വിക്രാന്തിലെ കവർച്ച: സൈബര്‍ ഭീകരവാദ വകുപ്പ് നിലനില്‍ക്കുമെന്ന് എന്‍ഐഎ

ins-vikrant-koci-1
SHARE

വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ഹാര്‍ഡ് വെയറുകളും മോഷണം പോയ കേസില്‍ പ്രതികള്‍ക്കെതിരെ സൈബര്‍ ഭീകരവാദ വകുപ്പ് നിലനില്‍ക്കുമെന്ന് എന്‍ഐഎ. മോഷ്ടിക്കപ്പെട്ട സോളിഡ് സ്റ്റേറ്റ് ഡ്രൈവില്‍  രേഖപ്പെടുത്തിയിരുന്ന കപ്പലിന്‍റെ ബാറ്റില്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്ന ഡേറ്റ പ്രതികള്‍ ഡിലീറ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ മോഷണം പോയ വസ്തുക്കള്‍ നിര്‍മിച്ച കമ്പനികള്‍ , ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ എന്നീ വിവരങ്ങള്‍ നീക്കം ചെയ്ത കുറ്റപത്രമാവും പ്രതിഭാഗത്തിന് കൈമാറുക.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ തന്ത്രപ്രധാനവിവരങ്ങള്‍ രേഖപ്പെടുത്തിയ ഹാര്‍ഡ് ഡിസ്കും മറ്റ് ഹാര്‍ഡ് െവയറുകളും മോഷ്ടിച്ച കേസില്‍ ചാരപ്രവര്‍ത്ത സാധ്യത എന്‍ഐഎ തള്ളിയിരുന്നു. പ്രതികള്‍ പണത്തിന് വേണ്ടി മോഷണം നടത്തിയെന്നാണ് കണ്ടെത്തല്‍ എങ്കിലും തന്ത്രപ്രധാന ഡേറ്റയിലേക്ക് കടന്നുകയറിയതിനാല്‍ സൈബര്‍ ഭീകരവാദവകുപ്പ് നിലനില്‍ക്കുമെന്നാണ് എന്‍ഐഎ നിലപാട്. ശമ്പളമില്ലാത്തതിനാല്‍ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന വാദവും എന്‍ഐഎ തള്ളി. 

മോഷണം നടത്തിയ മാസം വരെ പ്രതികള്‍ക്ക് ശമ്പളം ലഭിച്ചിരുന്നുവെന്ന് കണ്ടെത്തി. 5 മള്‍ട്ടി ഫങ്ഷന്‍ കണ്‍സോളുകളില്‍ നിന്നായി  മോഷ്ടിച്ച സോളിഡ് സ്റ്റേറ്റ് ഡ്രൈവില്‍ യുദ്ധക്കപ്പലിനെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിരുന്നു. പ്രൊപ്പല്‍ഷന്‍ സിസ്റ്റം, പവര്‍മാനേജ്മെന്‍റ് സിസ്റ്റം, സിസിടിവി സിസ്റ്റം, ബാറ്റില്‍ മാനേജ്മെന്‍റ് സിസ്റ്റം എന്നിവ സംബന്ധിച്ച ഡ്രൈവിലെ ഡേറ്റ  പ്രതികള്‍ ഡിലീറ്റ് ചെയ്തു. പ്രതികള്‍ക്ക് ഡ്രൈവിലെ ഡേറ്റയെക്കുറിച്ചുള്ള ധാരണയുണ്ടായിരുന്നെന്നും എന്‍ഐഎ പറയുന്നു. മോഷണത്തിന് മുന്‍പും അതിന് ശേഷവും ഗൂഗിളില്‍  ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ച് തിരഞ്ഞിരുന്നു. 

കപ്പലിനെ പ്രാധാന്യം സംബന്ധിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഷിപ്പയാര്‍ഡില്‍ പരിശീലനലവും നല്‍കിയിരുന്നു . ഉച്ചയൂണിന്‍റെ സമയത്താണ് പ്രതികള്‍ പ്രവേശന വിലക്കുണ്ടായിരുന്ന സ്ഥലത്തെത്തി ഹാ‍ര്‍ഡ് വെയറുകള്‍ മോഷ്ടിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ മോഷണം പോയ വസ്തുക്കള്‍ നിര്‍മിച്ച കമ്പനികള്‍ , ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ എന്നീ വിവരങ്ങള്‍ നീക്കം ചെയ്ത കുറ്റപത്രമാവും പ്രതിഭാഗത്തിന് കൈമാറുക.  

പ്രതികളായ ബിഹാറുകാരന്‍ സുമിത് കുമാര്‍ , രാജസ്ഥാന്‍കാരന്‍ ദയറാം എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്. പ്രതികള്‍ പണത്തിന് വേണ്ടിമാത്രമാണ് മോഷണം നടത്തിയതെന്നും അതിനാല്‍ സൈബര്‍ഭീകരവാദ വകുപ്പ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റ വാദം. പ്രതികളുടെ ജാമ്യാപേക്ഷ 16ന് വീണ്ടും പരിഗണിക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...