തമിഴ്നാട്ടുകാരായ സായുധ കവർച്ചാസംഘം പെരുമ്പാവൂരില്‍ പിടിയിലായി

Thumb Image
SHARE

തമിഴ്നാട്ടുകാരായ സായുധ കവർച്ചാസംഘം പെരുമ്പാവൂരില്‍ പിടിയിലായി. വീട് കുത്തിത്തുറക്കാനുള്ള ആയുധങ്ങളും നാണയത്തുട്ടുകള്‍ അടങ്ങിയ വലിയ സഞ്ചിയും ഇവരിൽ നിന്ന് കണ്ടെടുത്തു. പെരുമ്പാവൂർ ഓടക്കാലിയിൽ ഉച്ചയോടെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. 

ഓടക്കാലി ജംക്ഷന് സമീപം ബൈക്കിലെത്തിയ രണ്ടുപേരുടെ പക്കൽനിന്ന് നാണയങ്ങള്‍ അടങ്ങിയ വലിയ സഞ്ചി താഴെ വീഴുകയായിരുന്നു. സഹായിക്കാനെത്തിയ നാട്ടുകാരോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറഞ്ഞത്. നാട്ടുകാർക്ക് സംശയം തോന്നിയതോടെ, നാണയസഞ്ചി ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ബൈക്കിന്റെ താക്കോൽ നാട്ടുകാർ ഊരിയെടുത്തതോടെ ഒരാൾ ഓടിരക്ഷപ്പെട്ടു. മറ്റേ ആളെ തടഞ്ഞുനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ മോഷ്ടാക്കളാണെന്ന വിവരം അറിയുന്നത്. രക്ഷപ്പെട്ട ആളെ പിടികൂടാൻ ഉടൻ തന്നെ നാട്ടുകാരുടെ സംഘം പലവഴിക്കു തിരിച്ചു. അധികം വൈകാതെ ഇയാളെയും പിടികൂടി. ബൈക്ക് പരിശോധിച്ചപ്പോൾ വലിയ കത്തികൾ അടക്കം മാരകായുധങ്ങളും കണ്ടെത്തി. ഇതോടെ നാട്ടുകാർ വിവരം അറിയിച്ച് പെരുമ്പാവൂർ കുറുപ്പംപടി പൊലീസെത്തി. ആയുധങ്ങള്‍ വീട് കുത്തിത്തുറക്കാനുള്ളതാണെന്ന് പിടിയിലായവർ സമ്മതിച്ചു. കേരളത്തിനകത്തും പുറത്തും ഒട്ടേറെ കവർച്ച നടത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അങ്കമാലി, കാലടി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകൾക്കു കീഴിൽ നടന്ന ഏതാനും കവർച്ചകൾക്കു പിന്നിലും ഇവരാണെന്ന് വ്യക്തമായി. യേശുദാസ്, ശ്യാം സുന്ദർ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ അങ്കമാലിയിൽ കൊണ്ടുപോയി തെളിവെടുത്തു. മോഷണ മുതലുകളും വടിവാളും ഇരുമ്പുദണ്ഡും ഉൾപ്പെടെയുള്ള മാരകായുധങ്ങളും കണ്ടെടുത്തു. വലിയ കവർച്ചകൾക്ക് ഇവർ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. കൊച്ചി നഗരത്തിലും ആലുവ അടക്കം പ്രദേശങ്ങളിലും വലിയ കവർച്ചകള്‍ അടിക്കടി നടക്കുന്ന സാഹചര്യത്തില്‍, ഇവരെ വിശദമായി ചോദ്യംചെയ്ത് വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

MORE IN LOCAL CORRESPONDENT
SHOW MORE