ഉറങ്ങിയത് ശ്മശാനത്തിൽ, പട്ടിണിമൂലം കരച്ചിൽ; വിദേശികൾക്ക് തുണയായി പൊലീസ്

tourist-kottayam
SHARE

കേരളത്തിലെത്തുന്ന വിദേശികൾക്കു കോവിഡ് ഭീതിമൂലം ദുരിതകാലം. കോട്ടയത്തു സ്പെയിൻ സ്വദേശികളായ ഡേവിഡ്, ലയ എന്നിവരെ പാലാ ജനറൽ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പന്ത്രണ്ടരയോടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ മൂന്നാറിനു ടിക്കറ്റെടുത്ത ഇവരെ കണ്ടു സഹയാത്രക്കാർ പരിഭ്രാന്തരായി.

ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദേശ പ്രകാരം ബസ് തടഞ്ഞ കുറവിലങ്ങാട് പൊലീസ് ഇവരെ ആരോഗ്യ വകുപ്പ് അധികൃതർക്കു കൈമാറി. ഇരുവർക്കും രോഗലക്ഷണങ്ങളില്ലെങ്കിലും 28 ദിവസം ഹോം ക്വാറന്റീനിൽ തുടരാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. താമസ സ്ഥലം ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നു ചൂണ്ടിക്കാട്ടിയതോടെ പാലാ ജനറൽ ആശുപത്രിയിലേക്കു പോകാൻ ഇരുവരും തയാറായി. 

ശനിയാഴ്ച വാഗമണ്ണിലെത്തിയ വിദേശ പൗരനു താമസസൗകര്യം കിട്ടാതെ ശ്മശാനത്തിൽ കിടന്നുറങ്ങിയശേഷം മടങ്ങേണ്ടിവന്നു. റിസോർട്ടുകളിലും ഹോട്ടലുകളിലും മുറി കിട്ടിയില്ല. വിവരമറിഞ്ഞ് പൊലീസ് തേടിയിറങ്ങിയെങ്കിലും കണ്ടെത്തനായില്ല. ഇന്നലെ രാവിലെ 6.30നു പള്ളിയിലേക്കു പോയവർ വാഗമൺ –പുള്ളിക്കാനം റോഡിലെ ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ ശ്മശാനത്തിൽനിന്ന് ആൾ ഇറങ്ങിവരുന്നതു കണ്ടു പൊലീസിനു വിവരം കൈമാറി. പക്ഷേ പൊലീസ് എത്തുന്നതിനു തൊട്ടുമുൻപു വിദേശി ബസിൽ കയറി പോയി. 

ഫ്രഞ്ച് പൗരനായ മറ്റൊരു വിദേശിയെ വാഗമണ്ണിൽനിന്നു നിരീക്ഷണത്തിനു ഇടുക്കി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ബൽജിയം സ്വദേശികളായ 7 പേരെ മടക്കി അയച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനകൾക്കു ശേഷമാണ് ഇവർ തിരികെ പോയത്.

3 ദിവസം ഭക്ഷണം പോലും കിട്ടാതെ അലഞ്ഞ വിദേശികളായ യുവതിയും യുവാവും നാലാം ദിവസം പട്ടിണി മൂലം വാവിട്ടു കരഞ്ഞതോടെ തുണയായത് പൊലീസും പയ്യന്നൂർ നഗരസഭാ അധികൃതരും താലൂക്ക് ആശുപത്രി അധികൃതരും. ഫ്രാൻസിൽ നിന്നെത്തിയ സലീനയും ഇറ്റലിയിൽ നിന്നെത്തിയ മൗറയുമാണു വലഞ്ഞത്. 11നു കണ്ണൂരിൽ എത്തിയ ഇവർക്ക് ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി കിട്ടിയില്ല.

ഇന്നലെ സന്ധ്യയോടെ പയ്യന്നൂരിലെത്തി. പൊലീസാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നഗരസഭാ അധ്യക്ഷൻ ശശി വട്ടക്കൊവ്വലും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.സഞ്ജീവനും ആശുപത്രിയിൽ എത്തി. 3 ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ ഡ്യൂട്ടി ഡോക്ടർ ആദ്യം ഭക്ഷണം എത്തിച്ചു. പിന്നീട് തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി. ഇരുവർക്കും രോഗലക്ഷണങ്ങൾ ഒന്നുമില്ല. മുംബൈയിലും ഗോവയിലും മധുരയിലുമൊക്കെ യാത്ര ചെയ്താണ് ഇവർ കേരളത്തിൽ എത്തിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...