കവിതയിൽ മരണത്തെക്കുറിച്ചെഴുതി, മൂന്നുനാൾക്കിപ്പുറം ഭാര്യയെ മരണം കവർന്നു

dr-anoop-wife
SHARE

ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ ഡോക്ടറുടെ മരണം ഭർത്താവ് മുൻകൂട്ടി കണ്ടോ? മൂന്നു നാൾ മുൻപ് ഫെയ്സ്ബുക്കിൽ എഴുതിയ കവിതയിൽ സൂചന. ഫെയ്സ്ബുക്കിൽ എഴുതിയ കവിതയിൽ സൂചന തൃശൂരില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ ഡോ. തുഷാര മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപുതന്നെ ഭർത്താവിന് ഇതുസംബന്ധിച്ചു സൂചനകൾ ലഭിച്ചിരുന്നോ? തുഷാരയുടെ മരണം സംഭവിക്കുന്നതിനു മൂന്നു ദിവസം മുൻപ് ഭർത്താവ് ഡോ. അനൂപ് മുരളീധരന്‍ എഴുതിയ കവിതയിൽ മരണത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. 

ഭാര്യയെ കാണാൻ പോകുന്ന ഭർത്താവ് അപ്രതീക്ഷിതമായി മരിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം. ജീവിതത്തിൽ ഭർത്താവിന് അടുക്കലേക്ക് എത്തുന്ന ഭാര്യയാണ് മരിക്കുന്നത്. ‘അരനാഴികനേരം’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ ഡോ. അനൂപ് കവിതയെഴുതിയതിന്റെ നാലാംദിനമാണ് ട്രെയിന്‍ യാത്രയില്‍ മരണം തുഷാരയെ കവര്‍ന്നെടുക്കുന്നത്. കവിതയില്‍ ഭാര്യയുടെ അടുത്തേക്ക് പോകുന്ന ഭര്‍ത്താവിനെയാണ് ദുരന്തം പിടികൂടുന്നത്. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണെന്ന് മാത്രം. പതിവായി കവിതകളെഴുതുന്ന ഡോ. അനൂപ് 19നാണ് ‘അരനാഴികനേരം’ എന്ന കവിത ഫേസ്ബുക്കില്‍ കുറിച്ചത്. 

അയ്യോ! അറിഞ്ഞില്ല പെണ്ണേ! ഒരു വളവിന്നപ്പുറം കൊക്കയിലേക്കു വഴിതെറ്റിക്കുവാൻ കാലനവൻ കയറുമായി കാത്തിരുപ്പുണ്ടെന്ന്, അരനാഴികദൂരമിനിയൊരിക്കലു- മെത്താത്ത ദൂരമാകുമെന്ന്! എന്നാണ് കവിത അവസാനിക്കുന്നത്. ചൊവ്വാഴ്ചയാണ് ട്രെയിനില്‍ നിന്നു തുഷാര അനൂപ് (38) വീണു മരിച്ചത്. 

മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ പോകവെയാണ് അര്‍ധരാത്രി മരണം സംഭവിക്കുന്നത്. പത്തനംതിട്ട കൂടല്‍ സ്വദേശിയുമായ ഡോക്ടര്‍ അനൂപിന്റെ ഭാര്യയാണ് ഡോ. തുഷാര. മുളങ്കുന്നത്തുകാവ് പോട്ടോര്‍ റെയില്‍വേ ഗേറ്റിന് സമീപം നാട്ടുകാര്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ഫൊറന്‍സിക് വിദഗ്ധര്‍ സൂചന നല്‍കി. തുഷാരയുടെ മൃതദേഹത്തില്‍ കണ്ടത് സംശയകരമായ മുറിവുകളാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. 

ഓടുന്ന ട്രെയിനില്‍ നിന്നു സ്വഭാവികമായി വീഴുമ്പോള്‍ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളതെന്നാണു വിദഗ്ധാഭിപ്രായം. നെറ്റിക്ക് മുകളിലും താടിയിലും ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനില്‍ നിന്നു വീഴുമ്പോള്‍ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്ന തരം മുറിവുകളാണെന്നാണു ഫൊറന്‍സിക് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അപകടമരണമാവാന്‍ സാധ്യത കുറവാണെന്ന നിലപാടിലാണ് പോലീസും.

അമ്മ ട്രെയിനിൽ നിന്ന് വീണു മരിച്ചതറിയാതെ യാത്ര തുടർന്ന് മൂന്നു പിഞ്ചു കുഞ്ഞുങ്ങൾ; ഒടുവിൽ യാത്രക്കാർ ഇടപെട്ട് ബന്ധുക്കളെ ഏൽപ്പിച്ചു!

കവിതയുടെ പൂർണ്ണ രൂപം 

അരനാഴിക നേരം വരികയായി ഞാൻ പ്രിയേ,കാത്തിരിക്കുക അരനാഴിക നേരംകൂടി നീ. 

വെറുംവാക്കല്ല സഖീ , വരുന്നത് വെറുംകൈയ്യോടുമല്ല. 

നിനക്കേറയിഷ്ടമുള്ള,യരി മുറുക്കിന്റെ പൊതിയുണ്ട് 

മടിക്കുത്തിലൊപ്പമൊരു ഡസൻ കരിവളയും ! 

ആശകളതിരുവിട്ടതുവഴി യിതുവഴിയിറങ്ങിയോടുന്ന മനസ്സുമായി 

വണ്ടിയിലക്ഷമ- നായിട്ടിരിക്കുന്നു ഞാനോമനേ! 

അഴലെല്ലാം പാറ്റിപറത്തി നീ അഴകോടിരിക്കണം. മുടിയഴിച്ചിട്ടതിലൊരു തുളസിക്കതിർ ചൂടണം. 

കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ, കിണ്ണത്തിലൊരു തവി കഞ്ഞി കരുതിയേക്കണം. 

പരിഭവിക്കണ്ട,പരിഭ്രമിക്കണ്ട മറന്നിട്ടില്ലമ്മതൻ കുഴമ്പു – മച്ഛന്റെ ജാപ്പണം പൊയ്ലയും. 

പിന്നെ,ചിലവുകൾ ചുരുക്കണം, മിച്ചം പിടിച്ചതുകൊണ്ടൊരു കുറി നീ കൂടണം,

മകളവൾ പനപോലെ വളരുകയല്ലോ? 

മഴയെത്തും മുമ്പേ മച്ചിലെ ചോർച്ചകൾ മാറ്റണം, 

ഓണത്തിനിക്കുറി നാമെല്ലാം പുതുചേല ചുറ്റണം. 

ഉഷ്ണം പുകയുന്നയുച്ചകൾ മാത്രം നിറഞ്ഞ 

ജോലിത്തിരക്കിൽ നഷ്ടപ്പെടുന്ന പുലർച്ചകളും സന്ധ്യകളും, 

മാസാറുതികളിൽ കഴുകി കമഴ്ത്തിയ കുടം പോലെയാകുന്നു കീശ, 

വെയിലത്തയയിലിട്ടുടുപ്പു – പോലുണങ്ങുന്നു ദേഹം! 

അയ്യോ! അറിഞ്ഞില്ല പെണ്ണേ! ഒരു വളവിന്നപ്പുറം 

കൊക്കയിലേക്കു വഴിതെറ്റിക്കുവാൻ കാലനവൻ കയറുമായി കാത്തിരുപ്പുണ്ടെന്ന്, 

അരനാഴികദൂരമിനിയൊരിക്കലു- മെത്താത്ത ദൂരമാകുമെന്ന്!

MORE IN SPOTLIGHT
SHOW MORE