തോട്ടികൊണ്ട് കൊളുത്തിളക്കി; ഹെൽമറ്റുണ്ടായിട്ടും തിരിച്ചറിഞ്ഞു; ഒടുവിൽ അരുംകൊല

tvm-murder
SHARE

വണ്ടിത്തടം പാലപ്പൂര് റോഡിൽ ദാറുൽസലാം വീട്ടിൽ ചാൻബീവി (78) യെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. പരിചാരികയുടെ ചെറുമകനും സമീപവാസിയുമായ ബിരുദ വിദ്യാർഥി അറസ്റ്റിലായി. എട്ടാം തീയതി ഉച്ചതിരിഞ്ഞു നടന്ന കൊലപാതകം ആഭരണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ.

വണ്ടിത്തടം യക്ഷിയമ്മൻ ക്ഷേത്രത്തിനു സമീപം അലക്സ് വീട്ടിൽ അലക്സ്(21) ആണ് അറസ്റ്റിലായത്. കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. വീടിന്റെ പിന്നിലെ മതിൽ ചാടിക്കടന്ന് എത്തിയ  അലക്സ് തോട്ടി  ഉപയോഗിച്ച് മുൻവാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എഴുന്നേറ്റു വന്ന ചാൻബീവിയുടെ മാലയിൽ പിടിച്ചു വലിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാൻബീവി ‘അലക്സേ വിടെടാ’ എന്നു പറഞ്ഞതോടെ തലമുടിയിൽ പിടിച്ചു ചുമരിൽ രണ്ടു തവണ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തി ആഭരണങ്ങൾ കവരുകയായിരുന്നു.  തുടർന്ന് കോളജിൽ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടിൽ മടങ്ങി എത്തി. 

ഓരോ പവൻ വീതമുള്ള രണ്ടു വളകളും രണ്ടര പവൻ  മാലയുമാണ് കവർന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്നു അവർ പറഞ്ഞതിനെത്തുടർന്ന്കനാലിൽ എറിഞ്ഞു  ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ സൺഷെയ്ഡിൽ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു. സംഭവം പുറത്തറിഞ്ഞ ശേഷം നാട്ടുകാർക്കൊപ്പം ചാൻബീവിയുടെ വീട്ടിലെത്തിയ പ്രതി  ചാൻബീവിയെ ആശുപത്രിയിലെത്തിക്കാനും മരണ വീട്ടിൽ ഒരുക്കങ്ങൾ നടത്താനും  സജീവമായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...