുട്ബോളിനെ മുന്നോട്ടുനയിക്കാന്‍ ആളുണ്ട് എന്ന പ്രഖ്യാപനം കൂടിയാണ് ഇതുവരെയുള്ള കണക്കുകള്‍.

പ്രിമിയർ ലീഗ് കളികൾ: 19

കളിച്ച സമയം: 1,551 മിനിറ്റ്

ആകെ ഗോൾ: 25

അസിസ്റ്റ്: 3

ഉയരം: 6.4 അടി

ഭാരം: 88 കിലോഗ്രാം

MORE IN SPOTLIGHT
SHOW MORE