മോദിയുടെ ‘ചായക്കട’യും ദീദിയുടെ 'ഇരുത്ത'വും വോട്ടാക്കിയ ബുദ്ധി; ഇതാ ആ ചാണക്യൻ

Specials-HD-Thumb-Prasanth-
SHARE

നരേന്ദ്രമോദിക്കും മമത ബാനർജിക്കും എന്തിന് ഇങ്ങ് തമിഴ്നാട്ടിൽ എം.കെ സ്റ്റാലിനും  ഒരുപോലെ സ്വീകാര്യനായ ഒരാളുണ്ടോ..? വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ള ഇവർ ഒരോ കാലഘട്ടങ്ങളിൽ ഈ മനുഷ്യനെ മാത്രം വിശ്വസിച്ച് രാജ്യം ഭരിക്കുന്നതും, സംസ്ഥാനം ഭരിക്കുന്നതും സ്വപ്നം കണ്ടു. ഇന്ത്യൻ  തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രങ്ങളുടെ  അപോസ്തലൻ. പ്രശാന്ത് കിഷോർ. തിരഞ്ഞെടുപ്പ് ​ഗോദയിൽ ഈ ബ്രന്മാസ്ത്രത്തെ ആദ്യം തൊടുത്ത് വിട്ടത് ബിജെപി തന്നെയാണ്. എന്നാൽ അന്ന് വാഴ്ത്തിയവരെ പ്രശാന്ത് കിഷോർ  ബം​ഗാളിലും തമിഴ്നാട്ടിലും നിലംതൊടീച്ചില്ല എന്നത് പുതിയ ചരിത്രം. 

ബം​ഗാളിൽ തന്റെ സർവ സന്നാഹങ്ങളുമായി പടനയിച്ച പ്രശാന്ത് കിഷോറിന് ദീദിയുടെ ജയം അഭിമാന പ്രശ്നമായിരുന്നു. എെൻഡിഎയുടെ ഭാ​ഗമായി നിന്നപ്പോൾ അമിത് ഷായുമായി നേരിട്ട് ഉടക്കിയതും ‌ഇക്കാര്യത്തിൽ ഇദ്ദേഹത്തിന് ഉൗർജം നൽകിയിരിക്കാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഒരു പ്രഫഷണൽ മുഖം നൽകിയ ഇദ്ദേഹം ആരാണ്..? കാഴ്ചയിലെ സൗമ്യഭാവമല്ല, ഈ തന്ത്രങ്ങളുടെ ചാണക്യന് പിന്നിലുള്ളത്.

ആരാണ് പ്രശാന്ത് കിഷോർ..?

ബം​ഗാൾ എന്ന ബിജെപിയുടെ അഭിമാനകോട്ടയെ തകർത്തെറിഞ്ഞ് മൂന്നാംവട്ടവും ഭരണം മമത ബാനർജി എന്ന തൃണമൂൽ കോൺ​ഗ്രസുകാരിക്ക് നേടികൊടുത്തതിലെ പിന്നണി പടയാളി. ബം​ഗാളിൽ പയറ്റാവുന്ന അടവുകളെല്ലാം ബിജെപി പയറ്റി. കോവിഡിനിടയിലും വമ്പൻ റാലികൾ, ഏതാണ്ട് എല്ലാ ബിജെപി ദേശീയ നേതാക്കളും  ഒഴുകിയെത്തി. തമ്പടിച്ചു. എന്നാൽ മമതയോട് ചേര്ർന്നുള്ള പ്രശാന്തിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ അമിത് ഷായും കൂട്ടരും അടിയറവ് പറഞ്ഞു. ബം​ഗാളിലെ വമ്പൻ ജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ മാനേജ്മെന്റ് പദവി ഒഴിയുകയാണെന്ന അപ്രതീക്ഷിത പ്രഖ്യാപനവും അദ്ദേഹം നടത്തി. 

