ഒരു വട്ടമെങ്കിലും സൂപ്പര്‍ ഹീറോസ് ആകാന്‍ കൊതിക്കാത്ത കുട്ടികളില്ല. അമേരിക്കയില്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആറു കുട്ടികളെ ഫോട്ടോ ഷൂട്ടിലൂടെ സൂപ്പര്‍ ഹീറോ ആക്കി മാറ്റി ജോഷ് റോസി എന്ന ഫൊട്ടോഗ്രഫര്‍.
ആശുപത്രിയിലെ മരുന്നിനും മരവിപ്പിനും ഇടയില്‍ നിന്ന് ഈ കുരുന്നുകള്‍ അവര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളായി കാമറയ്ക്ക് മുന്നിലെത്തി. ജസ്റ്റിസ് ലീഗ് എന്ന ഹോളിവുഡ് സിനിമയിലെ സൂപ്പര്‍ മാനും, ഫ്ലാഷും, വണ്ടര്‍ വുമണും, ബാറ്റ്മാനും, ഗ്രീന്‍ ലാന്റണും, അക്വാമാനുമായി അവര്‍ മാറി.
ജൂലി വൈറ്റ്ലിയുടെ വസ്ത്രാലങ്കാരമികവില് അവരെ അണിയിച്ചൊരുക്കാന്‍ അമ്മമാരും ഒപ്പമുണ്ടായിരുന്നു.
സൂപ്പര്‍ ഹീറോകളായി തങ്ങളുടെ ഫൊട്ടോകള്‍ കണ്ട കുട്ടികള്‍ വലിയ സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു. ഫൊട്ടോകള്‍ ഫ്രെയിം ചെയ്ത് അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ആശകളറ്റുകിടക്കുന്ന കുട്ടികളെ സ്വപ്നങ്ങള്‍ക്ക് പരിധികളില്ലായെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം ഫൊട്ടോഗ്രാഫര്‍ക്ക് സ്വന്തം.