കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ച മലയാളി കുടുംബം ഗുരുതരാവസ്ഥയിൽ: സഹായം തേടി സുഹൃത്തുക്കൾ

wild-boar
SHARE

ന്യൂസീലൻഡിലെ ഹാമിൽട്ടണു സമീപം വെയ്ക്കാറ്റോയിൽ വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ (വൈൽഡ് ബോയർ) മാംസം ഭക്ഷിച്ച മലയാളി കുടുംബാംഗങ്ങൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ.

കൊട്ടാരക്കര അഞ്ചലിനു സമീപമുള്ള അണ്ടൂർ സ്വദേശി ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേൽ എന്നിവരാണ് ഇറച്ചി കഴിച്ചയുടൻ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായത്. മാംസം കഴിക്കാതിരുന്ന കുട്ടികൾ ഭക്ഷ്യവിഷബാധയിൽനിന്നും രക്ഷപ്പെട്ടു. മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതോടെ ഒന്നും ഏഴും വയസുള്ള കുട്ടികൾ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

വെള്ളിയാഴ്ചയാണ് ഷിബുവിനെയും ഭാര്യ സുബിയെയും മാതാവ് ഏലിക്കുട്ടിയെയും വെയ്ക്കാറ്റോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ കഴിച്ച കാട്ടുപന്നിയിറച്ചിയിലെ വിഷാംശമാകാം രോഗാവസ്ഥയ്ക്കു കാരണമെന്നാണ് ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. എന്നാൽ ഇതുസംബന്ധിച്ച രാസപരിശോധനാ ഫലങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.   

ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ചുദിവസമായിട്ടും ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സമാനമായ സംഭവം 1980ൽ ഉണ്ടായിട്ടുള്ളതായി ന്യൂസീലൻഡിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദുരന്തത്തിനിരയായായവരുടെ സുഹൃത്തുക്കളും ഹാമിൽട്ടണിലെ മാർത്തോമ്മാ കോൺഗ്രിഗേഷനും ഇവർക്കുവേണ്ട സഹായങ്ങളുമായി രംഗത്തുണ്ട്. ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി സന്ദർശക വീസയിലാണ് ന്യൂസീലൻഡിൽ എത്തിയത്. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ ചികിൽസയ്ക്ക് ഭീമമായ തുകയാണ് ചിലവാകുന്നത്. ചികിൽസയിൽ പുരോഗതിയുണ്ടായാലും സാധാരണനിലയിലേക്ക് തിരിച്ചുവരാൻ ഏറെനാളത്തെ ആശുപത്രി പരിചരണം ആവശ്യമായതിനാൽ ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത അതിഭീമമാകും. 

ഈ സാഹചര്യത്തിൽ കുടുംബത്തെ സഹായിക്കാനായി ഹാമിൽട്ടൺ മാർത്തോമ്മാ കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ കുടുംബസഹായ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. വികാരി ഫാ. വി. ടി. കുര്യന്റെ (02102711939, 096344448) നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം പുരോഗമിക്കുന്നത്. (ഹാമിൽട്ടൺ മാർത്തോമ്മാ കോൺഗ്രിഗേഷൻ, അക്കൗണ്ട് നമ്പർ- 12-3152-0206554-000, റഫറൻസ്-ഷിബു, എഎസ്ബി ബാങ്ക്) ഇവർക്കുണ്ടായ ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വെയ്ക്കാറ്റോ ഹെൽത്ത് ബോർഡ് മെഡിക്കൽ ഓഫിസർ റിച്ചാർഡ് വിപോണ്ട് വാർത്താകുറിപ്പിൽ അറിയിച്ചു. 

ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മിഷനും കുടുംബത്തിനുവേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. അഞ്ചുവർഷം മുമ്പാണ് ഷിബുവും കുടുംബവും ന്യൂസീലൻഡിൽ എത്തിയത്. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടിപിടിച്ച് ഭക്ഷിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും പതിവ് സാഹസമാണ്. ഇതു തുടരുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന അപകടം. ബിബിസി ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളിൽ മലയാളി കുടുംബത്തിനുണ്ടായ ഈ അപകടം വാർത്തയായിട്ടുണ്ട്.  

MORE IN SPOTLIGHT
SHOW MORE