യുഎന്നിൽ ഏതാണ്ട് 8 വർഷത്തോളം ആരോ​ഗ്യരം​ഗത്ത് പ്രവർത്തിച്ചത് മാത്രമായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോൾ പ്രശാന്ത് കിഷോറിന്റെ കൈമുതൽ.  ഗുജറാത്തിൽ മൂന്നാംവട്ടം മോദി സർക്കാരിനെ അധികാരത്തിലേറ്റിയ ശേഷമാണ് പികെയുടെ ശ്രദ്ധ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. മോദിയുമായുള്ള സൗഹ്യദമാണ് അക്കാലത്ത് അദ്ദേഹത്തെ തുണച്ചത്. മോദിയെ ചായക്കടക്കാരനാക്കി അവതരിപ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം. യുപിഎ ഭരണത്തിന്റെ അഴിമതിയും, നരേന്ദ്ര മോദിയുടെ മുഖം മിനുക്കി തിരഞ്ഞെടുപ്പിന് ഇറക്കിയതും 2014ൽ ബിജെപിയെ സഹായിച്ചു. 2013ൽ തന്നെ കിഷോർ തിരഞ്ഞെടുപ്പിനായി ഒരുങ്ങി.  ഒരു മാധ്യമ, പബ്ലിസിറ്റി കമ്പനിയായ സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ് തുടങ്ങി. ഇന്ത്യക്ക് അതുവരെ പരിചയമില്ലാത്ത മാർക്കറ്റിങ് ടെക്നിക്കുകൾ അദ്ദേഹം ഉപയോ​ഗപ്പെടുത്തി. അതിനിടെ, കോൺ​ഗ്രസിൽ നിന്ന് വീണുകിട്ടിയ പ്രസ്താവനകൾ വിദ​ഗ്ധമായി പ്രയോജനപ്പെടുത്തി. 

ചായ് പെ ചാർ‌ച്ച ചർച്ചകൾ‌, 3 ഡി റാലികൾ‌, റൺ‌ ഫോർ‌ യൂണിറ്റി,  സോഷ്യൽ മീഡിയ പ്രോഗ്രാമുകൾ‌ തുടങ്ങിയവ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ മാറ്റം കൊണ്ടുവന്നു. വെറും പോസ്റ്ററുകളും കവല പ്രസം​ഗങ്ങളും കൊണ്ടുമാത്രം തിരഞ്ഞെടുപ്പ് ജയിക്കാമെന്ന ധാരണ പാർട്ടികൾ ഇതോടെ തിരുത്തി. മോദിയുടെ ടീം ഡ്രൈവിംഗ് തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ആളാണ് കിഷോർ എന്ന് 'നരേന്ദ്ര മോദി: ദി മാൻ, ടൈംസ്' രചയിതാവ് നിലഞ്ജൻ മുഖോപാധ്യായ  പറഞ്ഞിരുന്നു.  പിന്നീട്, പ്രശാന്ത് കിഷോർ മോദിയുമായി പിരിഞ്ഞു, ഒരു സ്പെഷ്യലിസ്റ്റ് പോളിസി സംഘടനയായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പിഎസി) രുപീകരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള അഭിപ്രായ വ്യത്യാസമാണ് കിഷോർ എൻഡിഎയുമായി വേർപിരിയാനുള്ള കാരണമെന്ന് ഒളിഞ്ഞും തെളിഞ്ഞും വാര്ർത്തകളും വന്നു. മോദിയുടെ വാർറൂമിൽ നിന്ന് പ്രശാന്ത് കിഷോറിനൊപ്പം  3പേരും ഒപ്പം ചേർന്നു. ഈ ടീമിന്റ പിന്നീടുള്ള ദൗത്യം ബിഹാറിൽ നിതീഷ് കുമാറിനെ വീണ്ടും ജയിപ്പിക്കുകയായിരുന്നു. പാറ്റ്നയിൽ ഒരു ബം​ഗ്ലാവിൽ നിന്ന് ബിഹാറിന്റെ പൾസ് മനസിലാക്കി കിഷോർ കരുക്കൾ നീക്കി. അത് വിജയവും കണ്ടു. ഐ പാക്കിന്റെ ഡയക്ടറൽ ബോർഡിൽ ഒന്നും തന്നെ കിഷോർ അം​ഗമല്ല. പക്ഷേ ആ കമ്പനിയുടെ മുഖം പ്രശാന്ത് കിഷോർ ആണ്.  360 ഡി​ഗ്രി പൊളിറ്റിക്കൽ ക്യാമ്പയിൻ ആണ് പ്രശാന്ത് കിഷോറിന്റെ ടീം ഉറപ്പുനൽകുന്നത്. തുടക്കത്തിലുള്ള സർവ്വെ മുതൽ സീറ്റ് ചർച്ചവരെ അതുവരെ ഇതിൽ പെടും. ഒരു അദ്യശ്യ സാന്നിധ്യമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പിന്നിൽ തങ്ങൾ പ്രവർത്തിക്കുമെന്ന് കിഷോർ പറയുന്നു. 2016ൽ പഞ്ചാബിലെ അമരീന്ദ്ര സിങിന്റെ മിന്നും ജയത്തിൽ സുർജേവാലെയെ പോലുള്ള മുതിർന്ന നേതാക്കൾ പികെയെയും ടീമിനയും തുറന്ന് നിറഞ്ഞ് അഭിനന്ദിച്ചു. മാത്രമല്ല, ഒരു രൂപ ശമ്പളത്തിൽ അമരീന്ദ്ര സിങ് സർക്കാരിൽ മുഖ്യ ഉപദേഷ്ടാവായി നിയിമിച്ചും കോൺ​ഗ്രസ് പി കെയെ കൂടെ നിർത്താൻ നോക്കി.

പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും കിഷോർ ബിജെപിക്ക് ഷോക്ക് ട്രീറ്റ്മെന്റ് നൽകി. എന്നാൽ ഉത്തർ പ്രദേശിൽ കോൺ​ഗ്രസ്-എസ്പി സഖ്യത്തിനായി കളത്തിലിറങ്ങിയ ഐ-പാക്കിന്  ആദ്യമായി അടിപതറി. 300ൽ അധികം സീറ്റിൽ ബിജെപി ഭരണം പിടിച്ചു.   പ്രശാന്ത് കിഷോറിന്റെ കരിയറിലെ വൻ വീഴ്ചയായിരുന്നു അത്. 

എന്നാൽ 2019ൽ വൈ എസ് ജ​ഗൻ മോഹൻ റെഡ്ഡി മുഖഛായ മാറ്റി ആന്ധയിൽ വിജയം കുറിച്ചത് പികെ ആൻഡ് ടീമിന് തിരിച്ചുവരവായി. മമ്മൂട്ടിയുടെ യാത്ര സിനിമ വോട്ടാകുന്ന കാഴ്ടയ്ക്കും ആന്ധ്ര സാക്ഷിയായി. മഹാരാഷ്ട്രയിൽ ശിവസേനയും, ഡൽഹിയിൽ കെജ്രിവാളും പികെയുടെ കൈപിടിച്ച് ഭരണം നേടി. ഇതിനിടയിൽ പൗരത്വ വിഷയത്തിൽ നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസം ജെഡിയുവിലെ തന്റെ ഉപധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത് വരെ അദ്ദേഹത്തെ എത്തിച്ചു. 2021ൽ ബം​ഗാളിലും തമിഴ്നാട്ടിലും കിഷോർ നിർണായക ശക്തിയായി പിന്നെയും.  ബിജെപി മുഖ്യ എതിരാളി ആകുന്ന ബം​ഗാളിൽ പ്രശാന്ത് കിഷോർ നേരിട്ട് പട നയിച്ചപ്പോൾ, സ്റ്റാലിനെ സഹായിക്കാൻ തന്റെ രണ്ടാം ടീമിനെ അ​ദ്ദേഹം ചുമതലപ്പെടുത്തുകയായിരുന്നു. 

ഇന്ന് മോദി-ഷാ കൂട്ടിന്റെ തുറന്ന വിമർശകനായി മാറിയിരിക്കുകയാണ് പ്രശാന്ത് കിഷോർ. കോവിഡിൽ സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെ അദ്ദേഹം തുറന്ന വിമർശനവുമായി എത്തിക്കഴിഞ്ഞു. ഇതുവരെയുള്ള ഇടപെടലുകളിൽ നിന്ന് പി കെയുടെ രാഷ്ട്രീയ നയങ്ങൾ വ്യക്തമാണ്. വികസനവും അടിസ്ഥാന സൗകര്യവും എതിരാളികൾക്ക് അനുസരിച്ചുള്ള തന്ത്രങ്ങളുമാണ് അദ്ദേഹം പയറ്റാറ്. 

എന്നാൽ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന മേലങ്കി അഴിച്ചുവയ്ക്കുന്ന പ്രശാന്ത് കിഷോറിന്റെ ഇനിയുള്ള നീക്കങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ആകാംക്ഷ നൽകുന്നത്. രാഷ്ടീയ സംഘങ്ങള്ക്കൊപ്പം ജനങ്ങളും കാത്തിരിക്കുന്നുണ്ട് ആ നിലപാടറിയാനായി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...