ആനപ്രാന്ത് തലയ്ക്ക് പിടിച്ച ഹ്യൂം; പുരികത്തില്‍ പിന്നടിച്ച ഹ്യൂം..!

Blasters_mariya
SHARE

‘ബ്ലാസ്റ്റിങ് ഔട്ട്, ബ്ലാസ്റ്റേഴ്സിനൊപ്പം’  എന്ന പ്രതിവാര പരിപാടിക്കായി കേരള  ബ്ലാസ്റ്റേഴ്സിനൊപ്പം യാത്ര ചെയ്ത മനോരമ ന്യൂസ് പ്രതിനിധി മരിയ ട്രീസ എബ്രഹാം ആ അനുഭവം എഴുതിത്തുടങ്ങുന്നു

മലയാളികളുടെ ആ പ്രിയ സംഘത്തോടൊപ്പമാണ് ഇപ്പോള്‍ എന്‍റെ യാത്ര. അവരുടെ കളിചിരികളില്‍, സൗഹൃദവട്ടങ്ങളില്‍ എല്ലാം ഇപ്പോള്‍ ഞാനുമുണ്ട്. അത്ര രസകരമാണ് അവരുടെ ബ്ലാസ്റ്റേഴ്സ് ജീവിതം. ഏത് രസങ്ങളില്‍ മുങ്ങിത്തോരുമ്പോഴും പക്ഷേ ജയിക്കണമെന്ന നിശ്ചയദാര്‍ഢ്യം അവരുടെ ഓരോ ചുവടുകളിലും ഉറച്ചുതന്നെയുണ്ട്. അത് നമ്മുടെ ഹൃദയത്തില്‍ പതിയും. 

കളിയേതായാലും കേരളത്തിന്റെ പേരില്‍ ഒരു ടീമുണ്ടായാല്‍ ചിഹ്നമായി ഒരു കൊമ്പനാന വേണം. മലയാളികള്‍ക്ക് ആനയോളം തലയെടുപ്പുള്ള ടീം ലോഗോ വേറൊന്നില്ല. ഐപിഎല്ലില്‍ കേരള ടസ്കേഴ്സ് പേരിലും പെരുമയിലും കൊമ്പനാനയെ ഒപ്പം ചേര്‍ത്താണ് മലയാളികള്‍ക്ക് മുന്നിലെത്തിയത്. ഐഎസ്എല്ലില്‍ സച്ചില്‍ തെന്‍ഡുല്‍ക്കര്‍ ടീം സമ്മാനിച്ചപ്പോഴും ഒരു കൊമ്പനാന നെഞ്ചോട് ചേര്‍ന്നു. പൂരം കാണുന്ന ആവേശത്തേടെ ഗ്യാലറിയിലിരുന്ന് കളികണ്ടവര്‍ക്ക് മുന്നില്‍ പന്തുതട്ടിയവരിലും ഒരു ആനപ്രേമി ഉണ്ടായിരുന്നു.   ഇടം കാലില്‍ കൊമ്പനാനയുടെ ചിത്രം പച്ചകുത്തിയ കാനഡക്കാരന്‍ ആനപ്രേമി. ഇയാന്‍ ഹ്യൂം. വെറും ഇഷ്ടമല്ല തലയ്ക്ക് പിടിച്ച ആനപ്രാന്ത്.

ഹ്യൂമിനെ അടുത്തുകിട്ടിയപ്പോൾ

മുംബൈയുമായുള്ള എവേ മല്‍സരത്തിന്  മുന്‍പാണ് ഇയാന്‍ ഹ്യൂം അഭിമുഖത്ത്  സമയം നല്‍കിയത്. ഡല്‍ഹിക്കെതിരെ ഹാട്രിക് നേടി സീസണിലെ ഗോള്‍ വരള്‍ച്ചയ്ക്ക് അവസാനമിട്ടതിന്റെ  സന്തോഷത്തിലും ആശ്വാസത്തിലുമായിരുന്നു ഹ്യൂം. മുംബൈ ജുഹു ബിച്ചില്‍ നട്ടുച്ചയ്ക്ക്  ഇയാന്‍ ഹ്യൂമിന്റെ വരവിനായി കാത്തിരുന്നു. പറഞ്ഞ സമയത്ത് തന്നെ ഹ്യൂമേട്ടന്‍ എത്തി.  മുംബൈയില്‍ നല്ല ചൂടാണ്, ഡല്‍ഹിയിലെ തണുപ്പുള്ള കാലാവസ്ഥ ആയിരുന്നെങ്കില്‍ അഭിമുഖത്തിന് കൂടുതല്‍ സമയം അനുവദിച്ചേനെയെന്ന് ഹ്യൂമേട്ടന്‍. വെയിലത്ത് ഇരുത്തരുതേ എന്ന അഭ്യര്‍ഥനയും. പിന്നെ തണലത്തേയ്ക്ക് മാറിയിരുന്നു.

