എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

atm-robbery
SHARE

കോഴിക്കോട്ടെ വിവിധ ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് സ്കിമ്മര്‍ ഉപയോഗിച്ച് പണം തട്ടിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍ സഫ്്വാന്‍, അബ്ബാസ്, കൊച്ചി സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായും സംശയമുണ്ട്. 

പിടികൂടിയ മൂന്നു പ്രതികളില്‍ അബ്ദുല്‍ റഹ്മാന്‍ സഫ്്വാന് വെറും 18 വയസ് മാത്രമാണ് പ്രായം. ഏഴാം ക്ലാസ് വിദ്യാഭ്യാസം. അബ്ബാസിന് ഇരുപത്തിയാറ്. നാലാം ക്ലാസുകാരന്‍. 46 കാരനായ ഷാജഹാനാണ് തട്ടിപ്പിന്‍റെ ബുദ്ധി കേന്ദ്രം. ഇയാളാണ് സഫ്്വാനും അബ്ബാസിനും എടിഎം മോഷണത്തിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. കാസര്‍കോടില്‍ നിന്ന് പിടിയിലായ ഇവരെ കോഴിക്കോട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ എടിഎമ്മുകളില്‍ നിന്നാണ് പണം തട്ടിയത്. സ്കിമ്മര്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. പണം പിന്‍വലിച്ച കോയന്പത്തൂരിലെ എടിഎമ്മില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആയിരുന്നു അറസ്റ്റ്. കാസര്‍കോട് സ്വദേശികളായ റമീസ്, ജുനൈദ്, മുഹമ്മദ് ബിലാല്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. 

ആറ് കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. 1, 41, 900 രൂപയാണ് നഷ്ടപ്പെട്ടത്. പഴയ എടിഎമ്മുകളാണ് ഇവര്‍ തട്ടിപ്പിന് തിര‍ഞ്ഞെടുത്തത്. പുതിയവയില്‍ ആന്‍റി സ്കിമ്മര്‍ സംവിധാനം ഉള്ളതിനാലാണ് ഇത്. കൂടുതല്‍ ഇടങ്ങളില്‍ ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. അതിനാല്‍ തന്നെ ഇരു ബാങ്കുകളുടെയും ഉപഭോക്താക്കള്‍ എത്രയും വേഗം എടിഎം പിന്‍ നന്പര്‍ മാറ്റണമെന്ന് അന്വേഷണ സംഘം നിര്‍ദേശം നല്‍കി. 

MORE IN LOCAL CORRESPONDENT
SHOW MORE