പന്തീരാങ്കാവ് കേസുമായി ബന്ധം; മൂന്നുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

ties-with-uapa-case-three-w
SHARE

കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മൂന്നുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ ബിജിത്ത്, എല്‍ദോ വില്‍സണ്‍, കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരെയാണ് എന്‍.ഐ.എ കൊച്ചി സംഘം പിടികൂടിയത്. വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ മലപ്പുറത്തെ വീട്ടിലെ പൊലീസ് പരിശോധനയിലും നിരവധി രേഖകള്‍ കണ്ടെടുത്തു.    

യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരുടെ മൊഴിയിലാണ് മൂന്നുപേരുമായുള്ള ബന്ധം എന്‍.ഐ.എയ്ക്ക് വ്യക്തമായത്. വ്യത്യസ്ത ഇടങ്ങളില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തി. വിവിധയിടങ്ങളിലേക്ക് നിരവധി തവണ യാത്ര ചെയ്തു. തുടങ്ങിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുവയല്‍ പരിയങ്ങാട്ടെ വാടക വീട്ടില്‍ എന്‍.ഐ.എ സംഘം പരിശോധിച്ചത്. ലഘുലേഖകള്‍, മൊബൈല്‍ ഫോണുകള്‍, പെന്‍ ഡ്രൈവ് തുടങ്ങിയവ കണ്ടെടുത്തു. ലോക്ഡൗണ്‍ കാലയളവിലും ബിജിത്തും, എല്‍ദോ വില്‍സണും നിരവധി സുഹൃത്തുക്കള്‍ക്കൊപ്പം പെരുവയലില്‍ താമസിച്ചിരുന്നതായും വിവരം ലഭിച്ചു. ഇരുവര്‍ക്കുമൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിയായ യുവാവിനെക്കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകും. 

ഒന്നരവര്‍ഷം മുന്‍പാണ് മൂന്നുപേരും പെരുവയലിലെത്തിയത്. വിവിധയിടങ്ങളിലായി ട്യൂഷന്‍ സെന്റര്‍ നടത്തുകയായിരുന്നു. ഇരിങ്ങാടന്‍പള്ളിയിലെ വീട്ടില്‍ നിന്നാണ് അഭിലാഷിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. പെരുവയലിലെ യുവാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. അഭിലാഷിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്് തുടങ്ങിയവും കസ്റ്റഡിയിലെടുത്തു. മൂന്നുപേരെയും കൊച്ചിയിലെത്തിച്ച് എന്‍.ഐ.എ വിശദമായി ചോദ്യം ചെയ്യും. ചില കാര്യങ്ങളില്‍ സംശയമുണ്ടെന്നും വിശദമായ ചോദ്യം ചെയ്യലിന്റെ ആവശ്യമുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി. 

വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ വീട്ടിലും പൊലീസ് പരിശോധിച്ചു. ജലീലിന്റെ പാണ്ടിക്കാട്ടെ കുടുംബവീട്ടിലും സഹോദരന്റെ വീട്ടിലുമാണ് പാണ്ടിക്കാട്, വണ്ടൂര്‍ സി.ഐമാരുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. പുറത്തുനിന്നുള്ളവര്‍ വീട്ടില്‍ തങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്‍പത് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, ഇ–റീഡര്‍ ഹാര്‍ഡ് ഡിസ്ത്, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...