സ്പീക്കർ ഇടപെട്ടു; 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി

speaker-solemenised-marriag
SHARE

ചുവപ്പുനാടയിൽ കുടുങ്ങിയ ഫയൽ പോലെയായിരുന്നു രാമദാസൻ പോറ്റിയുടെയും രജനിയുടെയും പ്രണയം. എങ്കിലും സെക്രട്ടേറിയേറ്റിലെ ഫയലുകൾക്കിടയിലിരുന്ന് ഇരുവരും പ്രണയിച്ചു. ഒന്നും രണ്ടും വർഷമല്ല 20 വർഷമായിരുന്നു കാത്തിരിപ്പ്. രജനിക്കും രാമദാസനും നാൽപ്പതും അമ്പതും പിന്നിട്ടും, പക്ഷെ ഇരുവരുടെയും പ്രണയത്തിന് ഇരുപതുകളുടെ ചെറുപ്പമാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ശ്രീപദ്മം കല്യാണമണ്ഡപത്തില്‍ ഇരുവരും വിവാഹിതരാകുമ്പോൾ കാര്‍മികനായത് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. 

1996 ജൂലായില്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റുമാരായാണ് ഇരുവരും ജോലിയില്‍ കയറുന്നത്. അക്കൗണ്ട്‌സ് വിഭാഗത്തി (സര്‍വീസസ്) ലായിരുന്നു നിയമനം. ഇരുവരും നല്ല സൗഹൃദത്തിലും പിന്നീടു പ്രണയത്തിലുമായി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പിന്തുണച്ചെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് മാറിയില്ല.  ആത്മഹത്യചെയ്യാനോ, വീട്ടുകാരെ ധിക്കരിക്കാനോ ഇരുവർക്കും താൽപര്യമില്ലായിരുന്നു. പക്ഷെ മറ്റൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഇരുവരും തയാറായില്ല. കാത്തിരിപ്പുകൾക്കിടയിലും ഉത്തരവാദിത്വങ്ങളെല്ലാം നിർവഹിച്ചു. എന്നെങ്കിലും ഒരിക്കൽ വീട്ടുകാർ സമ്മതിക്കുമെന്ന പ്രതീക്ഷയുമായി ഒരേ ഓഫീസിൽ ഇരുവരും കാത്തിരുന്നു. 

അടുത്തിടയ്ക്കാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ ഇരുവരുടെയും പ്രണയകഥ കേൾക്കുന്നത്. ഇരുവരെയും ഒരുമിപ്പിക്കാൻ സ്പീക്കർ തന്നെ മുൻകൈയെടുത്തു. വീട്ടുകാരോട് സംസാരിച്ചു. അവസാനം വീട്ടുകാർ പ്രണയത്തിനുമുന്നിൽ തോറ്റു. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി തന്നെ രജനി കതിര്‍മണ്ഡപത്തിലെത്തി. വരണമാല്യം എടുത്തു നല്‍കി കാർമികനായി സ്പീക്കറും ഒപ്പം നിന്നു. കടയ്ക്കല്‍ കുമ്മിള്‍ ആയ്‌ക്കോട്ട് പുത്തന്‍മഠത്തില്‍ പരേതരായ എന്‍. ശങ്കരന്‍പോറ്റിയുടെയും ഭാഗീരഥി അമ്മാളിന്റെയും മകനാണ് രാമദാസന്‍ പോറ്റി. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളായ ജി. രാമന്റെയും രത്‌നമ്മാളിന്റെയും മകളാണ് രജനി.

MORE IN SPOTLIGHT
SHOW MORE