hume-mariya

ആദ്യമായാണ് ഇയാന്‍ ഹ്യൂമിനെ ഇത്ര അടുത്ത് കാണുന്നത്. പിരികത്തിന് മുകളിലായി മൂന്ന്  സ്റ്റേപ്ലര്‍. മുറിവില്‍ സ്റ്റേപ്ലര്‍ അടിക്കുമോയെന്ന് ചോദിച്ചപ്പോള്‍ സ്റ്റിച്ചിടുന്നതിനെക്കാള്‍ എളുപ്പമാണെന്ന് ഹ്യൂം. കളിക്കിടെയേറ്റ മുറിവുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇതൊക്കെ  എന്തെന്ന ഭാവം. അല്ലെങ്കിലും പരുക്കേറ്റ് തലയോട്ടി പിളര്‍ന്നുപോയവന് ചതവും മുറിവുമൊക്കെ എന്ത്. ഹ്യൂമേട്ടന്‍ കൈയില്‍ നിറയെ പച്ചകുത്തിയിട്ടുണ്ട്. മാലാഖയും കുടുംബത്തെ കുറിച്ചുള്ള വാചകങ്ങളുമൊക്കെയായി ആ കൈക്ക് ഒരു ആനചന്തമുണ്ട്. 

ഒരു ഏഴാം തിയതി

കൈയ്യില്‍ പതിച്ചിരിക്കുന്ന റോമന്‍ ലിപികളില്‍ ഏഴ് എന്ന് എഴുതിയ ടാറ്റുവാണ് ഹ്യൂമേട്ടന് ഏറ്റവും പ്രിയം. അതിന് കാരണമുണ്ട്. ഭാര്യയെ ആദ്യമായി  കണ്ടുമുട്ടിയത് ഒരു ഏഴാം തിയതി.  കളിച്ച ക്ലബുകളില്‍ ജഴ്സി നമ്പര്‍ ഏഴ്. അതിനൊരു മാറ്റമുണ്ടായത് ഇംഗ്ലണ്ടില്‍ ലെസ്റ്റര്‍ സിറ്റിയില്‍ കളിച്ചപ്പോഴാണ്. എട്ടാം നമ്പര്‍ കുപ്പയാമായിരുന്നു ആദ്യസീസണല്‍ ലഭിച്ചത്. രണ്ടാം സീസണില്‍ പക്ഷേ ഏഴിലേയ്ക്ക് മാറി.  ബ്ലാസ്റ്റേഴ്സിലെ പത്താം നമ്പര്‍ പക്ഷേ മാറാന്‍ ഉദ്ദേശിക്കുന്നില്ല. 

മൊബൈല്‍ ഫോണ്‍ കവറില്‍ ആനയെ കണ്ടപ്പോള്‍  ബ്ലാസ്റ്റേഴ്സിെലത്തിയതോടെ ഹ്യൂമേട്ടനും ആനപ്രേമിയായോയെന്ന് സംശയം. ഞാന്‍ പണ്ടേ ആനപ്രേമിയാണെന്നും പറഞ്ഞ് കാലില്‍ പച്ചകുത്തിയ ആനയുടെ രൂപം കാണിച്ചു. ഒരു ആഫിക്കന്‍ കൊമ്പനാന. ഇംഗ്ലണ്ടില്‍ നിന്നാണ് കൊമ്പനാനയുടെ ടാറ്റു പതിച്ചത്.  ആനയോളം സ്നേഹമുള്ളൊരു മൃഗം വേറെയില്ലന്നാണ്  ഹ്യൂമിന്‍റെ പക്ഷം.  തൃശൂര്‍ പൂരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിപ്പോയ ഹ്യൂം ഒരിക്കല്‍ പൂരം കാണാന്‍ വരുമെന്നും ആഗ്രഹം പറഞ്ഞു.  ഇനിയുമുണ്ട് ഏറെ യാത്രകള്‍ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത പടയോടൊപ്പം. പടകൂടാന്‍ എമ്പാടും കളിക്കളങ്ങളും. കാത്തിരിക്കാം. 

MORE IN SPORTS
SHOW MORE