ലോക്ഡൗൺ; മലയാളിയുടെ ഭക്ഷണരീതിയെ മാറ്റിയത് എങ്ങനെ?

porotta-and-beef
SHARE

കോവിഡിനെതിരായ പോരാട്ടത്തിൽ വീടിനുള്ളിലേക്കു ലോകം ഒതുങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ഈ കാലയളവിൽ ആർക്കെങ്കിലും ഭക്ഷണ കാര്യത്തിൽ  ബുദ്ധിമുട്ടുണ്ടായോ? ആദ്യമൊക്കെ ഭക്ഷണസാധനങ്ങൾ വാങ്ങാൻ നീണ്ട വരികളുണ്ടായിരുന്നെങ്കിലും ഭക്ഷ്യക്ഷാമം ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൗജന്യ റേഷൻ സംവിധാനവും ആരംഭിച്ചു കഴിഞ്ഞു. മലയാളികളുടെ ഭക്ഷണശീലം തന്നെ മാറിത്തുടങ്ങിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആളുകൾ കുറിക്കുന്നത്. ബിരിയാണി, കുഴിമന്തി, പൊറോട്ട ഇതൊക്കെ ഇപ്പോൾ കാണാനേയില്ല.  ആഴ്ചയിൽ ഒരിക്കലെങ്കിലും പുറത്തു നിന്ന് ഭക്ഷണം കഴിച്ച് സമൂഹമാധ്യമകളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നവർ പോലും ലഭ്യമായ ഭക്ഷണത്തിൽ സംതൃപ്തരാകുന്ന കാഴ്ച. 

ഈ അസാധാരണ സാഹചര്യം നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ഈയൊരു സാഹചര്യത്തെ മലയാളികൾ എങ്ങനെ നേരിടും എന്നു ചോദിച്ച് കണ്ണൂർ സ്വദേശി ആർട്ടിസ്റ്റ് ജെയിൻ ഫെയ്സ്ബുക്കിൽ കുറിച്ചതിന് ആവേശകരമായ പ്രതികരണങ്ങളാണ് കിട്ടിയത്. അവ വായിച്ചാൽ മനസ്സിലാകും മലയാളിയുടെ ഭക്ഷണരീതിയിലെ പ്രകടമായ മാറ്റം.

ചില ഭക്ഷണ വിചാരങ്ങൾ (കമന്റ് ബോക്സിൽ നിന്നും ചൂടോടെ വിളമ്പുന്നു)

അൽപം പറമ്പും സൗകര്യങ്ങളും ഉള്ളവർക്ക് ചക്കയും മാങ്ങയും പച്ചക്കറികളും അവിടെ ലഭ്യമാണ്. പലരും തൊട്ടടുത്ത വീടുകളിലുള്ളവരുമായി ഈ വിളകൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

അത്യാവശ്യത്തിനുള്ള പാൽ, അരി, പയർ, പരിപ്പ്, ഉണക്കമീൻ‍ എന്നിവ അടുത്തുള്ള കടകളിൽ  ലഭ്യമാണ്. 

മലയാളികളുടെ ഇഷ്ട വിഭവമായ പൊറോട്ടയുടെ സ്ഥാനം ചക്ക കയ്യടക്കുമോ എന്ന് കണ്ടറിയണം.

പിന്നെ കഞ്ഞി, വൻപയർപുഴുക്ക്, ചെറുപയർപുഴുക്ക്, ചെമ്മീൻചമ്മന്തി, ചക്കപൂതൽ, ചക്കക്കറി, അച്ചാറുകൾ, ഓംലെറ്റ് അങ്ങിനെ പോകുന്നു. വൈകിട്ട് ചായയ്ക്കൊപ്പം അവൽ നനച്ചത്, രാവിലെ ദോശ ചട്ണി, പൂരി കടലക്കറി, തക്കാളിക്കറി, ഉച്ചയ്ക്ക് ചോറ്, പരിപ്പ് ഉപ്പിട്ട കറി, മുരിങ്ങയില കഞ്ഞിവെള്ളത്തിൽ താളിച്ചത്, ചെറുപയർ താളിച്ചത് അങ്ങിനെ അങ്ങിനെ കഴിഞ്ഞു പോകുന്നു. ഇനി പെട്ടെന്ന് കടകൾ അടച്ചാൽ അതിനെ നേരിടാനും വഴിയുണ്ട്. 

ചെറുപയർപുഴുക്കിലേക്കും കഞ്ഞിയിലേക്കും മാത്രം ചുരുങ്ങും അത്രന്നെ.

പാൽ കിട്ടാതെ വരുമ്പോൾ പഴമക്കാർ ചെയ്യും പോലെ കട്ടൻ ചായയോ കാപ്പിയോ ശർക്കരക്കഷണം കടിച്ചു കൂട്ടി കഴിക്കാൻ മലയാളിക്ക് ഒരു ബുദ്ധിമുട്ടുമില്ല നാടിന്റെ നന്മയ്ക്കായി ചെയ്യുന്ന ചെറിയ ത്യാഗങ്ങൾക്ക് ഇപ്പോൾ വലിയ വിലയുണ്ടെന്നും ലോകം തിരിച്ചറിയുകയാണ്!

MORE IN SPOTLIGHT
SHOW MORE
Loading...
Loading...