പാസ്പോർട്ടിലെ നിറംമാറ്റത്തിനു പിന്നിൽ, അറിയേണ്ടതെല്ലാം

passport
SHARE

വിദ്യാഭ്യാസയോഗ്യത അനുസരിച്ച് നീലയും ഓറഞ്ചും പുറംചട്ടയുള്ള പാസ്പോർട്ട് നൽകാനുള്ള നീക്കം സജീവചർച്ചയായിരിക്കുകയാണ്. ഇന്ത്യയ്ക്കകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ ആശങ്കയിലാണ്. പ്രത്യേകിച്ചും പ്രവാസികൾ. 

എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവർക്ക് (ഇസിആർ) നടപടികൾ വേഗത്തിലാക്കാനാണ് ഓറഞ്ച് പാസ്പോർട്ട് നൽകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എസ്എസ്എൽസി യോഗ്യതയില്ലാത്തവർക്കാണ് ക്ലിയറൻസ് ആവശ്യമുള്ളത്. ഫലത്തിൽ, വിദ്യാഭ്യാസം കുറഞ്ഞവർക്ക് ഓറഞ്ച്, അല്ലാത്തവർക്ക് നീല എന്ന അവസ്ഥ വരുമെന്നതാണ് പ്രധാന പരാതി. മറ്റുരാജ്യങ്ങളിൽ ഇത്തരം രീതിയില്ല

വിദ്യാഭ്യാസം ഇല്ലാത്തവനെന്ന വിവേചനം നേരിടേണ്ടി വരുന്നു എന്നതാണ് പലരും ഉയർത്തിക്കാട്ടുന്ന കാര്യം. തൊഴിലിടങ്ങളിലെ അവഗണനയ്ക്കും സാധ്യതയേറെ. തൊഴിൽമേഖലയിലെ പ്രതിസന്ധിയ്ക്കു പാസ്പോർട്ടിലെ നിറംമാറ്റം കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

വിദ്യാഭ്യാസയോഗ്യത നോക്കാതെ, കഴിവ് മാനദണ്ഡമാക്കി ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടവരും ആശങ്കയിലാണ്. പുതുക്കുമ്പോൾ ഓറഞ്ച് പാസ്പോർട്ട് ലഭിക്കുന്നത് തൊഴിൽസ്ഥാപനത്തിൽ അവഗണനയ്ക്കു കാരണമാകുമെന്ന് അവർ കരുതുന്നു. മൂന്നുവർഷം വിദേശത്തു ജോലി ചെയ്താൽ ഇസിആർ വിഭാഗക്കാരും എമിഗ്രേഷൻ ആവശ്യമില്ലാത്തവർ (ഇസിഎൻആർ) ആകും. അവരുടെ പാസ്പോർട്ട് പുതുക്കുമ്പോൾ ഏതു വിഭാഗത്തിൽ വരുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. വിലാസവും കുടുംബവിവരങ്ങളും ഉൾപ്പെടുന്ന, പാസ്പോർട്ടിലെ അവസാനതാൾ ഒഴിവാക്കുന്നതിലും എതിർപ്പുണ്ട്

മൂന്നുതരം പാസ്പോർട്ടുകളാണ് ഇന്ത്യയിലുള്ളത്; നേവിബ്ലു, മെറൂൺ, വെള്ള എന്നീ മൂന്നു നിറങ്ങളിൽ. 

റെഗുലർ പാസ്പോർട്ട് – നേവിബ്ലൂ നിറം 

∙ വിനോദ, ബിസിനസ് യാത്രകൾക്കു നൽകുന്ന സാധാരണ പാസ്പോർട്ട്. 

ഡിപ്ലോമാറ്റിക് പാസ്പോർട്ട് – മെറൂൺ നിറം 

∙ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കും സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും നൽകുന്നത്. 

ഒഫീഷ്യൽ പാസ്പോർട്ട് – വെള്ള നിറം 

∙ ഔദ്യോഗിക യാത്രാ ആവശ്യത്തിനു സർക്കാർ പ്രതിനിധികൾക്കു നൽകുന്നത്. 

MORE IN SPOTLIGHT
SHOW MORE