മീൻ കഴിക്കാം, പഴയതു പോലെ

SOMALIA-PUNTLAND/
SHARE

 ഓഖി ദുരന്തത്തിനു പിന്നാലെ ആരംഭിച്ച, കടൽമീൻ ഭക്ഷ്യയോഗ്യമല്ലെന്ന പ്രചാരണത്തിനെതിരെ ശാസ്ത്രസമൂഹം രംഗത്ത്. മരിച്ചവരുടെ ശരീരഭാഗങ്ങൾ മൽസ്യങ്ങൾ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന പ്രചാരണത്തിനെതിരെയാണ് കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ വിശദീകരണം നൽകിയത്. മീനുകൾ പൊതുവെ, മൃതശരീരം ഭക്ഷിക്കാറില്ലെന്നും ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മീനുകൾ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്നും സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു. പ്രചാരണം മീൻവിപണിയെ ബാധിച്ചതായി മൽസ്യത്തൊഴിലാളികളും പറയുന്നു. കടൽ മൽസ്യങ്ങൾ വാങ്ങാൻ ചിലർ വിമുഖത കാട്ടുന്നതായി ഓൾ കേരള ഫിഷ് മർച്ചന്റ്സ് ആൻഡ് കമ്മിഷൻ ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മധ്യകേരളത്തിൽ ചാള, മത്തി, അയല തുടങ്ങിയ മീനുകളുടെ വിൽപനയിൽ ഇടിവുണ്ടായി.

നമ്മുടെ മീനുകൾ ജഡം തിന്നില്ല

ചാള, അയല. കൊഴുവ തുടങ്ങിയ കടൽ മൽസ്യങ്ങളൊന്നും ജീവനില്ലാത്ത പദാർഥങ്ങൾ ഭക്ഷിക്കുന്നവയല്ലെന്നു മൽസ്യങ്ങളുടെ ആഹാരരീതിയെക്കുറിച്ചു പഠനം നടത്തുന്ന സിഎംഎഫ്ആർഐ വ്യക്തമാക്കുന്നു. കടലിലെ പ്ലവകങ്ങളാണ് (പ്ലാങ്ക്ടൺസ്) പ്രധാന ആഹാരം. സസ്യ-ജൈവ പ്ലവകങ്ങളെ ചെകിളയിലൂടെ എത്തുന്ന ജലം ഉപയോഗിച്ച് അരിച്ചുശുദ്ധമാക്കിയാണ് മൽസ്യങ്ങൾ ഭക്ഷിക്കുന്നത്. നത്തോലി, അയക്കൂറ, മോദ, ശീലാവ്, നെയ്മീൻ തുടങ്ങിയ ഇടത്തരം മൽസ്യങ്ങൾ ഇരയെ തേടി കണ്ടെത്തുകയും ആക്രമിച്ചു കീഴ്പ്പെടുത്തിയുമാണു ഭക്ഷിക്കുന്നത്. ജീവനുള്ളവയെയാണ് ഇവയ്ക്കും പ്രിയം. കടലിലെ അടിത്തട്ടു മൽസ്യങ്ങളുടെ ആഹാരരീതിയും ഭിന്നമല്ല.

അതേസമയം, ചിലയിനം സ്രാവുകൾ മൃതശരീരം ഭക്ഷിക്കുന്നവയാണ്. ഓസ്ട്രേലിയയ്ക്കു സമീപം ഇത്തരം സ്രാവുകളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ ഇവയുടെ സാന്നിധ്യമില്ലെന്നു പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ് വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE