ഇന്ത്യയ്ക്കു ജയം, പരമ്പര; ധവാനു സെഞ്ചുറി

Thumb Image
SHARE

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു എട്ടു വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി(2-1). ജയിക്കാൻ 216 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 32.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. സെഞ്ചുറി നേടിയ ശിഖർ ധവാൻ(100), തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി കണ്ടെത്തിയ ശ്രേയസ് അയ്യർ(65) എന്നിവരാണ് ഇന്ത്യൻ സ്കോർ ബോർഡിനു അടിത്തറയിട്ടത്.  ധവാന്റെ കരിയറിലെ പന്ത്രണ്ടാം ഏകദിന സെഞ്ചുറിയാണ് വിശാഖപട്ടണത്തു നേടിയത്.

സ്കോർ 14ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. 14 പന്തിൽ ഏഴു റൺസ് മാത്രമെടുത്ത് നിൽക്കെ അഖില ധനഞ്ജയ ഇന്ത്യൻ ക്യാപ്റ്റനെ ബൗൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി ശിഖർ ധവാനും ശ്രേയസ് അയ്യറും ചേർന്ന് നടത്തിയ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ധവാൻ 100 റൺസുമായി പുറത്താകാതെ നിന്നു. ദിനേശ് കാർത്തിക് 26 റൺസെടുത്തു.

മികച്ച തുടക്കം മുതലാക്കാനാകാതെ ലങ്ക

മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാനാകാതെ പോയ ശ്രീലങ്കയുടെ ബാറ്റ്സ്മാൻമാർ ഇന്ത്യൻ ബൗളർമാർക്കെതിരെ തകർന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറിൽ 215 റൺസിന് പുറത്തായി. ഒരുഘട്ടത്തിൽ രണ്ടിനു 136 റൺസെന്ന ശക്തമായ നിലയിൽനിന്ന് ലങ്കൻ ബാറ്റിങ് നിര തകരുകയായിരുന്നു. തകർപ്പൻ പ്രകടനവുമായി സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഉപുല്‍ തരംഗയുടെ പുറത്താകലാണ് ലങ്കയെ തകർത്തത്. തുടക്കത്തിൽ ക്ലച്ച് പിടിക്കാതെ പോയ ഇന്ത്യൻ ബോളര്‍മാർ സ്പിന്നർമാരെത്തിയതോടെ താളം കണ്ടെത്തിയതും ശ്രീലങ്കയെ വലച്ചു.

95 റൺസെടുത്ത ഉപുൽ തരംഗയെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. 82 പന്തിൽ 12 ഫോറുകളും മൂന്നു സിക്സറും ഉൾപ്പെടുന്നതായിരുന്നു തരംഗയുടെ ഇന്നിങ്സ്. ഒൻപതാം ഓവറിൽ ഉപുൽ തരംഗ, ഹർദിക് പാണ്ഡ്യയുടെ ഓവറിലെ ആദ്യ അഞ്ച് പന്തുകളും ബൗണ്ടറി കടത്തിയിരുന്നു. സമരവിക്രമ 57 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 42 റൺസെടുത്തു പുറത്തായി. യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ശിഖർ ധവാന്‍ ക്യാച്ചെടുത്താണ് സമരവിക്രമയെ പുറത്താക്കിയത്.

ലങ്കൻ നിരയിൽ ധനുഷ്ക ഗുണതിലക (12 പന്തിൽ 13), എയ്ഞ്ചലോ മാത്യൂസ് (28 പന്തിൽ 17), നിറോഷൻ ഡിക്വെല്ല (നാലു പന്തില്‍ എട്ട്), തിസാര പെരേര (ആറു പന്തിൽ ആറ്), സചിത് പതിരണ (12 പന്തില്‍ ഏഴ്), അഖില ധനഞ്ജയ (നാല് പന്തിൽ ഒന്ന്), ലക്മൽ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്‍മാർ.

കറക്കി വീഴ്ത്തി ചാഹലും കുൽദീപും

മൂന്നു വിക്കറ്റുകൾ വീതം നേടിയ കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ലങ്കൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സെഞ്ചുറിയിലേക്ക് നീങ്ങിയ ഉപുൽ തരംഗയുടെതുൾപ്പെടെ നിർണായക വിക്കറ്റുകളാണ് ചൈനാമാൻ ബോളർ കുൽദീപ് നേടിയത്. 95 റൺസെടുത്ത തരംഗയെ എം.എസ്. ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. നിരോഷൻ ഡിക്ക്‌വല്ലയെ കുൽദീപിന്റെ പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് പുറത്താക്കി. അഖില ധനഞ്ജയയുടെ വിക്കറ്റും കുൽദീപ് സ്വന്തമാക്കി.

42 റൺസെടുത്ത സമര വിക്രമയുടെതുൾപ്പെടെ മൂന്ന് വിക്കറ്റുകൾ യുസ്‌വേന്ദ്ര ചാഹലും നേടി. സമരവിക്രമയെ ശിഖർ ധവാൻ ക്യാച്ചെടുത്ത് പുറത്താക്കിയപ്പോൾ എയ്ഞ്ചലോ മാത്യൂസിനെയും ക്യാപ്റ്റൻ തിസാര പെരേരയെയും ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യ രണ്ടും ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി.

MORE IN BREAKING NEWS
SHOW MORE