ഞാൻ ആരുമായും മൽസരിക്കുന്നില്ല; വിശേഷണങ്ങളും വേണ്ടെന്ന് കോഹ്‍ലി

virat-kohli-2
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ചരിത്രജയത്തിനുശേഷം നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌ലി. ആരുമായും മൽസരിക്കാനില്ലെന്നും പ്രത്യേക വിശേഷണങ്ങളും വേണ്ടെന്നും  സെഞ്ചൂറിയൻ ഏകദിനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവേ കോഹ്‍ലി പറഞ്ഞു.‘ഇപ്പോഴത്തെ സാഹചര്യത്തിൽ, ആരെങ്കിലുമായി മൽസരിക്കുന്നുവെന്ന തോന്നൽ എനിക്കില്ല. മൽസരത്തിനായുള്ള ഒരുക്കം മാത്രമാണ് എപ്പോഴും മനസ്സിലുള്ളത്. അത്തരമൊരു മനസ്ഥിതി സ്വന്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതും. അല്ലാതെ ആരുമായും മൽസരത്തിനില്ലെന്ന് കോഹ്‍ലി പറഞ്ഞു.

ആരെങ്കിലുമായും മൽസരിക്കുന്നതായും മറ്റുള്ളവരെക്കാൾ താൻ മുന്നിലായിരിക്കണമെന്നും ചിന്തിച്ചാൽ ടീമിനായുള്ള പ്രകടനത്തിൽ പലപ്പോഴും വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു. രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോഴുള്ള ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കാമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോഹ്‍ലിയുടെ മറുപടി ഇങ്ങനെ: എനിക്ക് യാതൊരുവിധ ലേബലുകളും ആവശ്യമില്ല. എന്തെങ്കിലും തലക്കെട്ടുകളും വേണ്ട. ജോലി ചെയ്യുന്നതിലാണ് എന്റെ സമ്പൂർണമായ ശ്രദ്ധ. എത്ര വലിയ വിജയമായാലും ഞങ്ങളുടെ ലക്ഷ്യം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. വിജയിച്ചാലും തോറ്റാലും ഞങ്ങളുടെ പണി ക്രിക്കറ്റ് കളിക്കുക എന്നതാണ്, നന്നായി കഠിനാധ്വാനം ചെയ്യുക, എല്ലാ മത്സരങ്ങളും വിജയിക്കാന്‍ ശ്രമിക്കുക. എന്നെക്കുറിച്ച് എന്തെങ്കിലും ആരെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത് അവരുടെ കർത്തവ്യമാണ്. എനിക്ക് യാതൊരു ലേബലുകളും വേണ്ടെന്നും കോ‍ഹ്‌ലി വ്യക്തമാക്കി.

ഒരു ടീമെന്ന രീതിയില്‍ ഞങ്ങളുടെ ലക്ഷ്യം 120 ശതമാനം പ്രയത്നം നടത്തി ടീമിന് മികച്ച വിജയം കൊണ്ടുവരാന്‍ ശ്രമിക്കുക എന്നതാണ്. അത് ഈ പരമ്പരയില്‍ നേടാനായതില്‍ വളരെ സന്തോഷവാനാണ്. ഞങ്ങളുടെ പണി വാര്‍ത്തകള്‍ക്ക് തലക്കെട്ട് ഉണ്ടാക്കുകയല്ല. മറിച്ച് നന്നായി ക്രിക്കറ്റ് കളിക്കുക എന്നതാണ്. അതാണ് ഈ പരമ്പരയില്‍ ഞങ്ങള്‍ ചെയ്തതെന്നും കോഹ്‌ലി പറഞ്ഞു.

MORE IN SPORTS
SHOW MORE