‘പാലോട് ടീമിനോടു കളിക്കാൻ നീ ആയിട്ടില്ലടാ..’ ആക്രോശിച്ച് ഷുഹൈബിനെ തുടരെ വെട്ടി

suhaib-eye-witnes
SHARE

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം നടന്ന മൂന്നുദിവസം പിന്നിടുമ്പോഴും പൊലീസ് അറസ്റ്റിലേക്ക് കടക്കാത്തതിനെതിരെ പ്രതിഷേധം. സാക്ഷികളുടെ വെളിപ്പെടുത്തലിലടക്കം വ്യക്തമായ സൂചനകളുണ്ടെങ്കിലും അറസ്റ്റ് വൈകുകയാണ്. ഇതിനിടെയാണ് ഷുഹൈബിനൊപ്പം മരണസമയത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷിയുടെ ഈ വാക്കുകള്‍.  

നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിയത്. ഇന്റർനെറ്റ് കോളിലൂടെ ഷുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികിൽസയിൽ കഴിയുന്ന ഷുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് മനോരമ ന്യൂസിനോട് പറഞ്ഞു.

വെട്ടുന്നതിനിടെ പാലോട് ടീമിനോട് കളിക്കാന്‍ നീ ആയിട്ടില്ലെടാ എന്ന മുന്നറിയിപ്പും അക്രമികള്‍ നല്‍കുന്നുണ്ടായിരുന്നുവെന്നും കൈക്ക് സാരമായി വെട്ടേറ്റ നൗഷാദ് വെളിപ്പെടുത്തുന്നു.  

ശുഹൈബും സുഹൃത്തുക്കളും തട്ടുകടയിൽനിന്ന് ചായ കുടിക്കുമ്പോഴാണ് ഫോർ റജിസ്ട്രേഷൻ കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ട് ഷുഹൈബിന്റെ കാലിൽ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേർ ചേർന്ന് നിരവധിതവണ വെട്ടി.

വെട്ടിവീഴ്ത്തിയശേഷം ഒരാൾ ഇരുന്ന് വെട്ടി, രണ്ടാമൻ കുനിഞ്ഞ് നിന്ന് വെട്ടി, തടഞ്ഞപ്പോൾ കൈയ്ക്ക് വെട്ടി, ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരയ്ക്ക് മുകളിലേക്ക് വെട്ടിയില്ല. പാലോട് ടീമിനോടു കളിക്കാൻ നീ ആയിട്ടില്ലടാ, നിന്നെ തീർക്കും എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു വെട്ടിയതെന്നു നൗഷാദ് പറഞ്ഞു.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞത്. 

പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ജയിലിൽ വെച്ച് ഷുഹൈബിനെ അപായപ്പടുത്താനുള്ള സിപിഎം പദ്ധതി ജയിൽ ഡിജിപി ഇടപെട്ടാണ് ഒഴിവാക്കിയത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് അന്വേഷണം വൈകിപ്പിച്ച്‌ ഒത്താശ ചെയ്തെന്നും സുധാകരൻ ആരോപിച്ചു. 

കണ്ണൂരിലെ പോലീസിനെകൊണ്ട് കേസ് തെളിയിക്കാനാകുമെന്ന വിശ്വാസമില്ലെന്ന് പറഞ്ഞാണ് കെ.സുധാകരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.  

ആക്രമണം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൊലീസ് വാഹനപരിശോധന ആരംഭിച്ചത്. സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ഷുഹൈബിനെയും സുഹൃത്തുക്കളെയും സ്പെഷൽ ജയിലേക്ക് മാറ്റി സിപിഎം പ്രതികളെക്കൊണ്ട് അപായപ്പെടുത്താനും ശ്രമം നടന്നു.  സ്പെഷ്യൽ ജയിൽവെച്ച് സി പി എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് ഷുഹൈബിനൊപ്പം റിമാൻഡിൽ കഴിഞ്ഞ ഫർസിൻ പറഞ്ഞു. 

ജില്ലാ പൊലീസ് മേധാവിയെ മാറ്റാൻ സർക്കാർ ശ്രമം നടത്തുന്നതായും കോൺഗ്രസ് ആരോപിച്ചു. 

MORE IN LOCAL CORRESPONDENT
SHOW MORE