കേരള ബ്ലാസ്റ്റേഴ്സിന്റെ വൈക്കിങ് ക്ലാപ്പ് ആഘോഷം എവിടെ നിന്ന് ?

kerala-blasters-2
SHARE

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മല്‍സരശേഷം കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും കൂട്ടരും ആരാധകര്‍ക്കരികിലേയ്ക്കെത്തി. സഹതാരങ്ങളെ പിന്നില്‍നിര്‍ത്തി ഇരുകൈകളും വിരിച്ച് തലയ്ക്കുമുകളില്‍ ഉയര്‍ത്തി ജിങ്കാന്‍ കയ്യടിച്ചു. താളത്തിലുള്ള കയ്യടി താരങ്ങളും മഞ്ഞപ്പടയും ഏറ്റുപിടിച്ചു. വൈകാതെ കയ്യടി‌യുടെ വേഗവും ശബ്ദവും ഉയര്‍ന്നുവന്നു. ഒപ്പം ' ഹൂഹ്' എന്ന് ആരാധകര്‍ ആര്‍ത്തുവിളിച്ചു. മല്‍സരശേഷം കണ്ട അതിമനോഹര ദൃശ്യങ്ങളില്‍ ഒന്ന്. ആരാധകരിലും മല്‍സരം ടിവിയില്‍ കണ്ടവരിലും രോമാഞ്ചമുണര്‍ത്തിയ കാഴ്ച. വൈക്കിങ് വാര്‍ ചാന്റ് അല്ലെങ്കില്‍ വൈക്കിങ് ക്ലാപ്പ്  എന്നാണ് ഈ ആഘോഷരീതിയുെട പേര്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു വൈക്കിങ് ജനതയുടെ ആഘോഷ രീതി. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വൈക്കിങ് ജനതയുടെ യുദ്ധ ആഘോഷം

നോര്‍സ് അഥവ സ്കാന്‍ഡിനേവിയന്‍ ജനതയുടെ ഒരു ഭാഗമാണ് വൈക്കിങ്ങുകള്‍ . ഒന്‍പതാം നൂറ്റാണ്ട് മുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ യൂറോപ്പിന്റെ പലഭാഗങ്ങളും വൈക്കിങ്ങുകള്‍ കയ്യടക്കി. പര്യവേഷകരും പോരാളികളും വ്യാപാരികളും കൊള്ളക്കാരും എല്ലാം ഉള്‍പ്പെടുന്ന വൈക്കിങ് ജനത ഒരു തരം നീളന്‍ കപ്പലിലാണ് യാത്രചെയ്തിരുന്നത്. ഒരോ നാടുകള്‍ കീഴ്പ്പെടുത്താനുള്ള പോരാട്ടങ്ങള്‍ക്കുമുമ്പും വൈക്കിങ്ങ് പടയാളികള്‍ ആത്മവിശ്വാസവും കരുത്തും നേടുന്നതിനായി ഒരുമിച്ച് കൈ ഉയര്‍ത്തി അടിച്ച് അലറിവിളിച്ചിരുന്നു. വൈക്കിങ് വാര്‍ ചാന്റിന്റെ തുടക്കം അങ്ങനെയെന്നാണ് കരുതപ്പെടുന്നത്. 

iceland

യൂറോകപ്പില്‍ ജനപ്രിയമാക്കി ഐസ്‌ലാന്‍ഡ്

ഇക്കഴിഞ്ഞ യൂറോകപ്പിലെ കറുത്തകുതിരകളായിരുന്നു ഐസ്‌ലാന്‍ഡ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറിയ ഐസ്‌ലാന്‍ഡ് എന്ന കൊച്ചുരാജ്യം ഇംഗ്ലണ്ടിനെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി . ഐസ്‌ലാന്‍ഡിന്റെ കുതിപ്പ് ജനസംഖ്യയുടെ നല്ലൊരു ശതമാനം സ്റ്റേഡിയത്തിലെത്തിയിരുന്നു. വെറും മൂന്നരലക്ഷമാണ് ഐസ്‌ലാന്‍ഡ് ജനസംഖ്യ. മല്‍സരശേഷം ഐസ്‌ലാന്‍ഡ് താരങ്ങള്‍ ആരാധകര്‍ക്കരികിലേയ്ക്കെത്തി കൈകള്‍ വിരിച്ച് വായുവിലുയര്‍ത്തി കൈയടിച്ചു. അങ്ങനെ വൈക്കിങ് ക്ലാപ്പ് യൂറോപ്പിലാകെ വൈറലായി. ഒരു ഐസ്‌ലാന്‍ഡിക് ഫുട്ബോള്‍ ക്ലബിന്റെ ആഘോഷരീതി ദേശീയടീം പകര്‍ത്തുകയായിരുന്നു. 

france

ഏറ്റുപിടിച്ച് വെയില്‍സും ഫ്രാന്‍സും ബെംഗളൂരു എഫ്.സിയും 

ഐസ്‌ലാന്‍ഡിന്റെ വൈക്കിങ് ആഘോഷരീതി പെട്ടന്ന്് യൂറോ കപ്പില്‍ ജനപ്രിയമായി. ബെല്‍ജിയത്തെ കീഴടക്കിയ വെയില്‍സ് സൂപ്പര്‍ താരം ഗാരത്ത് ബെയ്‌ലിന്റെ നേതൃത്വത്തില്‍ വൈക്കിങ് ക്ലാപ്പടിച്ച് ആഘോഷിച്ചു. ആതിഥേയരായ ഫ്രാന്‍സും സെമിയില്‍ ജര്‍മനിയെ കീഴടക്കി ആഘോഷിച്ചത് ആരാധകര്‍ക്കൊപ്പം വൈക്കിങ് ക്ലാപ്പടിച്ച്. ഇന്ത്യയില്‍ വൈക്കിങ് ക്ലാപ്പിലൂടെ വിജയമാഘോഷിക്കുന്നത് പതിവാക്കിയവരാണ് ബെംഗളൂരു എഫ്. സി. കണ്ഠീരവ സ്റ്റേഡിയത്തിലെ മല്‍സരശേഷം സ്റ്റേഡിയത്തിന്റെ വെസ്റ്റ് ബ്ലോക്കിലാണ് ടീമിന്റെ വൈക്കിങ് ക്ലാപ്പ് ആഘോഷം. 

MORE IN SPORTS
SHOW MORE