69% മലയാളി വീട്ടമ്മമാരും ഗാർഹികപീഡനത്തിന് അനുകൂലം, പുരുഷന്‍മാര്‍ 58%

domestic-violence-act
SHARE

സ്ത്രീമുന്നേറ്റങ്ങളുടെ കാലത്തെ കേരളത്തെ അമ്പരപ്പിച്ച് നാലാമത് ദേശീയ കുടുംബ-ആരോഗ്യ സർവേയിലെ കണ്ടെത്തലുകൾ. ഗുരുതരമല്ലാത്ത കാരണങ്ങളാൽ ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഗാര്‍ഹിക പീഡനത്തോട് ഭൂരിഭാഗം മലയാളി വീട്ടമ്മമാരും പിന്തുണയ്ക്കുന്നുവെന്ന് മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് നടത്തിയ  സർവേ വ്യക്തമാക്കുന്നു.

69% വീട്ടമ്മമാരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിലുള്ള ഗുരുതരമല്ലാത്ത  ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നവരാണ് എന്നാണ് സര്‍വേ ഫലം. സ്ത്രീകളെക്കാൾ താഴെയാണ് ഗാർഹിക പീഡനത്തെ അനുകൂലിക്കുന്ന പുരുഷന്മാരുടെ ശതാമാനം. ഗാർഹികപീഡനത്തെ പിന്തുണയ്ക്കുന്ന പുരുഷൻമാർ 58 ശതമാനമാണ്. 

15-നും 49-നും മധ്യേ പ്രായമുള്ളവർക്കിടയിലായിരുന്നു സർവേ. തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകൾ കേരളത്തിൽ 12 ശതമാനമേയുള്ളൂവെന്നും സർവേ വ്യക്തമാക്കുന്നു. മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട് (54 ശതമാനം), തെലങ്കാന (44 ശതമാനം), കർണാടക (31 ശതമാനം). 

10 വർഷംമുന്‍പ് പ്രസിദ്ധീകരിച്ച മൂന്നാമത് ദേശീയ കുടുംബ-ആരോഗ്യ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ ഗാർഹികപീഡനത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടി. അന്ന് കേരളത്തിലെ 66 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷൻമാരും ഗാർഹികപീഡനത്തിന് അനുകൂലമായിരുന്നു. ദേശീയ ശരാശരിയില്‍ കുറവുണ്ടായി. കഴിഞ്ഞ സർവേയിൽ 54 ശതമാനം സ്ത്രീകളും 51 ശതമാനം പുരുഷൻമാരുമായിരുന്നു ഗുരുതരമല്ലാത്ത ഗാര്‍ഹിക പീഡനത്തെ അനുകൂലിച്ചത്. 

ഭാര്യയെ മർദിക്കാൻ തക്ക ‘അംഗീകൃത’ കാരണങ്ങളായി മലയാളി സ്ത്രീകൾ കരുതുന്നവ ഇവയാണ്:

  • കുടുംബത്തെയും കുട്ടികളെയും നോക്കാതിരിക്കുക
  • ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക,
  • നന്നായി പാചകം ചെയ്യാതിരിക്കുക
  • ലൈംഗികബന്ധത്തിന് വിസമ്മതിക്കുക. 

മർദിക്കുന്നതിൽ തെറ്റില്ല എന്ന് സ്ത്രീകൾ തന്നെ പറയുന്ന കാരണങ്ങൾ ഇവയാണ്:

  • അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ല
  • ഭർത്താവിന് സംശയം തോന്നിയാൽ ഭാര്യമാരെ മർദിക്കാം
  • ഭർത്താവുമായി തർക്കിക്കുന്ന ഭാര്യയെ മർദിക്കാം.  

തല്ലുന്നതിൽ മുന്നിൽ തെലങ്കാന 

ഗാർഹികപീഡനം അംഗീകരിക്കുന്ന സംസ്ഥാനങ്ങളിൽ തെലങ്കാന (84 ശതമാനം), മണിപ്പുർ (84 ശതമാനം), ആന്ധ്രാപ്രദേശ് (82 ശതമാനം) എന്നിവയാണ് മുന്നിൽ. സിക്കിം (എട്ടുശതമാനം), ഹിമാചൽപ്രദേശ് (19 ശതമാനം), ഗോവ (21 ശതമാനം) എന്നിവിടങ്ങളിലെ സ്ത്രീകൾ ഇതിനെ എതിർക്കുന്നു.  ഗാർഹികപീഡനത്തെ അനുകൂലിക്കുന്നവർ കൂടുതലും ഗ്രാമീണമേഖലയിലാണ്. 

MORE IN SPOTLIGHT
SHOW MORE