സഞ്ജുവിന്റെ റണ്ണൗട്ട് ഒരുതരത്തിൽ ടീമിന് അനുഗ്രഹമായി: മത്സരശേഷം സ്മിത്ത്

sanju-smith-2
SHARE

ഐപിഎൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കിങ്സ് ഇലവൻ പ‍ഞ്ചാബിനെതിരെ സഞ്ജു സാംസൺ റണ്ണൗട്ടായത് നിർഭാഗ്യകരമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സ്റ്റീവ് സ്മിത്ത്. അതുപക്ഷേ, മറ്റൊരു വിധത്തിൽ ടീമിന് അനുഗ്രഹമായെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. മികച്ച ഫോമിൽ ബാറ്റു ചെയ്തിരുന്ന സഞ്ജു അർധസെഞ്ചുറിക്ക് തൊട്ടരികെയാണ് റണ്ണൗട്ടായത്. 25 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 48 റണ്‍സെടുത്ത സഞ്ജു, ഉറപ്പില്ലാത്ത സിംഗിളിനോടിയ സ്മിത്തിന്റെ കൂടി പിഴവിലാണ് പുറത്തായത്.

സഞ്ജു പുറത്തായെങ്കിലും ജോസ് ബട്‌ലറിനെ കൂട്ടുപിടിച്ച് സ്മിത്ത് രാജസ്ഥാനെ വിജയത്തിലെത്തിച്ചിരുന്നു. മത്സരശേഷമുള്ള പുരസ്കാര സമർപ്പണ വേളയിലാണ്, സഞ്ജു പുറത്തായത് നിർഭാഗ്യകരമെങ്കിലും ടീമിന് അനുഗ്രഹമായെന്ന സ്മിത്തിന്റെ പ്രസ്താവന. ഇടവേളയ്ക്കുശേഷം ജോസ് ബട്‌ലറിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ്, സഞ്ജു പുറത്തായത് മറ്റൊരു വിധത്തിൽ നന്നായെന്ന സ്മിത്തിന്റെ പ്രസ്താവന.

‘സഞ്ജു സാംസണിന്റെ ഔട്ട് നിർഭാഗ്യകരമായിരുന്നു. പക്ഷേ, ഇത്തരം സംഭവങ്ങളുടെ നല്ല വശം മാത്രം കാണുന്നതാണ് ശരി. ഏതാണ്ട് അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം ജോസിന് (ബട്‌ലർ) കളത്തിലിറങ്ങാൻ അവസരം കിട്ടിയല്ലോ. അദ്ദേഹം നല്ല രീതിയിൽത്തന്നെ കളിക്കുകയും ചെയ്ത്. അത് ടീമിനെ സംബന്ധിച്ച് ശുഭസൂചനയാണ്’ – സ്മിത്ത് ചൂണ്ടിക്കാട്ടി. 11 പന്തുകൾ നേരിട്ട ബട്‍ലർ, 21 റൺസുമായി പുറത്താകാതെ നിന്നാണ് സ്മിത്തിനൊപ്പം ടീമിന് വിജയം സമ്മാനിച്ചത്.

ഒരുവേള നിറംമങ്ങിയെങ്കിലും, സ്റ്റോക്സും സഞ്ജുവും റൺസ് കണ്ടെത്തുമെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടായിരുന്നില്ലെങ്കിലും സ്മിത്ത് പറഞ്ഞു.

‘ബെൻ (സ്റ്റോക്സ്) ലോകോത്തര താരമാണ്. കൃത്യമായ ഷോട്ടുകൾ തിരഞ്ഞുപിടിച്ച് കളിക്കുന്ന താരം. അസാധ്യമായ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഷോട്ട് കളിക്കാൻ അദ്ദേഹത്തിനാകും. പന്തുകൊണ്ടും അദ്ദേഹം മികവുകാട്ടി. ലോകത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാൾ. സഞ്ജു ഏറ്റവും മികച്ച രീതിയിലാണ് ടൂർണമെന്റിന് തുടക്കമിട്ടത്. ഇടക്കാലത്ത് അദ്ദേഹത്തിന് ഉദ്ദേശിച്ച രീതിയിൽ റൺസ് നേടാനായില്ല. ട്വന്റി20 ക്രിക്കറ്റിൽ അതൊക്കെ പതിവാണ്. നല്ലത് പ്രതീക്ഷിച്ച് മുന്നോട്ടു പോവുകയാണ് പ്രധാനം’ – സ്മിത്ത് പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...